Breaking News
Home / Lifestyle / പണ്ട് ഒന്നുമില്ലാതെ ഡൽഹിയിൽ; ഇന്ന് എഴുപതിലേറെ ബസ്സുകളുള്ള ട്രാവൽസ്

പണ്ട് ഒന്നുമില്ലാതെ ഡൽഹിയിൽ; ഇന്ന് എഴുപതിലേറെ ബസ്സുകളുള്ള ട്രാവൽസ്

ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ട്രാവൽസ് ആണ് ‘പണിക്കേഴ്‌സ് ട്രാവൽസ്.’ മലയാളിയായ ഇ.ആർ.സി. പണിക്കർ എന്നു വിളിപ്പേരുള്ള രാമചന്ദ്രപ്പണിക്കരാണ് ഇതിന്റെ ഉടമ. സ്വപ്നങ്ങളെ യാഥാർഥ്യമാക്കാൻ കഠിനാധ്വാനത്തിന്റെ കുപ്പായം അണിഞ്ഞതാണ് ഇ.ആർ.സി. പണിക്കരുടെ ജീവിതവിജയം.

എപ്പോഴും എന്തെങ്കിലും ജോലിചെയ്തുകൊണ്ടിരിക്കണമെന്ന ബാല്യകാലത്തെ മനസ്സ് ജീവിതത്തിലുടനീളം അദ്ദേഹം കൂടെ കൊണ്ടു നടന്നപ്പോൾ വിജയം ഒപ്പംചേർന്നു. ഒട്ടേറെ കഷ്ടതകൾ സഹിച്ചാണ് അദ്ദേഹം ഈ നിലയിൽ എത്തിച്ചേർന്നത്. ഇല്ലായ്മയിൽ നിന്നും കഷ്ടപ്പാടുകൾ സഹിച്ചും പണിക്കേഴ്‌സ് ട്രാവൽസ് ഇന്നീ നിലയിലെത്തിയതിനു പിന്നിൽ വലിയൊരു കഥയുണ്ട്. ആ കഥ വായിക്കാം..

നാലു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. മൂന്നു സഹോദരന്മാരുണ്ട്. വീട്ടിൽ വളരെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ആദ്യം അദ്ദേഹം തിരുനെൽവേലിയിൽ ഒരു ഡോക്ടറുടെ വീട്ടിൽ ജോലിക്കു നിന്നു. അന്ന് അദ്ദേഹത്തിന് പന്ത്രണ്ട് വയസ്സേയുള്ളൂ. അമ്പലപ്പുഴക്കാരനായ ഒരാൾക്ക് അവിടെ ഒരു തയ്യൽക്കടയുണ്ടായിരുന്നു. അവിടെ തയ്യൽ പഠിക്കുവാനായി ചേർന്നു. ആറു വർഷത്തോളം അവിടെ ചെലവഴിച്ചു.

പ്രത്യേകിച്ച് വേറെ ഒരു വരുമാനവുമില്ല. തയ്യലിൽ രക്ഷയില്ലെന്ന് കണ്ടപ്പോൾ പണിക്കർ പാളയംകോട്ട് ഇന്ത്യൻ കോഫീ ഹൗസിൽ താൽക്കാലിക ജീവനക്കാരനായി ചേർന്നു. ആ സമയത്ത് ഇൻഡോറിൽ ഒരു കോഫി ഹൌസ് തുറക്കുന്നുണ്ടെന്നു കേട്ടിട്ട് അവിടേക്ക് പോയി. അന്ന് കോഫി ബോർഡിന്റെ കീഴിലായിരുന്നു കോഫി ഹൌസ്.

അവിടെ ജീവനക്കാരനായിട്ടു രണ്ടു വർഷത്തോളം ആയെങ്കിലും പണിക്കരെ സ്ഥിരപ്പെടുത്തിയില്ല. അതിനിടെ ഡൽഹിയിലുള്ള ഒന്നു രണ്ടുപേരെ പരിചയപ്പെടുകയുണ്ടായി. അവർ പറഞ്ഞത് പ്രകാരം അദ്ദേഹം ഡൽഹിയിൽ ഇന്ത്യൻ കോഫി ഹൗസിൽ സ്റ്റാഫ് ആയി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷമായിരുന്നു അത്. അവിടെ അന്നപൂർണ്ണ കഫറ്റേരിയ എന്ന ഹോട്ടൽ ചെയിൻ ആരംഭിച്ചപ്പോൾ പണിക്കരും അതിൽ ചേർന്നു. അവിടെയും രണ്ടു കൊല്ലത്തോളം പണിയെടുത്തു. അതിനിടെ ഷിംലയിൽ അവർ ശാഖ തുറന്നപ്പോൾ അങ്ങോട്ട് അയച്ചു.

അവിടെ നല്ല ശമ്പളം ഉണ്ടായിരുന്നെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ ഡൽഹിയിലേക്ക് തിരികെ അയയ്ക്കുന്ന ഉണ്ടായത്. പക്ഷെ ഡൽഹിയിൽ എത്തിയപ്പോൾ അവിടെ ജോലിയുമില്ല. അതൊരു വല്ലാത്ത ഘട്ടമായിരുന്നു. മനസ്സു വിഷമിച്ച രാമചന്ദ്രപ്പണിക്കർ നേരെ ഹരിദ്വാറിലേക്ക് പോയി. അവിടെ ജോലി കിട്ടിയാൽ ചെയ്യാം അല്ലെങ്കിൽ തപസ്സിരിക്കാം എന്നാണു വിചാരിച്ചത്. അങ്ങനെ അദ്ദേഹത്തിന് അവിടെ ഒരു അങ്ങാടി മരുന്ന് കടയിൽ ജോലി ലഭിച്ചു. അങ്ങനെ ഒന്നൊന്നര മാസം കഴിഞ്ഞപ്പോൾ ഡൽഹിയിൽ നിന്നും ഒരു ടെലഗ്രാം – ലക്‌നൗവിൽ ചെല്ലണം. അന്നപൂർണ ശാഖ അവിടെ തുടങ്ങുന്നു.

അങ്ങനെയിരിക്കെ നാട്ടിലെത്തി ചേർത്തലയിൽ നിന്നും വിവാഹവും കഴിച്ചു. പക്ഷെ വിവാഹം കഴിഞ്ഞു തിരികെ ചെല്ലാൻ വൈകിയതോടെ ആ ജോലിയും പോയി. അന്ന് കയ്യിലുണ്ടായിരുന്ന കുറച്ചു പൈസയും സുഹൃത്തുക്കൾ തന്ന പണവും ചേർത്ത് ഡൽഹി റെയിൽവേ സ്റ്റേഷന്റെ എതിർവശത്ത് ഒരു ഹോട്ടൽ തുടങ്ങി. പക്ഷെ ദൗർഭാഗ്യവശാൽ കടം കയറി അതു പൂട്ടി. ആ സമയത്താണ് എകെജിയും സുഭദ്ര ജോഷിയും ചേർന്ന് തൊഴിലാളികളുടെ കോഫി ഹൌസ് ഇന്ത്യയൊട്ടാകെ ആരംഭിച്ചത്.

എകെജിയുമായി നല്ല അടുപ്പമുണ്ടായിരുന്നതിനാൽ പണിക്കർ വീണ്ടും കോഫി ഹൗസിൽ വന്നു. എനിക്ക് പണിക്കർക്ക് അവിടെ ശമ്പളമില്ല. ഭക്ഷണം കഴിക്കാൻ വരുന്നവർ നൽകുന്ന ടിപ്പ് മാത്രമാണ് ആശ്രയം. ആ സമയത്ത് ഭാഗ്യവശാൽ ഇന്ത്യൻ എയർലൈൻസിൽ ഹെൽപ്പറായി ജോലി കിട്ടി. അതോടെയായിരുന്നു രാമചന്ദ്രപ്പണിക്കർക്ക് നല്ലകാലം തുടങ്ങിയത്.

എയർലൈൻസിൽ ജോലി കഴിഞ്ഞാലുടൻ അടുത്ത ബസ്സിൽ കയറി പണിക്കർ കോഫി ഹൗസിൽ എത്തുമായിരുന്നു. എന്നിട്ട് യൂണിഫോമിട്ട് സപ്ലയറായി മാറും. അങ്ങനെയിരിക്കെ 1967 ൽ കേരള ഗവണ്മെന്റ് കേരളം സംസ്ഥാന ഭാഗ്യക്കുറി ആരംഭിച്ചപ്പോൾ അന്ന് കേരള ഹൗസിൽ താമസിച്ചിരുന്ന ലോട്ടറി ഓഫീസർ പണിക്കരെക്കുറിച്ചു കേട്ടിട്ട് വിളിച്ചു ഒരു ഏജൻസി തരപ്പെടുത്തി കൊടുത്തു. അക്കാലത്ത് ഡൽഹിയിൽ ഏറ്റവും കൂടുതൽ ലോട്ടറി ടിക്കറ്റ് വിട്ടത് പണിക്കരുടെ ഏജൻസി ആയിരുന്നു. കോഫി ഹൗസിനു സമീപം ഒരു മേശയിടാൻ വലിപ്പമുള്ള ഒരു സ്റ്റാൾ ഡൽഹി മുനിസിപ്പാലിറ്റി അദ്ദേഹത്തിന് അനുവദിച്ചു കൊടുത്തു.

ആയിടെ താജ് എക്സ്പ്രസ്സ് എന്നൊരു ബസ് സർവ്വീസ് അവിടെ ആരംഭിച്ചു. രാവിലെ ഏഴു മണിക്ക് ആഗ്രയിലേക്ക് പോകും. രാത്രി പത്തിന് തിരിച്ചു വരും. പക്ഷെ അതിൽ ടിക്കറ്റ് കിട്ടാൻ വലിയ പാടായിരുന്നു. എപ്പോൾ നോക്കിയാലും തിരക്കായിരുന്നു ആ ബസ്സിൽ. താജിനെക്കുറിച്ചു കേട്ടപ്പോൾ കാണാൻ പണിക്കർക്കും ഒരാശ തോന്നി. അദ്ദേഹം അദ്ദേഹത്തിന്റെ പരിചയക്കാരെ മുഴുവൻ വിളിച്ച് 15 രൂപ വച്ചു വാങ്ങി അമ്പതു സീറ്റുള്ള ഒരു ടൂറിസ്റ്റ് ബസ് ബുക്ക് ചെയ്തു ആഗ്രയിലേക്ക് പോയി.

അടുത്ത ദിവസം രാവിലെ കേരള സംസ്ഥാന ഭാഗ്യക്കുറി വിജയികളുടെ പേരെഴുതാനുള്ള ബ്ളാക്ക് ബോർഡിൽ പണിക്കർ ഇങ്ങനെ എഴുതി – ‘അടുത്ത വെള്ളിയാഴ്ച ആഗ്രയിലേക്കും താജ് മഹലിലേക്കും ബസ് പുറപ്പെടുന്നു. ടിക്കറ്റ് ഇവിടെ ബുക്ക് ചെയ്യാം. ഒരു സീറ്റിനു 15 രൂപ.’

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു വണ്ടി ഫുള്ളായി. അപ്പോൾ രണ്ടാമത്തെ വണ്ടി പിടിച്ചു. അതും ഫുൾ. പിന്നെ എടുത്ത മൂന്നാമത്തെ ബസ്സും ഫുള്ളായി. ആദ്യമാദ്യം വെള്ളിയാഴ്ചകളിൽ മാത്രമായിരുന്നു ബുക്കിംഗ്. പിന്നീട് അത് എല്ലാദിവസവും തുടങ്ങി. ഇതോടെ പണിക്കർക്ക് നല്ല വരുമാനവും ലഭിച്ചു തുടങ്ങി. അതോടെ അദ്ദേഹം എയർ ഇന്ത്യയിലെ ജോലി ഉപേക്ഷിക്കുകയും ചെയ്തു.

അടിയന്തരാവസ്ഥക്കാലത്ത് റോഡ് വികസനം എന്നപേരിൽ ആദ്യമിടിച്ചു തകർത്ത കെട്ടിടങ്ങളിലൊന്ന് കോഫി ഹൌസ് ആയിരുന്നു. അക്കൂട്ടത്തിൽ പണിക്കരുടെ സ്റ്റാളും പൊളിച്ചു കളഞ്ഞിരുന്നു. അതോടെ രാമചന്ദ്രപ്പണിക്കർ കരോൾബാഗിലേക്ക് മാറി.അവിടെ ഒരു ഓഫീസ് തുറക്കുകയും ചെയ്തു. അങ്ങനെയാണ് രാമചന്ദ്രപ്പണിക്കർ സ്വന്തമായി ആദ്യത്തെ ബസ് വാങ്ങുന്നത്. ഡൽഹിയിൽ ഏഷ്യാഡ്‌ വന്നതു കൊണ്ടായിരുന്നു പണിക്കർക്ക് ബസ് വാങ്ങുവാൻ പണം ലഭിച്ചത്. അതോടെ ബസ്സിന്‌ ഒരുപാട് സ്ഥലങ്ങളിലേക്ക് ബുക്കിംഗ് ലഭിച്ചിരുന്നു. ലാഭം കിട്ടിയ തുക കൊണ്ട് പിന്നീട് ബസ്സുകൾ കൂടുതലായി വാങ്ങുകയും ഹരിദ്വാർ, ഋഷികേശ് തുടങ്ങി പല സ്ഥലങ്ങളിലേക്ക് ട്രിപ്പുകൾ ആരംഭിക്കുകയും ചെയ്തു.

ഏഷ്യൻ ഗെയിംസാണ് പണിക്കേഴ്സ് ട്രാവൽസിന്റ വളർച്ച ത്വരിതപ്പെടുത്തിയത്. എന്നാൽ, ആ വളർച്ച ഒരുപരിധിവരെ പാരയായി. ആദായ നികുതി വകുപ്പിന്റെ റെയ്ഡിലാണ് അതു കലാശിച്ചത്. പെട്ടെന്ന് ഒത്തിരി ബസുകൾ വാങ്ങിയതാണ് ആദായ നികുതി വകുപ്പിന്റെ സംശയത്തിനിടയാക്കിയത്. ഏഷ്യൻ ഗെയിംസു കാലത്തെ വരുമാനമാനമാണിതെന്ന് ധരിപ്പിക്കാനും കഴിഞ്ഞില്ല. റെയ്ഡിനുശേഷം പത്തുവർഷം നിയമയുദ്ധം നടത്തിയാണ് പണിക്കർ തന്റെ നിരപരാധിത്വം തെളിയിച്ചത്.

1992 ൽ ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും ‘പണിക്കേഴ്‌സ് ട്രാവൽസ്’ എന്ന പേരിൽ ഓഫീസുകൾ ആരംഭിച്ചു. 2015 ജൂലൈയിൽ ഇ.ആര്‍.സി പണിക്കര്‍ എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്ന രാമചന്ദ്രപ്പണിക്കർ അന്തരിച്ചു. ട്രാവൽസ് ആധുനികമാക്കിയതും ഇന്ന് അതിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും രാമചന്ദ്രപണിക്കരുടെ മകൻ ബാബുവാണ്. ഇന്ന് പണിക്കേഴ്‌സ് ട്രാവൽസിനു എഴുപതിലേറെ ബസ്സുകൾ സ്വന്തമായുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കു ജീവിതമാര്‍ഗം കൂടിയാണു പണിക്കേഴ്‌സിന്റെ സഞ്ചാര വ്യവസായവും അനുബന്ധ സംരഭങ്ങളും. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കെല്ലാം പണിക്കേഴ്‌സിന് എന്നും ഒരു ട്രിപ്പെങ്കിലുമുണ്ടാകും.

ആർകെ പുരത്തെ മലായ് മന്ദിർ, അയ്യപ്പക്ഷേത്രം എന്നിവടങ്ങളിലേക്ക് കരോൾ ബാഗിൽനിന്നു വെള്ളി, ശനി ദിവസങ്ങളിൽ സൗജന്യ ബസ് സർവീസ് പണിക്കേഴ്സ് ട്രാവൽസ് നടത്തുന്നുണ്ട്. പണിക്കരുടെ കാലത്തു തുടങ്ങിയ സേവനമാണിത്. ഇപ്പോൾ രാജ്യത്തിന്റെ ഏതാണ്ട് എല്ലാഭാഗത്തുനിന്നും വിനോദ സഞ്ചാരികൾക്കു യാത്രാസൗകര്യം ഒരുക്കുന്ന ഗ്രൂപ്പ് ഡൽഹിയിൽനിന്നു 15 മേഖലകളിലേക്കു പാക്കേജ് ടൂറുകൾ നടത്തുന്നു. പഞ്ചാബ്, യുപി, ഹരിയാന, രാജസ്‌ഥാൻ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ജമ്മു കശ്‌മീർ എന്നീ സംസ്‌ഥാനങ്ങളിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു ഡൽഹിയിൽനിന്നു പണിക്കേഴ്‌സിന്റെ ബസുണ്ട്. ഇപ്പോൾ അത്യാധുനിക സൗകര്യങ്ങളോടെയുള്ള വോൾവോ ബസുകൾവരെ പണിക്കേഴ്‌സിനുണ്ട്.

കടപ്പാട് – 2008 ൽ മനോരമ ആഴ്ചപ്പതിപ്പിൽ വന്ന ലേഖനം.

About Intensive Promo

Leave a Reply

Your email address will not be published.