Breaking News
Home / Lifestyle / ബാർസിലോന എഫ്സിയുടെ ഫുട്ബോൾ അക്കാദമിയിലേക്ക് ഗോളടിച്ചു കയറി സിദ്ധാർഥ്

ബാർസിലോന എഫ്സിയുടെ ഫുട്ബോൾ അക്കാദമിയിലേക്ക് ഗോളടിച്ചു കയറി സിദ്ധാർഥ്

ബെംഗളൂരുവിൽ, രാജ്യന്തര നിലവാരമുള്ള ക്ലബ്ബിന്റെ മൈതാനത്ത്, ചുവപ്പും നീലയും വരയുള്ള പത്താം നമ്പർ ജഴ്സി അ‍ണിഞ്ഞു കാത്തുനിൽക്കുകയാണ് അഞ്ചു വയസ്സുള്ള സിദ്ധാർഥ്. ജലോപരിതലത്തിൽ പൊങ്ങിവരുന്ന ഇരയെ തേടി ആകാശത്തു വട്ടമിട്ടു പറക്കുന്ന പരുന്തിനെ പോലെയാണ് അവന്റ നോട്ടം. കോരിയെടുക്കാൻ എന്നപോലെ കാലുകൾ ത്രസിക്കുന്നുണ്ട്. ഇര ഇവിടെയൊരു പന്താണ്.

സ്പെയിനിലെ ബാർസിലോന ക്ലബ് ബെംഗളൂരുവിൽ ആരംഭിച്ച ഫുട്ബോൾ അക്കാദമിയിലേക്കുള്ള ‘പ്രവേശന പരീക്ഷ’ ആണത്. വിദേശങ്ങളിൽ നിന്നെത്തിയത് ഉൾപ്പെടെ ഒട്ടേറെ കളിക്കാർ. 5 മുതൽ 17 വയസ്സ് വരെയുള്ളവരെ പല ഗ്രൂപ്പുകളായി തിരിച്ചാണു സെലക്ഷൻ. കളിക്കാരുടെ കാലും പന്തും തമ്മിലുള്ള പ്രണയം നിരീക്ഷിച്ചു ബാർസിലോന അക്കാദമിയിലെ പരിശീലകരും വിദഗ്ധരുമുണ്ട്.

വിസിൽ, ഒപ്പം ഗോളും

വിസിൽ മുഴങ്ങി. ഉരുണ്ടു തുടങ്ങിയ പന്തിനടുത്തേക്കു കൊല്ലത്തുകാരൻ സിദ്ധാർഥ് പാഞ്ഞെത്തി. പന്തു റാഞ്ചിയെടുത്തു നേരെ ഗോൾ മുഖത്തേക്ക്. തടയാൻ ഗോളി കൈവിരിച്ചപ്പോഴേക്കും പന്തു വല കുലുക്കി. പിന്നെ സിദ്ധാർഥും ഗോളിയും തമ്മിലായിരുന്നു മൽസരം; ഒരുതരം പെനൽറ്റി ഷൂട്ട് ഔട്ട്. മറ്റു കളിക്കാർ പന്തുകിട്ടാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടി.

സിദ്ധാർഥിന്റെ കാലിൽനിന്നു 10 ഗോളുകൾ. പയ്യനെ ഇങ്ങനെ വിടാൻ പറ്റില്ലെന്നു ബാർസിലോന അക്കാദമിയുടെ നിരീക്ഷകർക്കു തോന്നി. ഗോൾവല കാക്കാൻ ഒരു ഗോളിയെക്കൂടി ഇറക്കി. വലയ്ക്കു താഴെ രണ്ടു ഗോളികൾ. പന്തടിക്കാൻ സിദ്ധാർഥും. രണ്ടുപേരെയും കബളിപ്പിച്ചു രണ്ടു ഗോളുകൾകൂടി നേടി. 15 മിനിറ്റ് ആയിരുന്നു കളി. ആകെ 12 ഗോളുകൾ. ഒരു കളിയിൽ നാലു ഹാട്രിക്. എല്ലാം സിദ്ധാർഥിന്റെ കാലിൽനിന്ന്. ടീം അപ്രസക്തമായി.

മൽസരം കഴിഞ്ഞപ്പോൾ അക്കാദമിയിലേക്കു പ്രവേശനം ലഭിക്കുമോ എന്നു പിതാവ് സുനിൽകുമാർ ചോദിച്ചു. പ്രവേശനം മാത്രമല്ല; സ്കോളർഷിപ്പു കൂടി പരിഗണിക്കുന്നുണ്ടെന്നായിരുന്നു മറുപടി. അതും വെറും വാക്കായില്ല. അക്കാദമിയിലേക്ക് സ്കോളർഷിപ്പോടെ പഠനത്തിനു തിരഞ്ഞെടുത്തു. 36 ആഴ്ച നീളുന്ന പരീശീലനം പൂർണമായും സൗജന്യം.

ബ്രസീൽ പരിശീലകന്റെ തൊപ്പി

കൊച്ചിയിൽ അണ്ടർ–17 ലോക കപ്പ് ഫുട്ബോൾ മേളയ്ക്കെത്തിയ ബ്രസീൽ ടീമിന്റെ പരിശീലനം കാണാനാണ് മാതാപിതാക്കളോടൊപ്പം സിദ്ധാർഥ് എത്തിയത്. കളിക്കളത്തിന്റെ സുരക്ഷാച്ചുമതല ഉണ്ടായിരുന്നതു മുൻ ഫുട്ബോൾ താരമായ പൊലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ അനുമതിയോടെ സിദ്ധാർഥ് കളിക്കളത്തിലിറങ്ങി.

അൽപം കഴിഞ്ഞപ്പോൾ കാണുന്നതു ബ്രസീലിയൻ താരങ്ങൾക്കൊപ്പം പന്തുതട്ടുന്ന കുഞ്ഞിനെയാണ്. ശ്വാസത്തിൽ പോലും കാൽപ്പന്തുകളി കലർത്തുന്ന ബ്രസീൽ താരങ്ങൾക്കു മുന്നിൽ ഒട്ടും പതറാതെയായിരുന്നു പ്രകടനം. ഇതു കണ്ടുകൊണ്ടിരുന്ന ബ്രസീൽ ടീമിന്റെ പരിശീലകൻ അദ്ദേഹത്തിന്റെ തലയിൽ ഇരുന്ന തൊപ്പി എടുത്തു സിദ്ധാർഥിന്റെ തലയിൽവച്ചാണ് യാത്രയാക്കിയത്. അതൊരു കിരീടധാരണമായിരുന്നു.

മുട്ടിലിഴയുന്ന പ്രായത്തിൽ

കൊല്ലം കാവനാട് കുരീപ്പുഴ വയലിൽ വീട്ടിൽ സി.എം.സുനിൽകുമാറിന്റെയും വി.ഗായത്രിയുടെയും ഏക മകനാണു സിദ്ധാർഥ്. തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ യുകെജി വിദ്യാർഥി.

കാൽപ്പന്തു കളിയാണു സുനിൽ കുമാറിന്റെ ഹോബി. വെസ്റ്റ് കൊല്ലം സ്കൂൾ അങ്കണത്തിൽ വൈകിട്ടു കളിക്കാൻ പോകുമായിരുന്നു സുനിൽ കുമാർ. സിദ്ധാർഥിനെയും കൊണ്ടുപോകും…

അങ്ങനെ കളി കണ്ടാണ് അവൻ പിച്ചവയ്ക്കാൻ തുടങ്ങിയത്. ഒന്നര വയസ്സ് ആകുന്നതിനു മുൻപേ അവൻ പന്തു തട്ടിത്തുടങ്ങി. അവന്റെ കാലും പന്തും തമ്മിലുള്ള ബന്ധം പിതാവു തിരിച്ചറിഞ്ഞു. പന്ത് അല്ലാതെ ഇതുവരെ മറ്റൊരു കളിപ്പാട്ടവും സിദ്ധാർഥിനു വാങ്ങിയിട്ടില്ല.

രണ്ടു വയസ്സ് പിന്നിട്ടപ്പോൾ പരിശീലനക്കളരി കൊല്ലം പീരങ്കി മൈതാനത്തേക്കു മാറ്റി. കൊല്ലം സിറ്റി ഫുട്ബോൾ അക്കാദമിയിലെ എസ്.സനോഫർ പരിശീലകനായി മാറി. ഇപ്പോൾ പരിശീലകൻ മാത്രമല്ല. അവന്റ കളിക്കൂട്ടുകാരൻ കൂടിയാണു സനോഫർ.

ഞാൻ തന്നെ താരം

കളിപോലെ തന്നെ വർത്തമാനവും. ഇവ രണ്ടും അഞ്ചുവയസ്സുള്ള കുട്ടിയുടേതല്ല. ഫുട്ബോൾ മാന്ത്രികൾ മെസ്സിയുടെ ക്ലബ് ആയ ബാഴ്സിലോനയുടെ അക്കാദമിയിലാണു ചേർന്നത്. ഫുട്ബോളിൽ ഏതുകളിക്കാരനാണ് ഇഷ്ടതാരമെന്നു ചോദിച്ചാൽ അതു ‘ഞാൻ തന്നെ. മറ്റൊരാളില്ല’ എന്നു മറുപടി… അതെ, സിദ്ധാർഥ് താരമാണ്. മറ്റൊരാളുടെ പേരിനു പകരമാകുന്ന താരമല്ല. സ്വയം ഉയരുന്ന താരം.

About Intensive Promo

Leave a Reply

Your email address will not be published.