Breaking News
Home / Lifestyle / മഴ നനയാതിരിക്കാന്‍ കൃപേഷ് എന്നെ ഏല്‍പ്പിച്ച ഈ പാസ്പോര്‍ട്ട് ഞാന്‍ എന്ത് ചെയ്യണം

മഴ നനയാതിരിക്കാന്‍ കൃപേഷ് എന്നെ ഏല്‍പ്പിച്ച ഈ പാസ്പോര്‍ട്ട് ഞാന്‍ എന്ത് ചെയ്യണം

ജിതിയുടെ ഫേസ്ബുക്ക് പേജ് നിറയെ കിച്ചുവിനെക്കുറിച്ചുള്ള കുറിപ്പുകളും ചിത്രങ്ങളുമാണ്. കിച്ചു തനിക്കൊപ്പമില്ല എന്ന് വിശ്വസിക്കാൻ ജിതിയ്ക്കിപ്പോഴും സാധിക്കാത്തത് പോലെ. കാസർകോട് ജില്ലയിലെ കല്യോട്ട് ഗ്രാമത്തിൽ രാഷ്ട്രീയക്കാർ കൊന്നു തള്ളിയ കൃപേഷ്, ജിതിയ്ക്ക് കിച്ചുവാണ്. കുട്ടിക്കാലം മുതൽ കൂടെയുള്ള കളിക്കൂട്ടുകാരൻ.

കിച്ചുവിനെക്കുറിച്ചുള്ള ഓർമ്മകൾക്കൊപ്പം ഒന്നുകൂടി ജിതി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്ക് വച്ചിരുന്നു. കൃപേഷിന്റെ പാസ്പോർട്ടിന്‍റെ ചിത്രം. ഒപ്പം ഒരു കുറിപ്പും. ‘അവന്റെ പാസ്പോർട്ട്. വീട്ടിൽ വച്ചാൽ മഴയോ കാറ്റോ വന്നാൽ എല്ലാം പോകും എന്ന് പറഞ്ഞ് എന്റെ കയ്യിൽ തന്നതാ. ഇനി ആർക്ക് ഞാനിത് കൊടുക്കും?’ വായിച്ചവരുടെയെല്ലാം കണ്ണു നിറഞ്ഞ് കാഴ്ച മങ്ങിപ്പോയൊരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു അത്.

കാരണം കൃപേഷിന്‍റെ വീട് എല്ലാവരും കണ്ടതാണ്. ഓല മേഞ്ഞ, മഴ പെയ്താല്‍ ചോരാതിരിക്കാന്‍ കറുത്ത ടാര്‍പോളിന്‍ ഷീറ്റ് മേല്‍ക്കൂരയ്ക്ക് മുകളില്‍ വലിച്ചു കെട്ടിയ ഒരു വീട്. വീടെന്ന് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പറയാന്‍ ഓലകൊണ്ടുള്ള ഒരു ഭിത്തി പോലും അതിനുണ്ടായിരുന്നില്ല. കൊല്ലപ്പെടുന്ന അന്ന് രാവിലെ ഈ വീട്ടില്‍ നിന്നാണ് കൃപേഷ് ഇറങ്ങിപ്പോയത്. പിന്നീട്, ജീവനോടെ ഈ വീട്ടിലേക്ക് തിരികെ വരാന്‍ കൃപേഷിന് കഴിഞ്ഞില്ല. ‘സംഭവം നടക്കുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് എന്റെ തൊട്ടടുത്ത് നിന്നാ അവര് രണ്ടുപേരും ബൈക്കിൽ കയറി പോയത്. പിറ്റേന്ന് കാണാമെന്ന് പറ‍ഞ്ഞ്..’ -കഴിഞ്ഞ ഫെബ്രുവരി 14 നെ ജിതി ഓർത്തെടുക്കുന്നു.

രണ്ട് മാസം മുമ്പ് ബാംഗ്ലൂരിൽ ജോലി അന്വേഷിച്ചു പോകുന്ന സമയത്താണ് കൃപേഷ് പാസ്പോർട്ട് ജിതിയെ ഏൽപ്പിച്ചത്. വീട്ടിലിരുന്നാൽ മഴയോ കാറ്റോ വന്നാൽ നനഞ്ഞു പോകുമോ എന്ന് പേടിച്ചിട്ട് തന്നെ. വിദേശത്ത് ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു കൃപേഷ്. അതിന് വേണ്ടി പരിചയക്കാരോടും സുഹൃത്തുക്കളോടും പറയുകയും ചെയ്തിരുന്നു. നല്ലൊരു വീടുണ്ടാക്കാൻ, അച്ഛനെയും അമ്മയ‌െയും അനിയത്തിമാരെയും സംരക്ഷിക്കാൻ കൃപേഷ് കണ്ടെത്തിയ രക്ഷാമാർഗമായിരുന്നു ഈ പാസ്പോർ‌ട്ട്.

‘കല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം കാണണമെന്ന് കിച്ചുവിന് വലിയ ആഗ്രഹമായിരുന്നു. 717 വർഷങ്ങൾക്ക് ശേഷമാണ് ഈ അമ്പലത്തിൽ വരുന്ന ഡിസംബറിൽ പെരുങ്കളിയാട്ടം നടക്കുന്നത്. ആനയും ഉത്സവവും ഫുട്ബോളും ഒക്കെ വലിയ ഇഷ്ടമായിരുന്നു കിച്ചുവിന്. ഡിസംബർ കഴിഞ്ഞ് ജോലിയുടെ കാര്യം തീരുമാനമാക്കാൻ കാത്തിരിക്കുകയായിരുന്നു കിച്ചു. എല്ലാവർക്കും ഇഷ്ടമായിരുന്നു അവനെ. എല്ലാ ദിവസവും രാവിലെ കുട്ടികളെ വിളിച്ചു കൊണ്ട് ഫുട്ബോൾ കോച്ചിംഗിന് പോകും. അതുപോല ആനപ്രേമിയായിരുന്നു..’ ജിതി പറയുന്നു.

About Intensive Promo

Leave a Reply

Your email address will not be published.