Breaking News
Home / Lifestyle / അല്ലേലും ഈ കുട്ടികള്‍ ഉണ്ടായാല്‍ ഭയങ്കര എടങ്ങേറാടീ… അപ്പി കോരല്‍.. തിന്നാന്‍ കൊടുക്കല്‍

അല്ലേലും ഈ കുട്ടികള്‍ ഉണ്ടായാല്‍ ഭയങ്കര എടങ്ങേറാടീ… അപ്പി കോരല്‍.. തിന്നാന്‍ കൊടുക്കല്‍

അല്ലേലും ഈ കുട്ടികള്‍ ഉണ്ടായാല്‍ ഭയങ്കര എടങ്ങേറാടീ… അപ്പി കോരല്‍.. തിന്നാന്‍ കൊടുക്കല്‍
അവളും_ഞാനും_തമ്മിൽ ഞാൻ പെണ്ണ് ചോദിക്കാൻ വീട്ടിലേക്ക് ആളെ വിടട്ടെ “?ഉത്തരം എന്നത്തേയും പോലെ മൌനം തന്നെ ആയിരുന്നു.നല്ലൊരു തേപ്പിനുള്ള കുമ്മായം കൂട്ടിക്കൊണ്ടിരിക്കുന്ന അവളോടത്‌ ചോദിക്കുമ്പോൾ വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു എട്ട് വർഷത്തെ പ്രണയം.ശരിക്കും പ്രണയം എന്നൊന്നും പറയാൻ പറ്റില്ല
അവളുടെ ഭാഗത്തുനിന്നും ഇതുവരെ റൊമാന്റിക് ആയുള്ള സംസാരമൊന്നും ഉണ്ടായിട്ടില്ല ഞാൻ വല്ലാതെ പുറകേ നടന്ന് ശല്യം ചെയ്തപ്പോൾ ചെറിയൊരു മൗനസമ്മതം തന്നു.. അത്ര മാത്രം.

“ഡീ ദജ്ജാലേ… നിന്നോടാണ് ചോദിച്ചത്.. ഞാൻ പെണ്ണ് ചോദിക്കാൻ ആളെ വിടട്ടെ ന്ന്‌ ”ഇത്തവണ അല്പം ദേഷ്യം വന്നു എന്നൊന്നും പറയാൻ പറ്റില്ല… മ്മള് ഇച്ചിരി ദേഷ്യം അങ്ങോട്ട്‌ അഭിനയിച്ചുകൊണ്ട് അങ്ങോട്ട്‌ ചോദിച്ചു അത്ര തന്നെ…
അല്ലേലും അവളോട്‌ ദേഷ്യപ്പെടണം എന്ന് കരുതുമ്പോഴെല്ലാം ഇതുതന്നെയാണ് അവസ്ഥ.അല്ലെങ്കിൽ തന്നെ ആ ചന്ദ്രക്കല ഉദിച്ചതുപോലുള്ള വെളുത്തു ചോന്നു തുടുത്ത വട്ട മുഖവും കൂമ്പിയ കണ്ണുകളും തത്തമ്മചുണ്ടും ചപ്ലാച്ചി മുടിയും ഒക്കെ മനസ്സിലേക്ക് കടന്നുവന്നാൽ പിന്നെ പ്രണയമല്ലാതെ മറ്റൊരു വികാരം എത്ര ശ്രമിച്ചാലും വരൂല.. അതാണ്‌ സീൻ.ഉത്തരമില്ലാത്ത മൌനം വല്ലാതെ കട്ടപിടിച്ച് ഉരുണ്ടുകൂടാൻ തുടങ്ങിയപ്പോൾ വെറുതേ
ഉള്ള വിലയും കളയണ്ടല്ലോന്ന് കരുതി ഫോൺ കട്ട് ചെയ്തു തിരിഞ്ഞതും കൂമന്മാരെപ്പോലെ എന്നെത്തന്നെ തുറിച്ചു നോക്കുന്ന ഷുക്കൂറിനെയും ലുക്മാനെയും ആണ് കണ്ടത്.

“അനക്ക് ഉളുപ്പില്ലേ ചെങ്ങായീ ഓൾക്കാണെങ്കിൽ അന്നോട് യാതൊരു താല്പര്യവുമില്ല.. ന്നട്ടും വെറുതേ ഇങ്ങനെ ഒലിപ്പിച്ചു നടന്നോളും ആണുങ്ങളെ വില കളയാൻ വേണ്ടി ”ഷുക്കൂർ ആയിരുന്നു അത് പറഞ്ഞത് പറയുമ്പോൾ ഓന്റെ മുഖത്ത് തെളിഞ്ഞ പുച്ഛം എന്നെ ശരിക്കും അലോസരപ്പെടുത്തിലുക്മാൻ ആണെങ്കിൽ ഷുക്കൂർ പറഞ്ഞത് അംഗീകരിക്കുന്ന ഭാവത്തിൽ മുഖത്ത് ലേശം പുച്ഛം വാരി വിതറി എന്റെ നേർക്ക്‌ നോക്കുകയല്ലാതെ ഒന്നും മിണ്ടിയില്ല.ഒരു വിഷമം വരുമ്പോൾ കൂടെ നിൽക്കും എന്ന് കരുതിയ ചങ്കുകൾക്ക് പോലും ഞമ്മളെ ചങ്കിലെ തീ കാണാൻ പറ്റാതെ പോയപ്പോൾ നല്ല ദേഷ്യം വന്നു പിന്നെ അവിടെ നിന്നില്ല.വേഗം വണ്ടി സ്റ്റാർട്ട് ചെയ്തു വീട്ടിലേക്ക് പിടിച്ചു അതിനിടയിൽ.“ഓയ്… നിരാശാകാമുകാ.. പോവല്ലെന്ന്.. ഞങ്ങളൊരു തമാശ പറഞ്ഞതാണ്.. മുത്തേ പോവല്ലെടാ ”

എന്നൊക്കെ ഷുക്കൂറും ലുക്മാനും പുറകിൽ നിന്നും വിളിച്ചെങ്കിലും അത് കേൾക്കാത്തപോലെ ക്ലച് പിടിച്ചു ആക്സിലറേറ്ററിൽ രണ്ടു തിരി അധികം തിരിച്ചു വീൽ ഒന്ന് സ്കിഡ് ചെയ്തു കുറച്ചു പൊടിയും പറത്തിച്ചു മ്മള് നല്ല ദേഷ്യത്തിൽ ആണെന്നുള്ള കാര്യം പഹയന്മാരെ ശരിക്കും മനസ്സിലാക്കിക്കുന്ന രീതിയിൽ ആണ് അവിടുന്നും പോന്നത് വീട്ടിലെത്തിയപ്പോൾ നല്ല ബിരിയാണിയുടെ മണം രാത്രി അളിയൻ വരുന്നത് പ്രമാണിച്ച് ഉമ്മയും പെങ്ങളും നല്ല കോഴിബിരിയാണി ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു ഓളെ കല്യാണം കഴിഞ്ഞിട്ട് പത്തു കൊല്ലം ആയിട്ടും മൂന്ന് കുട്ടികൾ ഉണ്ടെങ്കിലും മ്മളു കോഴിക്കോട്ടുകാർക്ക് അളിയൻ എന്നും പുത്യാപ്ല ആണ് പുത്യാപ്ല ഒരിക്കലും പഴാപ്ല ആവാത്തതുകൊണ്ട് ആ പുതുമയും സ്വീകരണവും എന്നും നിലനില്ക്കും.വീട്ടിലെത്തി കുളിയും നനയും ഒക്കെ കഴിഞ്ഞപ്പോഴേക്കും അളിയന്റെ വരവായി അളിയന്റെ വീട് ഹാർബറിനടുത്താണ് സുഹൃത്തുക്കളിൽ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളും അതുകൊണ്ടു തന്നെ ഒരു വലിയ കവർ നിറയെ സ്ഥിരം ഐറ്റംസ് ആയ ചെമ്മീനും കല്ലുമ്മക്കായും കൊണ്ടാണ് മൂപ്പരെ വരവ് അളിയൻ വന്ന് പോയാൽ പിന്നെ ഒരാഴ്ചത്തേക്ക് ഈ രണ്ടു ഐറ്റംസും കൊണ്ടുള്ള ആറാട്ടായിരിക്കും വീട്ടിൽ.

കുറച്ചു നേരം അളിയനോട് സംസാരിച്ചിരുന്നപ്പോഴേക്കും മേശപ്പുറത്ത് ആവി പറക്കുന്ന ബിരിയാണി നിരന്നു അങ്ങനെ ബിരിയാണി മുണുങ്ങാൻ വേണ്ടി തീന്മേശയിൽ എത്തിയപ്പോൾ ആണ് ഷുക്കൂറും ലുക്മാനും ഷാഹിനയും(മ്മളെ കാമുകി)വീണ്ടും മനസ്സിലേക്ക് കടന്നു വന്നത് ആ ഹമുക്കുകളോടുള്ള ദേഷ്യത്തിന് നല്ല എരിവുള്ള തേങ്ങാച്ചമ്മന്തിയും അച്ചാറും തൈരും ഒക്കെക്കൂടി കൂട്ടിക്കുഴച്ചു വലിയ ഉരുളകളാക്കിയ ബിരിയാണി എന്റെ ആമാശയത്തിന്റെ അണ്ഡകടാഹങ്ങൾ തേടി അലയാൻ തുടങ്ങി മൂന്ന് പ്ളേറ്റ് ബിരിയാണി അകത്താക്കി അവസാനം തൊണ്ടക്കുഴി വരെ ഫിൽ ചെയ്തു ഇനി ബിരിയാണി മുണുങ്ങാൻ ഒരു മൊട്ടുസൂചിയുടെ ഗ്യാപ്പ് പോലും അവശേഷിക്കുന്നില്ലെന്ന ബോധ്യം വന്നപ്പോൾ ആണ് മ്മള് ആയുധം വച്ചു കീഴടങ്ങിയത് അല്ലേൽ കാണാമായിരുന്നു.

ബിരിയാണിക്ക് ശേഷം ഒട്ടും വയ്യാത്തതുകൊണ്ട് അളിയനെ ഉപ്പാന്റെ കയ്യിൽ കത്തി വെക്കാൻ ഏല്പിച്ചിട്ടാണ് പോയി കിടന്നത് കിടന്ന് പാതി മയക്കത്തിൽ എത്തിയപ്പോൾ ഫോൺ ചെറുതായൊന്നു ചിലച്ചു വാട്ട്സാപ്പ് മെസേജ് ആണെന്ന് മനസ്സിലാക്കി ജസ്റ്റ് ഒന്ന് തുറന്നു നോക്കി നോക്കുമ്പോൾ മ്മളെ കാമുകി ഷാഹിനയുടെ മെസേജ് “ഷാഹിമോൾ ” എന്നാണ് ഞാൻ സേവ് ചെയ്തു വച്ചത് എന്ന് ഈയൊരവസരത്തിൽ നിങ്ങളെ ഏവരെയും വിനീതമായി അറിയിക്കുന്നു എന്തായാലും ഞാൻ വേഗം മെസേജ് ഓപ്പൺ ചെയ്തു നോക്കി

“ഡാ നിന്നോടിത് തുറന്നു പറയണം എന്ന് കുറേ കാലമായി കരുതുന്നു.നീ വിചാരിക്കുന്നതുപോലൊരു പെണ്ണല്ല ഞാൻ..
എനിക്കൊരിക്കലും ഒരു കല്യാണത്തെപ്പറ്റി ചിന്തിക്കാൻ പറ്റില്ല.ചെറുപ്പത്തിൽ നടന്ന ആക്സിഡന്റിനെപറ്റി നിനക്കറിയില്ലേ.അന്നത്തോടെ എന്റെ എല്ലാ സ്വപ്നങ്ങളും കരിഞ്ഞുപോയെടാ.അഥവാ നിന്നെ കെട്ടിയാലും എനിക്കൊരിക്കലും നിന്റെ കുട്ടികളുടെ ഉമ്മ ആവാൻ പറ്റില്ല.അതുകൊണ്ട് നമുക്കിത് ഇവിടെ വച്ചു നിർത്താം
നീ നല്ലൊരു മൊഞ്ചത്തിയെ കെട്ടി എപ്പോഴും നീയെന്നോട്‌ പറയാറുള്ള കുഞ്ഞിപ്പാത്തുവിനെപ്പോലെ ഒരു അഞ്ചാറു കുരുത്തംകെട്ട കുട്ടികളും ഒക്കെ ആയി നല്ല ഹാപ്പിയായി ജീവിക്കുന്നത് കാണാൻ ആണ് എനിക്കിഷ്ടം..
നീ എന്നും എന്റെ ചങ്ക് ചെങ്ങായി ആയി കൂടെ ഉണ്ടായാൽ മാത്രം മതി എനിക്ക്.

അവളുടെ ആ മെസേജ് വായിച്ചതും ദേഹമാസകലം ഒരു തരിപ്പ് കേറുന്നതുപോലെ തോന്നി…എന്ത് മറുപടി കൊടുക്കണം എന്നറിയാത്ത വല്ലാത്തൊരു അവസ്ഥ“എന്ത് വന്നാലും നീയില്ലാത്ത ഒരു ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ പറ്റില്ല” എന്ന് മറുപടി ടൈപ്പ് ചെയ്ത ശേഷം അത് ഡിലീറ്റ് ചെയ്ത് വീണ്ടും ഒന്നുകൂടി ചിന്തിച്ചു കുട്ടികൾ ഇല്ലാത്തൊരു അവസ്ഥ എന്ന് പറയുന്നത് അത്ര ഭീകരം ഒന്നും അല്ല… പക്ഷേ അങ്ങനെ വരുന്ന ഒരു അവസരത്തിൽ കാരണം എന്തൊക്കെ ആയാലും നാട്ടുകാരുടെ ചിന്ത നേരെ ചെന്ന് പതിക്കുക ഭർത്താവിന്റെ പൗരുഷത്തിൽ ആയിരിക്കും മാതാപിതാക്കൾ ഇല്ലാത്ത കുട്ടികൾക്ക് വേണ്ടിയായിരിക്കണം റബ്ബ് കുട്ടികൾ ഇല്ലാത്ത ദമ്പതികളെ സൃഷ്ടിക്കുന്നത് എന്നൊരു ചിന്ത മനസ്സിൽ ഉണ്ടെങ്കിലും അങ്ങനെയൊരു വിധി സ്വയം തിരഞ്ഞെടുക്കുക എന്ന ഒരു അവസ്ഥ വന്നപ്പോൾ ഞാനാകെ ആശയക്കുഴപ്പത്തിൽ ആയി എന്നുള്ളതാണ് യാഥാർഥ്യം.

“നമുക്ക് നാളെ നേരിട്ട് കണ്ട്‌ സംസാരിക്കാം.”എന്ന് റിപ്ലൈ കൊടുത്തു ഉറങ്ങാൻ കിടന്നപ്പോഴും ചിന്തകൾ മനസ്സിനെ വല്ലാതെ പിടിച്ചുലയ്ക്കുന്നുണ്ടായിരുന്നു അതിരാവിലെത്തന്നെ പതിവ് കോഴിമുട്ട മുണുങ്ങാതെ വണ്ടിയുമെടുത്ത് ഇറങ്ങിയ എന്റെ പുറകേ കയ്യിൽ കോഴിമുട്ടയും പിടിച്ചുകൊണ്ട്“നിക്കെടാ.. ഇത് തിന്നിട്ട് പൊയ്ക്കോ ” എന്നും പറഞ്ഞു ഉമ്മച്ചി ഗേറ്റ് വരെ ഓടിയെങ്കിലും ഞാൻ അത് ശ്രദ്ധിക്കാതെ നേരെ അവളെ കാണാൻ വേണ്ടി കുതിച്ചു.അന്നേരം എന്റെ മനസ്സ് മുഴുവൻ അവളോടെന്ത് പറയും എന്നുള്ള ആശങ്കയായിരുന്നു.
അതിനിടയിൽ ഉമ്മ പൊന്നുമ്മ തന്നെ ആണെങ്കിലും കോഴിമുട്ടക്ക് എന്റെ മനസ്സിനെ ഒരു തരിപോലും പ്രലോഭിപ്പിക്കാൻ പറ്റിയില്ല.അവൾ ടീച്ചർ ആയി ജോലി ചെയ്യുന്ന കംപ്യുട്ടർ സെന്ററിന് മുന്നിൽ ഉള്ള ബസ്റ്റോപ്പിൽ എന്നെയും കാത്ത് നിൽക്കുന്ന ഷാഹിയെ കണ്ടപ്പോൾ വണ്ടി ഒതുക്കി നേരെ അവളുടെ അടുത്തേക്ക്‌ ചെന്നു.

അവളുടെ അടുത്തെത്തിയ ഉടനേ മുഖവുര ഇല്ലാതെ ഞാൻ കാര്യത്തിലേക്ക് കടന്നു“നീ ഇങ്ങോട്ട് ഒന്നും പറയണ്ട..
ചിലപ്പൊ ഡോക്ടർമാർ പറഞ്ഞതുപോലല്ല കാര്യങ്ങൾ എങ്കിലോ. ?പ്രസവം നിർത്തിയ പെണ്ണുങ്ങൾക്ക്‌ വരെ കുട്ടികൾ ഉണ്ടായ വാർത്തയൊക്കെ നമ്മള് സ്ഥിരം കേൾക്കുന്നതല്ലേ അതൊക്കെ റബ്ബിന്റെ അനുഗ്രഹമാണ് ഇനിയിപ്പോ അഥവാ ഉണ്ടായില്ലെങ്കിൽ നമ്മള് കയ്ച്ചിലായില്ലേ പോത്തേ.. എനിക്ക് നിന്നെയും നിനക്ക് എന്നെയും പ്രണയിക്കാൻ കണ്ടമാനം സമയം കിട്ടും”ഒറ്റ വീർപ്പിനു അത്രയും പറഞ്ഞു തീർത്തപ്പോൾ വല്ലാത്തൊരു ആശ്വാസവും അതോടൊപ്പം ഈ പറഞ്ഞത് ഞാൻ തന്നെ ആണോ എന്നുള്ള ഒരു ചെറിയ അത്ഭുതവും തോന്നായ്കയില്ല കാരണം ആ വാക്കുകൾ ഞാൻ നേരത്തെ പറയണം എന്ന് കരുതി പ്ലാൻ ചെയ്ത് പറഞ്ഞതൊന്നും ആയിരുന്നില്ല.അത് തനിയെ എന്റെ ഉള്ളിൽ നിന്നും വന്നതായിരുന്നു.ശരിക്കും പറഞ്ഞാൽ എന്റെ മനസ്സിന്റെ ശബ്ദമായിരുന്നു അത്.

അതും പറഞ്ഞു നേരെ അവളുടെ മുഖത്തേക്ക് നോക്കിയപ്പോഴേക്കും ഷാഹിയുടെ കണ്ണുകളിലെ തിരമാലകൾക്ക് ജീവൻ വച്ചിരുന്നു അവ പുറത്തേക്ക് ഒഴുകുന്നതിനൊപ്പം അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.“അല്ലേലും ഈ കുട്ടികൾ ഒക്കെ ഉണ്ടായാൽ ഭയങ്കര എടങ്ങേറാടീ…പ്രസവം.. നട്ടപാതിരക്കുള്ള അതിറ്റുങ്ങളുടെ ഗാനമേള.. അപ്പി കോരൽ.. തിന്നാൻ കൊടുക്കൽ സ്കൂളിൽ വിടൽ..പിന്നെ ഒന്ന് പ്രണയിക്കണമെങ്കിൽ അവരുടെ സമയം കൂടി നോക്കണം യാതൊരു പ്രൈവസിയും കിട്ടൂല.എന്ന് പറഞ്ഞപ്പോൾ തിരമാലകൾ ഒരുങ്ങിയ അവളുടെ മുഖത്തെ കാർമേഘങ്ങൾ മാഞ്ഞു ചെറിയൊരു വെള്ളിവെളിച്ചം പടർന്നു തുടങ്ങി.“ഇനിയിപ്പോ വല്ലാതെ പൂതി തോന്നിയാൽ ഞമ്മക്കൊരു കുഞ്ഞിപ്പാത്തുവിനെ എവിടുന്നേലും ചാക്കിൽ കെട്ടി തട്ടിക്കൊണ്ടു വരാം ലേ ഇക്കാക്കാ ”

എന്ന് അവൾ എന്നോട് തിരിച്ചു ചോദിച്ചപ്പോൾ എനിക്കും അറിയാതെ ചിരി വന്നുപോയി ഇമ്മാതിരി കട്ട സെന്റിമെന്റൽ സീനിലും ചളി അടിക്കാൻ ഞങ്ങളെ കഴിഞ്ഞേ വേറെ ആളുള്ളൂ എന്ന് പ്രത്യേകം പറയണ്ടല്ലോ.. ലേഅല്ലേലും ഈ ഒലക്കമ്മലെ ജീവിതം ഇങ്ങനൊക്കെയാണ് ഇല്ലാത്തതിനെക്കുറിച്ചോർക്കാതെ ഉള്ളതിൽ സംതൃപ്തി കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് ജീവിതം വലിയൊരു സൗഭാഗ്യം തന്നെ ആണ് അത് നമുക്ക് ഓരോ ദിവസവും പുതിയ പുതിയ അത്ഭുതങ്ങൾ തന്നുകൊണ്ടിരിക്കും
എനിക്കെന്റെ ഷാഹിയെ തന്നതുപോലെ.

About Intensive Promo

Leave a Reply

Your email address will not be published.