ഇന്ത്യന്‍ ആര്‍മിക്കായി ടാറ്റയുടെ പുതിയ ലൈറ്റ് സപ്പോര്‍ട്ട് വെഹിക്കിള്‍ (LSV) ഒരുങ്ങുന്നു. മെര്‍ലിന്‍ എന്നാണ് ഇതിന്റെ കോഡ് നാമം. ഏത് പ്രതികൂല സാഹചര്യങ്ങളും മറികടക്കാന്‍ സാധിക്കുന്ന ഈ LSV ഹംവി/ഹമ്മര്‍ മോഡലുകളോട് സാദൃശ്യമുള്ള സ്‌റ്റൈലിലാണ് നിര്‍മിക്കുന്നത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ പ്രതിരോധ വാഹനത്തിന്റെ പണിപ്പുരയിലാണ് ടാറ്റ. ബോഡി പൂര്‍ണമായും മൂടികെട്ടി മുംബൈ പുണെ എക്‌സ്പ്രസ് ഹൈവേയില്‍ നിന്നുള്ള സ്‌പൈ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നേരത്തെ ഹിമാലയന്‍ മേഖലകളിലും മറ്റും ഇതിന്റെ പരീക്ഷണ ഓട്ടം ടാറ്റ നടത്തിയിരുന്നു.
ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, ദുര്‍ഘട പാതകള്‍ താണ്ടാനുതകുന്ന വലിയ ടയര്‍, വെള്ളക്കെട്ടില്‍ കുടുങ്ങാതിരിക്കാന്‍ മുന്നില്‍ നല്‍കിയ സ്‌നോര്‍ക്കര്‍, വിഞ്ച്, പിന്നിലെ സ്‌പെയര്‍ ടയര്‍, മില്‍ട്ടറി ഗ്രേഡ് ഡോര്‍, ചെറിയ ബുള്ളറ്റ് പ്രൂഫ് വിന്‍ഡോ ഗ്ലാസുകള്‍ എന്നിവയാണ് ഒറ്റനോട്ടത്തില്‍ മെര്‍ലിനില്‍ ശ്രദ്ധയില്‍പ്പെടുക.
വെടിയുണ്ടകള്‍ ചെറുക്കാനും ഗ്രനേഡ് ആക്രമണത്തില്‍ നിന്ന് രക്ഷനേടാനും പ്രാപ്തനായിരിക്കും ഈ എല്‍എസ്‌വി. മെഷീന്‍ ഗണ്‍ അടക്കമുള്ള സൈനിക ഉപകരണങ്ങള്‍ റൂഫ്‌ടോപ്പില്‍ ഘടിപ്പിക്കുകയും ചെയ്യാം. ആയുധങ്ങളും മറ്റും സൂക്ഷിക്കാന്‍ പിന്നില്‍ ധാരാളം സ്റ്റേറേജ് സ്‌പേസുമുണ്ട്.
3.3 ലിറ്റര്‍ ലിക്വിഡ് കൂള്‍ഡ് ഡയറക്ട് ഇഞ്ചക്ഷന്‍ ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തിന് കരുത്തേകുക. 185 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കുമേകുന്നതായിരിക്കും ഈ എന്‍ജിന്‍. ടാറ്റയുടെ നിരവധി പ്രതിരോധ വാഹനങ്ങള്‍ നിലവില്‍ ഇന്ത്യന്‍ ആര്‍മി ഉപയോഗിക്കുന്നുണ്ട്. അടുത്തിടെ സഫാരി സ്‌ട്രോം എസ്.യു.വി മോഡലും ആര്‍മിയുടെ ഭാഗമായിരുന്നു.