പ്രവാസികൾക്കിടയിൽ പെൺസൗഹൃദങ്ങൾ മുമ്പെങ്ങും ഇല്ലാത്ത വിധം വർദ്ധിച്ചുവരുന്ന കാലമാണ്. ജോലിസ്ഥലങ്ങളും ക്ലബ്ബുകളും പബ്ബുകളും ആണ് മുമ്പ് ഇത്തരം സൗഹൃദങ്ങൾക്ക് തുടക്കമിട്ടിരുന്നതെങ്കിൽ ഇന്നിപ്പോൾ ഓൺലൈനിലെ സാമൂഹ്യ മാധ്യമങ്ങളും ഡേറ്റിംഗ് സൈറ്റുകളും ആപ്പുകളുമാണ് പ്രധാനമായും പലരും പ്രധാനമായും ആശ്രയിക്കുന്നത്. ഏതു ജനക്കൂട്ടത്തിനിടയിലും സ്വന്തം മൊബൈൽ ഫോണിലൂടെ സ്വകാര്യമായി സൊള്ളുന്നതിനു സാധിക്കുന്നു എന്നതാണ് ഇതിന്റെ ഒരു പ്രധാന സൗകര്യം.
മേക്കപ്പിട്ട് നല്ല പെർഫ്യൂമും പൂശി സദാ ഫ്രഷ്നസ് സൂക്ഷിക്കുന്ന ചുറുചുറുക്കുള്ള ഫിലിപ്പീൻസുകാരാണ് പലരുടേയും ഇഷ്ടപ്പെട്ട പെൺ സുഹൃത്തുക്കൾ. പാർട്ടികളേയും ചുറ്റിക്കറങ്ങലിനേയും ഏറെ ഇഷ്ടപ്പെടുന്ന ഇവർ വളരെ പെട്ടെന്ന് തന്നെ ആൺ സുഹൃത്തുക്കളുടെ ഇഷ്ട ചങ്ങാതിമാരായി മാറുന്നു. പൊതുവിൽ മലയാളികളെ ബോയ്ഫ്രണ്ട്സായി പരിഗണിക്കുവാൻ ഇവർ അത്ര താല്പര്യം കാണിക്കാറില്ല എങ്കിലും പണവും വാഹനവും സൗകര്യങ്ങളും ഉണ്ടെങ്കിൽ ഇതിൽ മാറ്റം ഉണ്ടെന്നാണ് പലരുടെയും അഭിപ്രായം. ഒഴിവു സമയങ്ങളിൽ ഇഷ്ടപ്പെട്ട സുന്ദരിക്കൊപ്പം കറങ്ങുന്നതും ഒപ്പം കഴിയുന്നതും പലർക്കും ത്രില്ലാണ്.
നാട്ടിലെ പോലെ സദാചാര ഗുണ്ടകളുടേ ശല്യമൊന്നും വിദേശരാജ്യത്ത് ഇല്ലാത്തതിനാൽ റസ്റ്റോറന്റുകളിലും ഫ്ലാറ്റുകളിലും പാർക്കുകളിലുമെല്ലാം ശല്യമില്ലാതെ ആർക്കൊപ്പം വേണമെങ്കിലും സ്വതന്ത്രമായി വിഹരിക്കാമെന്ന സൗകര്യം കൂടുതലാണ്.
പലരാജ്യങ്ങളിലും വ്യത്യസ്ഥരാജ്യക്കാരായ അവിവാഹിതരായ ആണും പെണ്ണും ഒരുമിച്ച് താമസിക്കുന്നത് നിയമവിധേയമല്ലെങ്കിലും ധാരാളം പേർ അത്തരത്തിൽ താമസിക്കുന്നുണ്ട്. താമസവും കറക്കവുമായി മാസം നല്ലൊരുതുക ഗേൾഫ്രണ്ടിനായി പൊടിക്കുന്ന അനവധി മലയാളികൾ ഉണ്ട്.
പ്രണയം മൂത്ത് ഫിലിപ്പിൻസിൽ കാമുകിയുടെ പേരിൽ വീട് വാങ്ങുവാൻ ലോണെടുത്ത യുവാവ് പിന്നീട് വഞ്ചിക്കപ്പെട്ടതായി അടുത്തിടെ കേട്ടിരുന്നു. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കാമുകിയ്ക്കായി ഷോപ്പിംഗും മറ്റും നടത്തി കടക്കെണിയിൽ പെടുന്നവരും ഉണ്ട്. ഇത്തരത്തിൽ പണം നഷ്ടപ്പെടുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് സൂചന.
പിന്നീടാണ് അറിയുക കാമുകിക്ക് സ്വന്തം നാട്ടിൽ ഭർത്താവും കുട്ടികളുമൊക്കെ ഉണ്ടെന്ന്. അതല്ലെങ്കിൽ പലരും “സിംഗിൽ മാം“ ആയിരിക്കും.എന്നാൽ കാമുകിമാരെ വഞ്ചിച്ച് മുങ്ങുന്ന മലയാളി വീരന്മാരും ഉണ്ട്. ഒരുത്തൻ പോയാൽ പോട്ടെ എന്നു കരുതുന്ന ഫിലിപ്പീൻസിൽ നിന്നുള്ളവരെ പലരേയും പോലെ അല്ല ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഉള്ള സ്ത്രീകളെന്നാണ് ചിലരുടെ നിരീക്ഷണം.
അവരുമായി പ്രണയത്തിലായി മുങ്ങിയാൽ അവർ തേടിവരുമത്രെ. ഇത്തരത്തിൽ വഞ്ചിക്കപ്പെട്ടതിനെ തുടർന്ന് കാമുകനെയോ ഭർത്താവിനെയോ ഒക്കെ അന്വേഷിച്ചു യുവതികൾ കേരളത്തിൽ വന്ന അനവധി സംഭവങ്ങൾ ഉണ്ട്.ഒരു ഫിലിപ്പിനോ യുവതി തന്നെ വഞ്ചിച്ചു മുങ്ങിയ മലയാളി കാമുകന് എട്ടിന്റെ പണികൊടുത്തതും അടുത്ത കാലത്താണ്. തനിക്കൊപ്പം ഉള്ള സ്വകാര്യ നിമിഷങ്ങൾ സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിടുകയായിരുന്നു അവൾ ചെയ്തത്.
വിവാഹിതനാകുവാൻ കേരളത്തിലെത്തിയ യുവാവ് ശരിക്കും വെട്ടിലായി. വിവാഹം അലങ്കോലമാകുകയും ചെയ്തു എന്നാണ് അതിന്റെ പിന്നാമ്പുറകഥ. എന്തായാലും ഡേറ്റിംഗ് ആപ്പുകളിലൂടെ ഫിലിപ്പിനോ കാമുകിമാരെ തപ്പുന്നവർ ഒന്ന് കരുതിയിരിക്കുന്നത് നന്ന്. പണം മാത്രമല്ല മാനവും പോയേക്കാം.