അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രതിമാസം 3000 രൂപ പെൻഷൻ നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കുന്നു. പ്രധാൻമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന(പിഎംഎസ് വൈഎം) എന്നാണ് പദ്ധതിയുടെ പേര്. പ്രതിമാസ വരുമാനം 15,000 രൂപയോ അതിൽ താഴെയോ ഉളളവരെയാണ് പദ്ധതിയിൽ ചേർക്കുക. 18നും 40നും ഇടയിൽ പ്രായമുള്ളവരുമാകണം.
ആദായ നികുതി അടയ്ക്കുന്നവരോ മറ്റ് പെൻഷൻ പദ്ധതികളായ എൻപിഎസ്, ഇസ്‌ഐ, ഇപിഎഫ് തുടങ്ങിയ പദ്ധതികളിലൊന്നും അംഗങ്ങളായവരോ ആകരുത്.
പദ്ധതി പ്രകാരം ഒരാൾക്ക് 60 വയസ്സാകുമ്പോൾ പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കും. വരിക്കാരൻ മരിക്കുമ്പോൾ ഭാര്യക്ക് പദ്ധതിയിൽ തുടരാം. അടുത്തുള്ള കോമൺ സർവീസ് സെന്ററിലെത്തിയാണ് പദ്ധതിയിൽ ചേരേണ്ടത്. സേവിങ്‌സ് ബാങ്ക് അക്കൗണ്ട്(ജൻധൻ അക്കൗണ്ടായാലും മതി), ആധാർ കാർഡ് എന്നിവ നൽകി വേണം രജിസ്റ്റർ ചെയ്യാൻ.
പദ്ധതിയിൽനിന്ന് ഇടയ്ക്കുവെച്ച് പിന്മാറാൻ അവസരമുണ്ട്. പദ്ധതിയിൽ ചേർന്ന് പത്തുവർഷത്തിനുമുമ്പാണ് പിന്മാറുന്നതെങ്കിൽ അയാൾ അടച്ച തുകമാത്രമാണ് തിരിച്ചുകിട്ടുക. അതോടൊപ്പം എസ്ബി അക്കൗണ്ട് പലിശയും ലഭിക്കും.
18 വയസ്സുള്ള ഒരാൾക്ക് പദ്ധതിയിൽ ചേരാൻ പ്രതിമാസം 55 രൂപയാണ് അടയ്‌ക്കേണ്ടിവരിക. സർക്കാരും സമാനമായ തുക അതോടൊപ്പം നിക്ഷേപിക്കും. പ്രായം കൂടുന്നതിനനുസരിച്ച് അടയ്‌ക്കേണ്ട തുകയിലും വർധനവുണ്ടാകും.
ഈ സ്‌കീമിൽ ചേരാവുന്ന അസംഘടിത തൊഴിലാളികൾ
വീട്ടുജോലിക്കാർ
വഴിയോര കച്ചവടക്കാർ
ചുമട്ടു തൊഴിലാളികൾ
ഇഷ്്ട്ടിക ചൂളയിൽ ജോലി ചെയ്യുന്നവർ
ചെരുപ്പുകുത്തികൾ
സ്വയം തൊഴിൽ ചെയ്യുന്നവർ
അലക്കുകാർ
റിക്ഷ വലിക്കുന്നവർ
ഭൂമിയില്ലാത്ത തൊഴിലാളികൾ
കർഷകർ
നിർമ്മാണ തൊഴിലാളികൾ