അടുത്ത രണ്ടു വര്‍ഷങ്ങളിലായി ഊര്‍ജ, നിര്‍മാണ മേഖലകളില്‍ ഇന്ത്യയില്‍ 10,000 കോടി ഡോളറിന്റെ (ഏകദേശം 7.10 ലക്ഷം കോടി രൂപ) നിക്ഷേപ പദ്ധതിയുമായി സൗദി അറേബ്യ. പെട്രോകെമിക്കല്‍സ്, റിഫൈനറി, അടിസ്ഥാന സൗകര്യ വികസനം, കൃഷി, നിര്‍മാണ മേഖല എന്നീ രംഗങ്ങളിലെ നിക്ഷേപ സാധ്യത ഡല്‍ഹിയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. പാക്കിസ്ഥാനില്‍ 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതികളാണ് സൗദി പ്രഖ്യാപിച്ചത്. ഇന്ത്യക്ക് അഞ്ചിരട്ടി.
850 ഇന്ത്യന്‍ തടവുകാരെ ജയില്‍ നിന്ന് വിട്ടയയ്ക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉത്തരവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥനമാനിച്ചാണ് തീരുമാനം.ഹജ്ജ് ക്വാട്ട രണ്ടു ലക്ഷമാക്കി ഉയര്‍ത്തുമെന്നും പ്രധാനമന്ത്രിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം സൗദി കിരീടാവകാശി പ്രഖ്യാപിച്ചു.
ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് ക്വോട്ട 1.75 ലക്ഷത്തില്‍നിന്ന് രണ്ടു ലക്ഷമായി ഉയര്‍ത്താനുള്ള തീരുമാനവും സൗദി പ്രഖ്യാപിച്ചു. അതിനു തക്ക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനെ ആശ്രയിച്ചാണ് ഈ വര്‍ഷംതന്നെ ക്വോട്ട ഉയര്‍ത്തുന്ന കാര്യം തീരുമാനിക്കുക. സൗദി കിരീടാവകാശിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം വിവിധ രംഗങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കുന്ന അഞ്ചു ധാരണപത്രങ്ങളും ഒപ്പുവെച്ചു. ദേശീയ അടിസ്ഥാന സൗകര്യ നിധിയില്‍ നിക്ഷേപം നടത്തുന്നതിനാണ് ഒരു ധാരണപത്രം.
പരസ്പര നിക്ഷേപ ബന്ധം വര്‍ധിപ്പിക്കുന്നതിന് ഇന്‍വെസ്റ്റ് ഇന്ത്യ, സൗദി ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി എന്നിവ തമ്മില്‍ സഹകരണ ചട്ടക്കൂട് ഉണ്ടാക്കും. ഇന്ത്യക്കും സൗദിക്കുമിടയില്‍ പ്രതിവര്‍ഷ വിമാന യാത്രക്കാരുടെ എണ്ണം 3.84 ലക്ഷമാക്കാന്‍ പാകത്തില്‍ നേരിട്ടുള്ള വിമാന സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിക്കും. പ്രവാസികള്‍, സൗദി പൗരന്മാര്‍, ടൂറിസ്റ്റുകള്‍ എന്നിവര്‍ക്ക് പ്രയോജനപ്പെടും. പ്രതിരോധ സഹകരണം വര്‍ധിപ്പിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് സംയുക്ത കര്‍മ സമിതി. സംയുക്ത നാവികാഭ്യാസം നടത്താന്‍ തീരുമാനിച്ചു. സമുദ്ര സുരക്ഷ, മറ്റു സുരക്ഷ വിഷയങ്ങള്‍, സൈബര്‍ ഭീകരത തടയല്‍ എന്നിവക്കായി ക്രിയാത്മക നടപടി.
നേരത്തെ, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ സമ്മര്‍ദം ശക്തമാക്കേണ്ടത് പ്രധാനമാണെന്ന് ഇന്ത്യയും സൗദി അറേബ്യയും അംഗീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ നയതന്ത്ര പ്രതിനിധിയാണ് സൗദി അറേബ്യ. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചിരിക്കുന്നു.
ഇന്ത്യയിലേക്ക് സൗദിയുടെ നിക്ഷേപങ്ങള്‍ സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രി പറഞ്ഞു. സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തിയ ശേഷം സംയുക്തപ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യാന്തര സൗരോര്‍ജ സഖ്യത്തില്‍ പങ്കാളികളാകാന്‍ സൗദിയെ ക്ഷണിക്കുകയാണ്. പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചയില്‍ നടന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയുമായി പ്രത്യേക ചര്‍ച്ചയും പ്രതിനിധിതല ചര്‍ച്ചകളും നടന്നു. പുല്‍വാമ ഭീകരാക്രമണത്തിെന്റ പശ്ചാത്തലത്തില്‍ ഭീകരത പ്രതിരോധം, പാക് ബന്ധം എന്നിവയും ചര്‍ച്ചാവിഷയമായി. നേരത്തേ രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ വിശിഷ്ടാതിഥിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ഭീകരവാദത്തെ ഇരു രാഷ്ട്രങ്ങളും തുല്യ ഗൗരവത്തോടെയാണ് എടുക്കുന്നതെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രതികരിച്ചു.
ഞങ്ങളുടെ ഉറ്റ സുഹൃത്തുക്കളായ ഇന്ത്യയുമായി എല്ലാ സഹകരണത്തിനും തയാറാണ്. വരുംതലമുറയ്ക്ക് മികച്ച ഭാവി ലഭിക്കുന്നതിനു എല്ലാവരുമായും യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
സൗദി കിരീടാവകാശിയുമായുള്ള ചര്‍ച്ചയില്‍ ഭീകരവാദവും അതിനു പാക്കിസ്ഥാന്‍ നല്‍കുന്ന പിന്തുണയും ചര്‍ച്ച ചെയ്യുമെന്ന് ഇന്ത്യന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു. ഇന്ത്യയും അറേബ്യന്‍ ഉപദ്വീപും തമ്മിലുള്ള ബന്ധം നമ്മുടെ ഡിഎന്‍എയില്‍ ഉള്ളതായി ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശി നേരത്തേ വ്യക്തമാക്കിയിരുന്നു.