ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണം ഏതൊരു രാജ്യസ്നേഹിയേയും ഞെട്ടിക്കുന്നതാണ്. നാല്‍പതിലേറെ വരുന്ന ധീരജവാന്മാരുടെ ജീവിതം ചുട്ടെരിച്ച എല്ലാ ഇരുട്ടിന്റെ ശക്തികളെയും ജനം തിരിച്ചറിയുന്നുണ്ട്. അവരോടു പൊറുക്കരുതെന്നു തന്നെയാണ് ആത്മാവില്‍ ത്രിവര്‍ണ പതാക വഹിക്കുന്ന ഓരോ ഭാരതീയരുടെ ആഗ്രഹം.
രാഷ്ട്രം അവരോടു കണക്കു ചോദിക്കുന്ന നാളുകള്‍ അടുത്തുവരികയാണ്.എന്നാല്‍, പുല്‍വാമയില്‍ ഇസ്ലാമിക ഭീകര വാദികള്‍ നടത്തിയ ആക്രമണത്തിന്റെ മറവു പിടിച്ച് കാശ്മീരികളെ മുഴുവന്‍ ഇല്ലാതാക്കണമെന്ന പോര്‍വിളിയാണ് ചില ഹിന്ദുത്വവാദികളുടെ ഭാഗത്തുനിന്ന് ഉയരുന്നത്. ഇത് രാജ്യത്തിന്റെ രക്ഷയ്ക്കു വേണ്ടിയല്ല, രാജ്യത്തെ തകര്‍ക്കാന്‍ വേണ്ടിയാണെന്ന് ജനം തിരിച്ചറിയുന്നുണ്ട്.
രാജ്യത്തിന്റെ പല ഭാഗത്തും കാശ്മീരികള്‍ക്കെതിരെ ഹിന്ദുത്വ വര്‍ഗ്ഗീയ വാദികള്‍ ആക്രമണം നടത്തവേ അവര്‍ക്കു ചുട്ട മറുപടിയുമായി കാശ്മീരിലെ യുവജനത മുന്നോട്ടുവന്ന വാര്‍ത്ത ഏതൊരു ഇന്ത്യാക്കാരന്റെയും അഭിമാനം ഉയര്‍ത്തുന്നതാണ്.കശ‌്മീർ സ്വദേശികളായ യുവാക്കൾ കൂട്ടത്തോടെ സൈന്യത്തില്‍ ചേരാനെത്തുന്ന വാര്‍ത്തയാണ് ശുഭകരമായിട്ടുള്ളത്. സേനയിലെ 111 ഒഴിവിലേക്കായി 2500 യുവാക്കളാണ‌് അപേക്ഷിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തുന്നു.
ബാരാമുള്ളയിലെ റിക്രൂട്ടിങ‌് ക്യാമ്പിലേക്കാണ‌് യുവാക്കളെത്തിയിരിക്കുന്നത‌്. ജമ്മു കശ‌്മീരിൽ ഇതാദ്യമായാണ‌് ഇത്രയേറെ തദ്ദേശീയർ സേനാ റിക്രൂട്ട‌്മെന്റിനെത്തുന്നത‌്. രാജ്യത്തിന്റെ പല ഭാഗത്തും കാശ്മീരികളെ തിരിഞ്ഞു പിടിച്ച് ആക്രമിക്കാന്‍ തീവ്രഹിന്ദുത്വ വാദികള്‍ ഇറങ്ങിത്തിരിച്ചിരിക്കുമ്പോള്‍ ദേശാഭിമാനികളായ കാശ്മീരി യുവാക്കള്‍ ഇതിലും മനോഹരമായ ഭാഷയില്‍ എങ്ങനെയാണ് അവരോടു പ്രതികരിക്കുക. ത്രിവര്‍ണ പതാക നെഞ്ചില്‍ കുത്തി രാഷ്ട്രത്തിനുവേണ്ടി എരിഞ്ഞുതീരാനാണ് കാശ്മീരിലെ മുസ്ലീം യുവാക്കള്‍ എത്തിയിരിക്കുന്നത്.
താഴ‌്‌വരയിലെ ജോലിസാധ്യതകൾ വിരളമാണ്. താഴ്വരയിലെ സംഘര്‍ഷം ജീവിതാവസരങ്ങള്‍ കെടുത്തിയിരിക്കുന്നു. സര്‍ക്കാരിന്റെ അനാസ്ഥ ഏറെ അനുഭവിക്കുന്ന പ്രദേശവുമാണ് കാശ്മീര്‍. പല യുവാക്കളും തീവ്രവാദികളായതും ഈ സാഹചര്യം മൂലമാണ്. എന്നാല്‍, കുടുംബത്തെ പുലർത്താനും രാജ്യത്തെ സേവിക്കാനുമായി പട്ടാളത്തില്‍ ചേരാനാണ് തങ്ങളുടെ തീരുമാനമെന്ന‌് ക്യാമ്പിലെത്തിയവർ പറയുന്നു.
തങ്ങൾക്കായി കൂടുതൽ ഒഴിവുകൾ റിപ്പോർട്ട‌് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. തദ്ദേശീയരെ തന്നെ ഇത്തരം സംഘർഷമേഖലകളിൽ വിന്യസിച്ചാൽ നാട്ടുകാരുമായി വേഗത്തിൽ ആശയവിനിമയം നടത്താനും സംഘർഷം ലഘൂകരിക്കാനുമാകുമെന്നും അവര്‍ പറയുന്നു.അതേസമയം, കാശ്മീരി ജനതയെ ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് ഈ അവസരം ചില കൂട്ടര്‍ മറയായി കാണുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭീകരരുടെ ഭീഷണി വകവയ്ക്കാതെ എഴുപതു ശതമാനം പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്ത കാശ്മീരി ജനത ഇന്ത്യയിലെ മറ്റേതു പ്രദേശത്തെ ഇന്ത്യാക്കാരെയും പോലെ ജനാധിപത്യ വിശ്വാസികളാണ്. അവരെ ഇല്ലാതാക്കാനുള്ള സുവര്‍ണാവസരമായാണ് ഇരുട്ടിന്റെ ശക്തികള്‍ ഈ ആക്രണത്തെ കാണുന്നത്.
പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഠിക്കുകയും താമസിക്കുകയും ചെയ്യുന്ന കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ വലിയ തോതിലുള്ള ആക്രമണവും ഭീഷണിയുമാണ് ജനാധിപത്യവിരുദ്ധര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഡെറാഡൂണിലെ കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരേ ആക്രമണത്തിന് പരസ്യമായി ആഹ്വാനം ചെയ്തത് വിശ്വഹിന്ദു പരിഷത്ത് നേതാവാണ്.
അതേസമയം, അവര്‍ക്ക് സുരക്ഷ നല്‍കാനാവശ്യപ്പെട്ട് ട്വീറ്റ് ചെയ്ത ഷെഹ്ല റാഷിദിനെതിരെ ജനങ്ങളില്‍ ഭീതി വളര്‍ത്തുന്ന തരത്തില്‍ വ്യാജപ്രചരണം അഴിച്ചുവിട്ടെവന്നാരോപിച്ച് കേസെടുക്കുകയും ചെയ്തിരിക്കുന്നു. ഇതാണ് ഇപ്പോഴത്തെ അവസ്ഥ.
പല ഉന്നതരും ഇത്തരം ജാനാധിപത്യവിരദ്ധതയുടെ സന്ദേശവാഹകരായി രംഗത്തു വന്നിട്ടുണ്ട് എന്നതാണ് ഖേദകരം. കശ്മീരില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന മേഘാലയ ഗവര്‍ണര്‍ തഥാഗതാ റോയിയുടെ വാക്കുകള്‍ ഇതിനുാദാഹരമമണാണ്. ട്വിറ്ററിലൂടെയാണ് തഥാഗതാ റോയി വിവാദമായ പ്രസ്താവന നടത്തിയിരിക്കുന്നത്. കൊലവിളി നടത്തുന്ന വെറും ഹിന്ദുത്വ വാദിയുടെ നിലവാരത്തിലേക്ക് അദ്ദേഹം താഴ്ന്നുപോയി.
”കശ്മീര്‍ സന്ദര്‍ശിക്കുകയോ രണ്ട് വര്‍ഷത്തേക്ക് അമര്‍നാഥിലേക്ക് പോവുകയോ ചെയ്യരുത്. കശ്മീരികളുടെ കടകളില്‍ നിന്നോ കച്ചവടക്കാരില്‍ നിന്നോ ഒന്നും വാങ്ങരുത്. പ്രത്യേകിച്ചും എല്ലാ മഞ്ഞുകാലങ്ങളിലും അവരിവിടെ കച്ചവടത്തിന് വരുമ്പോള്‍ കാശ്മിരികളുടെ എല്ലാ ഉത്പ്പന്നങ്ങളും ബഹിഷ്‌കരിക്കണം”- ഇതാണ് മേഘാലയാ ഗവര്‍ണറുട ആഹ്വാനം.
എന്നാല്‍ ഗവര്‍ണറുടെ പ്രസ്താവനക്കെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. വിവാദ പ്രസ്താവന നടത്തിയ ഗവര്‍ണറെ കേന്ദ്രം പുറത്താക്കണമെന്നാണ് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി ഗവര്‍ണര്‍ മറ്റൊരു ട്വീറ്റുമായി രംഗത്തെത്തി. നൂറുകണക്കിന് പട്ടാളക്കാരെ കൊന്നതിന് എതിരെയുള്ള ഏറ്റവും അഹിംസാത്മകമായ പ്രതികരണമാണമായിരുന്നു അതെന്നായിരുന്നു ഗവര്‍ണറുടെ കുറിപ്പ്.
അതേസമയം, കാശ്മീരി ജനതയ്ക്ക് നിര്‍ഭയമായി ജീവിക്കാനുള്ള എല്ലാ അവസരവും രാജ്യത്തുണ്ടാകണമെന്ന് സിപിഎം നേതാവും ജമ്മു കാശ്മീര്‍ നിയമസഭയിലെ എംഎല്‍എയുമായ മുഹമ്മദ‌് യൂസഫ‌് തരിഗാമിയുടെ പ്രസ്താവന വേറിട്ട ശബ്ദമായി.
രാജ്യത്ത‌് അരക്ഷിതാവസ്ഥ നേരിടുന്ന കശ‌്മീരികൾക്ക‌് സുരക്ഷയുറപ്പാക്കേണ്ടതുണ്ടെന്ന് പറഞ്ഞ തരിഗാമി, സംഘപരിവാർ ഭീഷണി നേരിടുകയോ ആക്രമണത്തിനിരയാവുകയോ ചെയ‌്ത ഏത‌് സംസ്ഥാനത്തുനിന്നുള്ള കശ‌്മീരികളോടും സിപിഐ എം ഹെൽപ‌് ലൈൻ നമ്പറുകളില്‍ ബന്ധപ്പെടാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
എന്തായാലും, കാശ്മീരി യുവാക്കള്‍ കൂട്ടത്തോടെ രാജ്യസേവനത്തിനു വന്നതായ വാര്‍ത്ത എല്ലാത്തരം വര്‍ഗീയവാദികളുടെയും നാവടച്ചിരിക്കുകയാണ്. മുസ്ലീം- ഹിന്ദുത്വ വര്‍ഗീയതയ്ക്കപ്പുറമാണ് ജനാധിപത്യഭാരതം എന്നു വിളിച്ചുപറയുകയാണ് നമ്മുടെ രാജ്യം.