അമ്മയോടൊപ്പമുള്ള യാത്രകളെക്കുറിച്ച് ഈയിടെയായി പലരും ഹൃദ്യമായ കുറിപ്പുകൾ എഴുതാറുണ്ട്. യാത്രയ്ക്ക് പോയപ്പോൾ അമ്മയുടെ സന്തോഷത്തെക്കുറിച്ചും അത് നൽകിയ ആത്മസംതൃപ്തിയെക്കുറിച്ചുമൊക്കെ നിരവധി കുറിപ്പുകൾ വന്നിട്ടുണ്ട്.ഇപ്പോഴിതാ ഒരു മകൻ വിവാഹശേഷമുള്ള ആദ്യ യാത്ര അമ്മയോടൊപ്പം വിമാനത്തിലാക്കിയതിനെക്കുറിച്ച് എഴുതിയിരിക്കുകയാണ്. തീവണ്ടിയിൽ പോലും രണ്ടോ മൂന്നോ വട്ടം മാത്രം കയറിയ അമ്മയ്ക്ക് കൊടുത്ത വലിയ സർപ്രൈസായിരുന്നു ഇത്.
കൂലിപണി ചെയ്ത് അമ്മ തന്നെ വളർത്തിയതിനെക്കുറിച്ച് ജയേഷ് പൂക്കോട്ടൂർ ഇതിന് മുമ്പും എഴുതിയിട്ടുണ്ട്. അമ്മയെ സന്തോഷിപ്പിച്ച വിമാനയാത്രയെക്കുറിച്ച്
ജയേഷിന്റെ കുറിപ്പ് ഇങ്ങനെ:
പുതിയ വീട്ടിൽ പാലു കാച്ചിയ സമയത്ത് പറഞ്ഞിരുന്നില്ലേ അമ്മയെ കുറിച്ച്,കൂലിപ്പണി ചെയ്ത് എന്നെ വളർത്തിയ അമ്മിണി അമ്മയെ കുറിച്ച്,അങ്ങനെ അമ്മയ്ക് ഞങ്ങൾ കല്യാണ ദിവസം തന്നെ ഒരു കട്ട സർപ്രൈസ് കൊടുത്തു,കല്യാണം കൂടാൻ നാട്ടിൽ നിന്ന് എത്തിയ റിലേറ്റീവ്സ് എല്ലാം തിരിച്ചു തിരുവനന്തപുരത്ത് നിന്നു മലപ്പുറത്തേക്ക് കയറാൻ നീക്കുകയായിരുന്നു.
അമ്മയും വന്ന ബസിൽ കേറാൻ നോക്കിയപ്പോഴാണ് തിരിച്ചു രാവിലെ ഫ്ലൈറ്റിൽ പോകാം എന്ന് പറഞ്ഞത്,അമ്മ ശരിക്കും ഷോക്കടിച്ച പോലെയായി,ഐഡി കാർഡ് വേണ്ടേ എന്നായി ബന്ധുക്കളുടെ സംശയംനമ്മളേതാ മൊതല്കഴിഞ്ഞ തവണ വീട്ടിൽ വന്നപ്പോ അതും അടിച്ചു മാറ്റിയിട്ടല്ലേ പോന്നത്,
രാവിലെ അമ്മയ്ക്കു ചെറിയൊരു പേടി ഉണ്ടായിരുന്നു, പിന്നെ ഞാനും അമ്മയുടെ പുതിയ മരുമോളും കൂടെ അതൊക്കെ അങ്ങ് മാറ്റി.അങ്ങനെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് ഒരു മണിക്കൂർ അമ്മയും പറന്നു.ഇതൊക്കെ ഇത്ര വലിയ കാര്യം ആണോന്നു ചോദിക്കുന്നവർ ഉണ്ടാകും.
അമ്മ ഇതിനു മുന്നേ ട്രെയിനിൽ തന്നെ ആകെ ഒന്നോ രണ്ടോ തവണയെ പോയിട്ടുള്ളൂ.പിന്നെ ആ കയ്യൊന്ന് ചേർത്ത് പിടിച്ചാൽഅറിയാം, വയലിൽ ഞാറു നട്ടത്തിന്റെയും കറ്റ മെതിച്ചതിന്റെയും ചൂര് ഇപ്പോഴും കിട്ടുംഅപ്പോ അവർക്ക് ഇതൊക്കെയല്ലേ വല്യ സന്തോഷങ്ങൾ..