Breaking News
Home / Lifestyle / ആത്മഹത്യയെ പുറത്താക്കിയ ഗ്രാമം നാടിനെ കൈപ്പിടിച്ചുയര്‍ത്തി ഒരു അധ്യാപകന്‍

ആത്മഹത്യയെ പുറത്താക്കിയ ഗ്രാമം നാടിനെ കൈപ്പിടിച്ചുയര്‍ത്തി ഒരു അധ്യാപകന്‍

ആത്മഹത്യയ്ക്ക് ദുഷ് പേരുകേട്ട നാടായിരുന്നു തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലുള്ള നീഡമംഗലം ഗ്രാമം. എന്ത് പ്രശ്‌നം വന്നാലും ആത്മഹത്യയില്‍ പരിഹാരം കണ്ടെത്തിയിരുന്ന ഒരു കൂട്ടം ജനങ്ങള്‍. അങ്ങനെ ഗ്രാമത്തിലേക്ക് ദൈവദൂതനായി ഒരു അധ്യാപകനെത്തുന്നതോടെ നീഡമംഗലത്തിന്റെ കുപ്രസിദ്ധി പതിയെ മാഞ്ഞുതുടങ്ങി.

ഗ്രാമത്തിലെ സ്‌കൂളിലേക്കു ജോലിക്കെത്തിയ ആനന്ദ് ത്യാഗരാജനാണ് ഗ്രാമത്തെ പിടിമുറുക്കിയ ആത്മഹത്യയുടെ വിഷ വിത്ത് ഇല്ലാതാക്കിയത്. അദ്ദേഹം സ്‌കൂളില്‍ ചാര്‍ജ്ജെടുത്തപ്പോള്‍ തന്നെ ഇത് തിരിച്ചറിഞ്ഞു. വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന് അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ആ കുട്ടികളുടെ അവസ്ഥ പെട്ടെന്ന് മനസിലായി.

സ്‌കൂളില്‍ രക്ഷാകര്‍ത്താക്കളുടെ യോഗം വെച്ചു കഴിഞ്ഞാല്‍ ആളുകളുടെ എണ്ണം വളരെ കുറവായിരുന്നു. ചിലപ്പോള്‍ കുട്ടികളുടെ അച്ഛനുണ്ടാകും, അമ്മയുണ്ടാകില്ല. മിക്കവര്‍ക്കും യോഗത്തില്‍ പങ്കെടുക്കാന്‍ ആരുമുണ്ടായിരുന്നില്ല. മിക്കവര്‍ക്കും അച്ഛനെയോ, അമ്മയേയോ രണ്ടു പേരേയുമോ നഷ്ടപ്പെട്ടിരുന്നു.

1995നും 2011നും ഇടയില്‍ ഇവിടെ നടന്ന 92 മരണങ്ങളില്‍ 83ഉം ആത്മഹത്യ മൂലമായിരുന്നു. വീട്ടിലെ ചെറിയ വഴക്കോ, അയല്‍ക്കാരനുമായി ഉണ്ടാകുന്ന കശപിശയോ പോലും ആത്മഹത്യയിലേക്കു നയിക്കുന്ന അവസ്ഥ. ഇതിനൊരു പരിഹാരം കാണാന്‍ ആനന്ദ് ബോധവത്ക്കരണവുമായി വിദ്യാര്‍ഥികളെയും കൂട്ടിയിറങ്ങി.

ഗ്രാമത്തിലുള്ളവരെ ഉപദേശിക്കാനാണ് ആനന്ദ് ആദ്യം ശ്രമിച്ചത്. അതിനു പക്ഷേ ഉദ്ദേശിച്ച തരത്തിലുള്ള പ്രതികരണം ലഭിച്ചില്ല. രണ്ടാം വട്ടം വിദ്യാര്‍ഥികളെയും കൂടി ബോധവത്ക്കരണത്തിന്റെ ഭാഗമാക്കി. സ്‌കൂളിലെ വാര്‍ഷികാഘോഷ ചടങ്ങില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ പ്രമേയമാക്കി ഒരു നാടകം അവതരിപ്പിച്ചു.

തുടര്‍ന്ന് ഈ വിഷയത്തില്‍ ബോധവത്ക്കരണ റാലികളും തെരുവു നാടകങ്ങളും ആനന്ദും വിദ്യാര്‍ഥികളും ചേര്‍ന്നു സംഘടിപ്പിച്ചു. അടുത്ത ഘട്ടത്തില്‍ ഒരു സന്നദ്ധ സംഘടനയുമായി ചേര്‍ന്നു ഗ്രാമത്തിലെ യുവാക്കളെ ചേര്‍ത്തു ഡയമണ്ട് ബോയ്സ് എന്നൊരു യൂത്ത് ക്ലബ് ഇവര്‍ ആരംഭിച്ചു.

ക്ലബ് അംഗങ്ങള്‍ ഗ്രാമത്തിലെ 380 വീടുകളിലും കയറിയിറങ്ങി കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തി. സ്‌കൂള്‍ വാര്‍ഷികത്തില്‍ അവതരിപ്പിച്ച നാടകം ഗ്രാമത്തിലെ ഓരോ തെരുവിലും വീണ്ടും വീണ്ടും അരങ്ങേറി. ആത്മഹത്യാ രഹിത സമൂഹമെന്ന സന്ദേശം ഈ തെരുവു നാടകങ്ങള്‍ ഓരോ തവണയും വിളിച്ചു പറഞ്ഞു.

2013 അവസാനത്തോടെ ഗ്രാമത്തില്‍ നിന്ന് ആത്മഹത്യയെ പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ ഇവര്‍ക്കു സാധിച്ചു. ഇന്നിവിടെ ആരും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നുപോലുമില്ല, എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്നു.

സ്‌കൂളിന ദേശീയ, രാജ്യാന്തരതലത്തില്‍ ശ്രദ്ധനേടി. ഇവിടുത്തെ വിദ്യാര്‍ഥികളുടെ പഠനനിലവാരവും കാര്യമായി മെച്ചപ്പെട്ടു. ഒരധ്യാപകനും കുറച്ചു വിദ്യാര്‍ഥികളും ചേര്‍ന്നു നടപ്പാക്കിയ സാമൂഹിക മാറ്റത്തിനു നിറഞ്ഞ കയ്യടികളുമായി നിരവധി പേരാണ് ഇപ്പോഴും ഈ ഗ്രാമത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

About Intensive Promo

Leave a Reply

Your email address will not be published.