Breaking News
Home / Lifestyle / കരിങ്കോഴി വെച്ച് ഇനിയും ട്രോളരുത് കരീമിന് ഇത് ജീവിതമാണ്

കരിങ്കോഴി വെച്ച് ഇനിയും ട്രോളരുത് കരീമിന് ഇത് ജീവിതമാണ്

ഫേസ്ബുക്കില്‍ ഈ രണ്ട് ദിവസങ്ങളിലായി തരംഗമായി മാറിയിരിക്കുകയാണ് കരിങ്കോഴിയുടെ വില്‍പ്പന. ഫേസ്ബുക്കില്‍ ഏതാണ്ടെല്ലാ പോസ്റ്റുകള്‍ക്ക് താഴെയും ‘കരിങ്കോഴികളെ വില്‍പ്പന’ നടത്തുന്നതായ പോസ്റ്റ് ട്രോളന്‍മാര്‍ കളിയാക്കാനായി ഉപയോഗിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്.

സംവിധായകനായ ഒമര്‍ ലുലു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ പോസ്റ്റുകള്‍ക്ക് താഴെയും ആദ്യം കണ്ട കരിങ്കോഴി വില്‍പ്പന പിന്നീട് ഫേസ്ബുക്കിലെ ഏതാണ്ടെല്ലാ പോസ്റ്റുകള്‍ക്ക് താഴെയും കമന്റ് ചെയ്തതോടെ കഷ്ടത്തിലായത് ഇതിന്റെ യഥാര്‍ത്ഥ ഉടമയായ മണ്ണാര്‍ക്കാട് തച്ചനാട്ടുക്കര സ്വദേശി അബ്ദുല്‍ കരീമാണ്.

സംഭവത്തിലെ സത്യാസ്ഥ?

കരീം സ്വദേശമായ മണ്ണാര്‍ക്കാട് തച്ചനാട്ടുകരക്കടുത്ത് തന്റെ കരിങ്കോഴി വില്‍പ്പന നടത്തുന്ന കടയുടെ സമീപം സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ തന്നെ സുഹ്യത്തുക്കളായ രണ്ട് പേര്‍ക്ക് ഈ ഫോട്ടോ കമന്റായി കൊടുത്തത് തൊട്ടാണ് സംഗതി വൈറലാകുന്നത്.

പിന്നീട് ഈ ഒരു പരസ്യമാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള ട്രോളന്‍മാര്‍ ട്രോളാന്‍ ഉപയോഗിക്കുന്നതെന്ന് കരീം പറയുന്നു. മണ്ണാര്‍ക്കാട് സ്വന്തമായ കടയില്‍ വില്‍പ്പന നടത്തുന്ന കരിങ്കോഴികള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ടെന്ന് കരീം പറയുന്നു. ഇപ്പോഴത്തെ ട്രോളിലൂടെ ശരിക്കും ആളറിയാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിളിച്ച് തെറി പറയുകയാണെന്നാണ് കരീം പരാതി പറയുന്നത്.

‘ആളുകള്‍ രാവിലെ തൊട്ട് നിര്‍ത്താതെ ഫോണ്‍ വിളിക്കുകയാണ്, എടുത്താല്‍ വെറുതെ തെറി പറയും. കുറച്ച് പേര് മാത്രമാണ് ആവശ്യക്കാരായ കച്ചവടക്കാരായുള്ളു, അവര്‍ക്ക് ഞങ്ങള്‍ കോഴികളെ കൊടുക്കുന്നുമുണ്ട്’; കരീം പരിഭവം പറയുന്നു.

കരിങ്കോഴി വില്‍പ്പനക്ക് അല്ലാതെ സത്യാവസ്ഥ അറിയാനായിട്ടും നിരവധി പേര്‍ ദിവസവും വിളിക്കുന്നുണ്ടെന്നും കരീം പറയുന്നു. ഇന്നൊരു ദിവസം മൂന്ന് പേര് മാത്രമാണ് കച്ചവടത്തിനായി വിളിച്ചതെന്നും ഭൂരിഭാഗം പേരും തെറിവിളിക്കാനായാണ് വിളിക്കുന്നതെന്നും പറയുന്ന കരീം,

പക്ഷേ ലഭിക്കുന്ന കച്ചവടത്തില്‍ സംതൃപ്തനാണ്. ആരെയും പ്രതീക്ഷിച്ചല്ല കച്ചവടം തുടങ്ങിയതെന്നും പടച്ചവന്‍ സഹായിച്ച് എല്ലാം നല്ലതായി വരുന്നെന്നും കരീം സന്തോഷത്തോടെ പറയുന്നു. തെറി പറയുന്നവര്‍ക്ക് ഇതിന്റെ പിന്നിലുള്ള സത്യവസ്ഥ അറിയാഞ്ഞിട്ടാകും, വിളിച്ച് അറിയുന്നവര്‍ കോഴിയെ വാങ്ങി പോകുന്നുണ്ടെന്നും പറയുന്നു കരീം.

എന്താണ് കടക്ക്നാഥ് അല്ലെങ്കില്‍ കരിങ്കോഴി ?

പടിഞ്ഞാറന്‍ മധ്യപ്രദേശിലെ പ്രാദേശിക ബ്രീഡായ കരിങ്കോഴികള്‍ക്ക് ആയുര്‍വേദത്തിലും മറ്റും ഔഷധ ഗുണങ്ങളുണ്ടെന്നാണ് അവകാശവാദം. സാധാരണ കോഴികളില്‍ നിന്നും വിഭിന്നമായി കരിങ്കോഴിയുടെ ഇറച്ചി കറുത്ത നിറത്തിലുള്ളതാണെന്ന് മാത്രമല്ല വളരെയധികം പ്രോട്ടീന്‍ നിറഞ്ഞതും കുറഞ്ഞ കൊഴുപ്പടങ്ങിയതുമാണ്. ജി.ഐ ടാഗുള്ള ഇന്ത്യയിലെ ഒരേയൊരു മ്യഗമാണ് കരിങ്കോഴി. 2018 ജൂലൈ 30 നാണ് ഇന്ത്യ ഗവണ്‍മെന്റ് കരിങ്കോഴിക്ക് ജി.ഐ ടാഗ് നല്‍കുന്നത്.

ഒരു പ്രത്യേക പ്രദേശത്തോ രാജ്യത്തോ മാത്രം കണ്ട് വരുന്ന ഉത്പന്നങ്ങള്‍ക്കാണ് ജി.ഐ ടാഗ് നല്‍കാറുള്ളത്. ജി.ഐ ടാഗ് പ്രകാരം ആ പ്രത്യേക പ്രദേശത്തുള്ളവര്‍ക്ക് മാത്രമാകും അതിന്റെ തുടര്‍ന്നുള്ള വിപണനത്തിനും വില്‍പ്പനക്കുമുള്ള സാധ്യത നില നില്‍ക്കുന്നത്. ഒരു ജോഡിക്ക് 350 രൂപ എന്ന നിരക്കിലാണ് കരീം ഇപ്പോള്‍ കരിങ്കോഴി വില്‍പ്പന നടത്തുന്നത്. ഇപ്പോള്‍ മണ്ണാര്‍ക്കാട്ടെ സ്വന്തം കടയില്‍ മാത്രമാണ് കരീമിന്റെ കച്ചവടം.

കരീമിന് പറയാനുള്ളത്

ആരും ഇനിയും ആവശ്യമില്ലാതെ വിളിക്കേണ്ട കാര്യമില്ലെന്നാണ് കരീമിന് ആവശ്യപ്പെടാനുള്ളത്. ഈയാഴ്ചയിലുള്ള സ്റ്റോക്ക് ഇത് വരെ പൂര്‍ത്തിയായെന്നും ഇനി സ്റ്റോക്കെടുക്കാന്‍ പൊള്ളാച്ചിയിലോട്ട് നാളെ പോകാനിരിക്കുകയാണെന്നും കരീം പറയുന്നു. ആവശ്യക്കാരായ ആളുകള്‍ മാത്രം നിങ്ങള്‍ ഇത് വരെ കണ്ട നമ്പറില്‍ വിളിച്ചാല്‍ അത് തനിക്ക് വളരെയധികം ഉപകാരമാകുമെന്നും കരീം പറയുന്നു. അതേസമയം കോട്ടയം, കൊല്ലം, പത്തനംതിട്ട ഭാഗത്തുള്ള നിരവധി പേര്‍ അവിടേക്ക് വിപണനം ഇല്ലാത്തതിന്റെ പരാതി തന്നോട് പങ്ക് വെച്ചെന്നും കരീം പറയുന്നു.

About Intensive Promo

Leave a Reply

Your email address will not be published.