Breaking News
Home / Lifestyle / തയാറാവാൻ പടക്കപ്പലുകൾക്ക് നിർദേശം; അഭ്യാസപ്രകടനങ്ങൾ നിർത്തി

തയാറാവാൻ പടക്കപ്പലുകൾക്ക് നിർദേശം; അഭ്യാസപ്രകടനങ്ങൾ നിർത്തി

രാജ്യം നടുങ്ങിയ പുൽവാമ ഭീകരാക്രമണത്തിന് തക്കതായ മറുപടി നൽകണമെന്ന് പലകോണിൽ നിന്നും ആവശ്യം ഉയരുമ്പോൾ യുദ്ധക്കപ്പലുകളോട് തയാറാവാൻ നിർദേശം ലഭിച്ചെന്ന് സൂചന. അതിർത്തിയിൽ ഉരുത്തിരുഞ്ഞ യുദ്ധസമാന സാഹചര്യത്തിൽ നാവികസേനയുടെ ഏറ്റവും വലിയ യുദ്ധപരിശീലനവും നിർത്തിവച്ചു. യുദ്ധക്കപ്പലുകളോടു മുംബൈ, കാർവാർ, വിശാഖപട്ടണം തീരങ്ങളിലെത്തി പൂർണമായും ആയുധം നിറച്ചു സജ്ജമാകാൻ നിർദേശിച്ചെന്നാണു സൂചന.

ഒരു സംഘം കൊച്ചിയുടെ സമീപത്തും എതിർസംഘം ചെന്നൈയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുമായാണ് അഭ്യാസത്തിനായി നിലയുറപ്പിച്ചിരുന്നത്. നാൽപതോളം യുദ്ധകപ്പലുകളുമായി നടന്നുവരുന്ന ട്രോപക്സ് എന്ന അഭ്യാസപ്രകടനമാണു നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. ഇൗ കപ്പലുകളെല്ലാം തുറമുഖങ്ങളിലെത്തി പൂർണമായും ആയുധം ശേഖരിക്കാനും നിർദേശമുണ്ട്. മുംബൈയിൽനിന്നു രാത്രിയോടെ നാലു യുദ്ധക്കപ്പലുകൾ വെടിക്കോപ്പുകൾ നിറച്ചു സജ്ജമായെന്നാണു റിപ്പോർട്ട്.

രണ്ടുവർഷത്തിൽ ഒരിക്കലാണു ട്രോപക്സ് അഭ്യാസപ്രകടനം നടത്തുന്നത്. നേവിയുടെ എല്ലാ യുദ്ധകപ്പലുകളും പങ്കെടുക്കുന്ന അഭ്യാസത്തിൽ രണ്ടായി തിരിഞ്ഞാണു പരിശീലനം. ജനുവരി 30ന് തുടങ്ങിയ അഭ്യാസപ്രകടനങ്ങൾ മാർച്ച് 14നാണ് അവസാനിക്കേണ്ടിയിരുന്നത്. ഇതിന്റെ നിയന്ത്രണം മുഴുവൻ ഇത്തവണ കൊച്ചി നാവിക ആസ്ഥാനത്തു നിന്നായിരുന്നു.

എല്ലാ ആശയവിനിമയ സംവിധാനവും നിർത്തിവച്ച ശേഷം കപ്പലുകളെ തിരഞ്ഞുകണ്ടുപിടിക്കുന്ന യുദ്ധമുറയായിരുന്നു ഇപ്പോൾ നടന്നുകൊണ്ടിരുന്നത്. സാധാരണ യുദ്ധക്കപ്പലുകളിൽ പൂർണമായി വെടിക്കോപ്പുകൾ നിറയ്ക്കാറില്ല. ഇത്തവണ പൂർണമായും വെടിക്കോപ്പുകൾ തുറമുഖങ്ങളിൽനിന്നു ശേഖരിക്കാനാണു നിർദേശം. അവധിയിലുള്ള നാവികസേനാ ഉദ്യോഗസ്ഥരെല്ലാം മടങ്ങിയെത്താനും നിർദേശിച്ചിരുന്നു. അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കുന്ന കപ്പലുകളുടെയും അന്തർവാഹിനികളുടെയും പണികളും അടിയന്തരമായി പൂർത്തിയാക്കുന്ന തിരക്കിലാണ് സേന.

About Intensive Promo

Leave a Reply

Your email address will not be published.