പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരെ കൊണ്ടുപോകുന്നതില്‍ പിഴവ് സംഭവിച്ചെന്ന് മേജര്‍ രവി. നടപടിക്രമങ്ങള്‍ പലതും (എസ്ഒപി- സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് പ്രൊസീജ്യര്‍) പാലിക്കപ്പെടാതെയാണ് ജവാന്മാരെ ബസുകളില്‍ കയറ്റിയതെന്നും, സൈനികവാഹാനങ്ങള്‍ കടന്നുപോകുമ്പോള്‍ വേണ്ടത്ര സുരക്ഷ ഒരുക്കിയില്ലെന്നും മേജര്‍ രവി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയിലായിരുന്നു മേജര്‍ രവിയുടെ പ്രതികരണം.
‘മഞ്ഞുവീഴ്ച്ച മൂലം നാല് ദിവസം ഗതാഗതം സ്‌തംഭിച്ച് കിടന്ന സ്ഥലമാണ്, എത്രയും പെട്ടെന്ന് റോഡ് ക്ലിയര്‍ ചെയ്‌ത് വിടുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇവിടെ പല നടപടിക്രമങ്ങളും പാലിക്കപ്പെട്ടിട്ടില്ല. ഇത്രയും പട്ടാളക്കാരെ, ഇത്രയും ആയുധങ്ങളുമായി കൊണ്ടുപോകുമ്പോള്‍ ചട്ടങ്ങളെല്ലാം മറന്നു.
50 സീറ്റുള്ള ഒരു ബസിനകത്ത് പരമാവധി 30 പേരെയേ കയറ്റാവൂ എന്നുണ്ട്. 30 ജവാന്മാരുടെ ആയുധങ്ങളും ഉപകരണങ്ങളും കൂടാതെ, സിആര്‍പിഎഫ് ആകുമ്പോള്‍ അവരുടെ കിടക്കകളും ബസില്‍ ഉണ്ടാകും. അതുകൊണ്ടാണ് ഇത്രപേരെ ഒരു ബസില്‍ ഉണ്ടാകാവൂ എന്ന് പറയുന്നത്. എന്നാല്‍ ഇവിടെ 55ന് മുകളില്‍ പട്ടാളക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.
നിയന്ത്രണ രേഖയുമായി പുല്‍വാമിന് എട്ടുകിലോമീറ്റര്‍ മാത്രം ദൂരമേയുള്ളൂ. അക്രമി വാഹനം ഇടിച്ചത് നേരെ വന്നല്ല, ബസിന്റെ സൈഡിലാണ്. പാകിസ്ഥാന്‍ സ്‌പോണ്‍സേര്‍ഡ് അല്ലാതെ ഇത്രയും വലിയൊരു ആയുധശേഖരം സ്വരൂപിക്കാന്‍ കഴിയില്ല. 350 കിലോഗ്രാമുള്ള ആയുധങ്ങള്‍ ഒരാള്‍ക്ക് ഒറ്റയ്ക്ക് കൊണ്ടുവരാന്‍ കഴിയുന്നതല്ല. മഞ്ഞുവീഴ്ച്ച ഉണ്ടാകുന്നതിന് മൂന്നദിവസം മുന്‍പെങ്കിലും അക്രമി വാഹനം തയ്യാറാക്കി നിര്‍ത്തിയിട്ടിരിക്കാമെന്നാണ് കരുതാനാകുന്നത്.
റോഡ് തുറന്നുവിടുന്ന സമയത്ത് രണ്ടുവശത്തെയും വാഹനങ്ങളൊക്കെ നോക്കാതെ സൈനികവാഹനങ്ങളെ ഇറങ്ങാന്‍ പൊതുവെ സമ്മതിക്കാറില്ല. സൈനികവ്യൂഹത്തിന്റെ സഞ്ചാരപാത ക്ലിയര്‍ ചെയ്‌ത് കഴിഞ്ഞാല്‍ മറ്റുള്ളവരുടെ വാഹനങ്ങളൊന്നും അതിനകത്തേക്ക് കയറ്റിവിടില്ല. അപ്പോള്‍ എങ്ങനെ അക്രമി എത്തി?- മേജര്‍ രവി ചോദിച്ചു.
2547 സിആര്‍പിഎഫ് ജവാന്മാരെ ഒറ്റ വാഹനവ്യൂഹമായി അയച്ചത് വലിയ സുരക്ഷാ വീഴ്ച്ചയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 78 വാഹനങ്ങളുള്ളതായിരുന്നു സൈനിക വ്യൂഹം. ഇത്രയും സൈനികരെ റോഡ് മാര്‍ഗം ഒന്നിച്ച് നീക്കുന്നത് വന്‍ സുരക്ഷാപിഴവാണെന്നാണ് വിലയിരുത്തല്‍.