Breaking News
Home / Lifestyle / ആർമി അല്ല CRPF രണ്ടും രണ്ടാണ്, വ്യത്യാസങ്ങൾ അറിയുക; CRPFനും ആർമിക്കുള്ള സൗകര്യങ്ങൾ നൽകുക

ആർമി അല്ല CRPF രണ്ടും രണ്ടാണ്, വ്യത്യാസങ്ങൾ അറിയുക; CRPFനും ആർമിക്കുള്ള സൗകര്യങ്ങൾ നൽകുക

തല്ലുകൊള്ളാൻ ചെണ്ടയും പണം വാങ്ങാൻ മാരാരും എന്ന മലയാളം ചൊല്ലിന് പറ്റിയ ഏറ്റവും വലിയ ഉദാഹരണമാണ് CRPF ന്റെ ജവാന്മാർ മരിച്ചപ്പോൾ നടന്ന #Salute_Army ഹാഷ് ടാഗ്.

പലരും കരുതുന്നത് ഇതു രണ്ടും ഒന്നാണെന്നും നിയന്ത്രിയ്ക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടു പല പേരുകളിൽ അറിയപ്പെടുന്നു എന്നൊക്കെ…

ആർമിയെ ബഹുമാനിച്ചു കൊണ്ടു പറയട്ടെ, ആർമി അല്ല CRPF, രണ്ടിന്റെയും ഡ്യൂട്ടി സ്വഭാവം സൈനിക ശക്തി, സാമ്പത്തിക ആനുകൂല്യം, നിയന്ത്രണ വിഭാഗം, യൂണിഫോം തുടങ്ങി ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള എല്ലാത്തിലും വ്യത്യാസമുണ്ട്.

“പട്ടാളക്കാർ” എന്നു നമ്മൾ പൊതുവേ വിളിയ്ക്കുന്ന ഈ രണ്ടും തമ്മിലുള്ള വ്യത്യാസം കുറച്ചെങ്കിലും നാം അറിഞ്ഞിരിയ്ക്കണം, അറിയുന്നത് PSC പരീക്ഷയ്ക്ക് വേണ്ടിയല്ല, മറിച്ചു നമുക്ക് വേണ്ടി വീരമൃത്യു വരിച്ചവരും നമ്മൾ സല്യൂട്ട് ചെയ്തവരും ആരാണെന്നു അറിയേണ്ട സാമാന്യ അവകാശം രാജ്യത്തെ എല്ലാ പൗരന്മാർക്കുമുണ്ട്.

“മോഹൻലാലും മമ്മൂട്ടിയും” കേരളത്തിലെ രണ്ടു സിനിമാ നടന്മാരാണ്, ഇതിൽ ഒരാളുടെ പടം പൊട്ടിയാൽ മറ്റെയാളെ നമ്മൾ കളിയാക്കുമോ? രണ്ടുപേരും സിനിമാനടന്മാർ അല്ലേ?

അതുപോലെയാണ് ആർമിയും CRPF ഉം.

ആർമി എന്നാൽ “കരസേന” എന്നാണ് അർത്ഥം, ഇതു മിലിട്ടറി വിഭാഗത്തിൽ ഉള്ളതാണ്, ആർമി കൂടാതെ വായു സേന, നാവിക സേന എന്നിവ മാത്രമേ ഈ കൂട്ടത്തിൽ ഉള്ളു, പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലാണ് ഇതുള്ളത്.

ഇനി CRPF എന്നത് (Central Reserve Police Force) ആഭ്യന്തര മന്ത്രാലയത്തിന് കീഴിലും.

പേരിൽ പോലീസ് ഉള്ളത് കൊണ്ടല്ല, CRPF, BSF, RPF, CISF… തുടങ്ങിയ ബഹു ഭൂരിപക്ഷവും അർദ്ധ സൈനിക വിഭാഗത്തിൽ പെടുന്നവയാണ്, ഇവയുടെ തലപ്പത്ത് IPS കാരായ ഉദ്യോഗസ്ഥരാണ്.

IPS എന്നാൽ Indian Police Service എന്നാണെന്ന് പറയേണ്ടല്ലോ അല്ലേ.

കഴിഞ്ഞ ദിവസം CRPF കാർ കൊല്ലപ്പെട്ടപ്പോൾ ആർമിയ്ക്കു ഹാഷ് ടാഗ് അടിച്ചതിനുള്ള നമ്മുടെ തെറ്റിൽ സംഭവിയ്ക്കുന്നത് എന്തെന്നാൽ…. സ്വന്തം ജീവൻ കൊടുത്തിട്ടും ബഹുമാനം മറ്റുള്ളവർക്ക് കിട്ടുന്നു എന്ന സാധാരണ ജവാന്റെ മാനസ്സിക വിഷമം എല്ലാ പാരാമിലിട്ടറിക്കാർക്കും ഉണ്ടാവാൻ സാധ്യതയുണ്ട്.

രണ്ടും ഒരമ്മയുടെ മക്കൾ ആയിട്ടും കഷ്ടപ്പെട്ടത് അനിയനും പേര് ചേട്ടനും എന്നപ്പോലുള്ള ഫീലിംഗ്.

“ആരായാലും സേനയല്ലേ” എന്ന ഒഴുക്കൻ ചോദ്യത്തിൽ, സേനയ്ക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ CRPF നു കിട്ടുന്നില്ല എന്നും സൈന്യം എന്ന പേര് CRPF നു നൽകുന്നില്ല അറിയുക.

അവ എന്തെന്നാൽ

ആർമി കശ്മീരിലെ LOC യിലെ കുറച്ചു ഭാഗം ഒഴികെ ബാക്കി മുഴുവൻ സ്വന്തം ക്യാമ്പിൽ ഡ്യൂട്ടി ചെയ്യുന്ന ഒരു വിഭാഗമാണ്, ട്രെയിനിങ് ആണ് മുഖ്യ ജോലി, ആപത്ത് ഘട്ടങ്ങളിൽ മാത്രം മറ്റു ഡ്യൂട്ടി ചെയ്യുന്നു, അല്ലെങ്കിൽ യുദ്ധം വരുമ്പോൾ… 1999 നു ശേഷം ഇതുവരെ ഇന്ത്യയിൽ യുദ്ധം നടന്നിട്ടില്ല എന്നും ഓർക്കുക.

ഇനി CRPF എന്നാൽ 365 ദിവസവും ഡ്യൂട്ടി ചെയ്യുന്ന വിഭാഗം, ആന്തരിക സുരക്ഷ ആണ് പ്രധാന ജോലി.

ഇലക്ഷൻ സമയത്തു, നക്സൽ ഓപ്പറേഷൻ, ആഭ്യന്തര കലാപം, മത ലഹള, രാഷ്ട്രീയ പ്രശ്നങ്ങൾ, തുടങ്ങി വെള്ളപ്പൊക്കം സുനാമി, ഭൂകമ്പം, ഉരുൾ പൊട്ടൽ, അങ്ങനെ എന്തൊക്കെ ജോലിയ്ക്ക് സർക്കാരിന്റെ ഭാഗത്തു നിന്നും ആൾ ബലം ആവശ്യമാണോ അതെല്ലാം ചെയ്യേണ്ടി വരുന്നു. അതിർത്തി സംരക്ഷണം ഒഴികെ.

അതിർത്തിയിൽ :- BSF (മെയിൻ റോൾ), ആർമി(LoC മാത്രം), ITBP, SSB എന്നിവർ

ഇങ്ങനെയുള്ള CRPF നാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ആൾ നഷ്ടം സംഭവിയ്ക്കുന്നത്, നക്സൽ പ്രഭാവ പ്രദേശങ്ങളിൽ CRPF ജവാന്മാർ ബലിയാടാവുന്നതിനു കൈയ്യും കണക്കുമില്ല. പക്ഷേ നമ്മൾ അറിയുന്നില്ല എന്നു മാത്രം.

ഡ്യൂട്ടി യിൽ മാത്രമല്ല സർക്കാരിന്റെ സൗകര്യങ്ങളും ഒരുപാട് വ്യത്യാസം ആർമിയും CRPF ഉം തമ്മിലുണ്ട്, അവ എന്തെന്നാൽ.

അവധി :- ആർമി= 90 ദിവസം, CRPF = 75.

അവധിയ്ക്ക് പോകാനുള്ള ഫ്രീ ടിക്കറ്റ് , ആർമി ഓരോ വർഷവും 4(6?) എണ്ണം , കൂടാതെ കൂടുതൽ ലീവിന് ഓരോ യാത്രയുടെയും പകുതി. CRPF = വർഷത്തിൽ 3 എണ്ണം മാത്രം. കൂടാതെ ആർമിയ്ക്കു മിലിട്ടറി കമ്പാർട്ടു മെന്റ് ട്രെയിനും, റയിൽവേ സ്റ്റേഷനിൽ കാതിരിയ്ക്കേണ്ടി വന്നാൽ MCO യും. CRPF നു സാധാരണ പൗരനെ പോലെ തന്നെ എല്ലാം.

കാന്റീൻ സർവീസ് :- ആർമിയ്ക്കു മാസത്തിൽ 4 കുപ്പി മദ്യം, പിന്നെ ഗ്രോസറി സാധനങ്ങൾക്ക് പൂർണ്ണമായും നികുതി ഇല്ല. CRPF നും പൂർണ്ണമായും മദ്യം ലഭിയ്ക്കില്ല, അഥവാ കിട്ടിയാലും എണ്ണത്തിൽ കുറവും, വില കൂടുതലും. ഗ്രോസറി സാധനങ്ങൾക്ക് GST ബാധകം.

യൂണിഫോം:- ആർമിയ്ക്കു കിട്ടുന്നത് ഏറ്റവും മികച്ചത് ആണെങ്കിൽ അതുപോലെ മികച്ചത് CRPF നു വേണേൽ അധികം പണം നൽകി പുറത്തെ കടയിൽ നിന്നും വാങ്ങണം.

ശമ്പളം :- ആർമി ജവാൻ 10 വർഷം ജോലി ചെയ്യുമ്പോൾ കിട്ടുന്ന മൊത്തം ശമ്പളം CRPF കാരൻ ജോലി ചെയ്തു നേടണമെങ്കിൽ 16 വർഷമെങ്കിലുമെടുക്കും. മാത്രമല്ല ആർമിയ്ക്കു ലഭിയ്ക്കുന്ന എസ്ട്രാ ഡ്യൂട്ടിക്ക്(കേരളത്തിലെ വെള്ളപ്പൊക്ക ഡ്യൂട്ടി പോലെ) കൂടുതൽ ശമ്പളം നൽകുന്നു.

One Rank One Pension (OROP) ഒരിയ്ക്കലും CRPF നെ പോലുള്ള പാരാ മിലിട്ടറിക്കാർക്കു അനുവദിച്ചിട്ടില്ല, മാത്രമല്ല ഒരു ആർമി ജവാനും ഒരു CRPF ജവാനും പെൻഷൻ പറ്റുമ്പോൾ അവരുടെ പെന്ഷനിൽ 3000 മുതൽ 5000 രൂപയുടെ വരെ വ്യത്യസമുണ്ട്, ആർമി ജവാൻ പെൻഷൻ ആയാൽ Ex-Service പദവി ലഭിയ്ക്കുകയും വിദ്യാഭ്യാസം അനുസരിച്ചു സ്റ്റേറ്റ് സർക്കാരിൽ വീണ്ടും ജോലി ലഭിയ്ക്കും. എന്നാൽ CRPF ജവാൻ പെൻഷൻ ആയാൽ അവന്റെ കായിക-ശാരീരിക ക്ഷമത അനുസരിച്ചു സെക്യൂരിറ്റി ആയി ജോലി ചെയ്യേണ്ടി വരും

പ്രൊമോഷൻ :- ആർമി 6 വർഷം കൊണ്ട് ഒരു ജവാൻ പ്രമോഷൻ നേടുമെങ്കിൽ CRPF യിൽ 18 വർഷമോളം എടുക്കും, പക്ഷേ എന്നിട്ടും ഡ്യൂട്ടി പഴയതു തന്നെ.

കൂടാതെ ആയുധങ്ങൾ, വാഹന സൗകര്യം, മറ്റു എല്ലാവിധ സൗകര്യങ്ങളും ആർമിയ്ക്കു കിട്ടുന്നതിന്റെ പകുതി പോലും CRPF നു ലഭിയ്ക്കുന്നില്ല.

ഇതൊക്കെ സഹിച്ചു ഡ്യൂട്ടി ചെയ്തു മരണം സംഭവിച്ചാലോ?

ആർമി ജവാനെ പോലെ CRPF കാരന്”രക്തസാക്ഷി”പദവി ലഭിയ്ക്കില്ല, സർക്കാരിൽ നിന്നും ലഭിയ്ക്കുന്ന ഏതാനും ലക്ഷങ്ങൾ ഒഴികെ വേറെ ഒന്നുമില്ല, എന്നാൽ ആർമി ജവാന് ഭാര്യയ്ക്ക് ജോലി, പെട്രോൾ പമ്പ്, വീട്ടിലെ നികുതി ഒഴിവ് അങ്ങനെ എന്തെല്ലാം.

ആർമി ജവാന് പലതരം ബഹുമതികളും ലഭിയ്ക്കുമെങ്കിലും CRPF ജവാന് വെറും ഡ്യൂട്ടി മാത്രം മിച്ചം.

കൂടുതൽ തുറന്നു എഴുതാൻ നിയമം അനുവധിയ്ക്കുന്നില്ല, എങ്കിലും നമ്മൾ സല്യൂട്ട് ചെയ്യുന്ന ആർമി അല്ല നമ്മുടെ CRPF ജവാന്മാർ എന്നു നാം അറിഞ്ഞിരിയ്ക്കണം.

ആർമിയ്ക്കു കിട്ടുന്ന സൗകര്യം CRPF നും, അതുപോലെ ഡ്യൂട്ടി ചെയ്യുന്ന പാരാമിലിട്ടറികാർക്കും കൊടുക്കാൻ നമ്മുടെ സർക്കാർ തയ്യാറല്ല, സർക്കാരിന് എന്നും ഇങ്ങനെ മാധ്യമങ്ങളുടെ മുന്നിൽ മുതലക്കണ്ണീർ ഒഴുക്കിയാൽ മതി…

പക്ഷേ നമ്മൾ ഈ വ്യത്യാസം മനസ്സിലാക്കേണ്ടത് കടമയാണ്, രാജ്യസ്നേഹം എന്നാൽ കണ്ണടച്ചു ജയ് വിളിയ്ക്കുന്നത് മാത്രമല്ല ഇതൊക്കെ അറിഞ്ഞിരിയ്ക്കേണ്ടത് കൂടിയാണ് എന്നുമല്ലേ…

നമ്മളെക്കൊണ്ടു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പ്രവൃത്തി എന്തെന്നാൽ CRPF നും ആർമിയെ പോലുള്ള സൗകര്യങ്ങൾ നൽകാൻ സർക്കാരിനെ പ്രേരിപ്പിക്കുക എന്നത് മാത്രമാണ്…. എന്തേ ശ്രമിച്ചാൽ പറ്റില്ലേ?

കാരണം, നമുക്ക് വേണ്ടിയാണ് അവർ പൊട്ടി ചിതറിയത്, അപ്പോൾ നമ്മൾ അവരെ അറിഞ്ഞിരിയ്ക്കേണ്ടേ? ആർക്കു അർഹമായ ആനുകൂല്യങ്ങൾ നേടിക്കൊടുക്കേണ്ടേ?

#Salute_CRPF

About Intensive Promo

Leave a Reply

Your email address will not be published.