Breaking News
Home / Lifestyle / രാജ്യത്തിനുവേണ്ടി പോരാടി സഹോദരന്‍ മരിച്ചതില്‍ അഭിമാനിക്കുന്നു

രാജ്യത്തിനുവേണ്ടി പോരാടി സഹോദരന്‍ മരിച്ചതില്‍ അഭിമാനിക്കുന്നു

രാജ്യത്തിന് വേണ്ടി ജീവത്യാഹം നടത്തിയ സൈനികര്‍ക്ക് അഭിവാദ്യമാര്‍പ്പിക്കുകയാണ് ലോകമെമ്പാടുമുള്ള ഭാരതീയര്‍. അതിനിടെ രാജ്യത്തിനുവേണ്ടി പോരാടി സഹോദരന്‍ മരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വിവി വസന്തകുമാറിന്റെ സഹോദരന്‍ വ്യക്തമാക്കി. വയനാട് ലിക്കിടി സ്വദേശിയയാ വസന്തകുമാറിന്റെ മരണം സ്ഥിരീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഹോദരന്‍ സജീവന്‍.

ഒരു മാസത്തെ അവധിക്കുശേഷം ഈ മാസം ഒന്നിനാണ് വസന്തകുമാര്‍ കാശ്മീരിലേക്കു മടങ്ങിയത്. 2001ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേല്‍ക്കാന്‍ പോകുകയായിരുന്നു. രണ്ടു കുട്ടികളുടെ അച്ഛനാണ് വസന്തകുമാറിന്. എട്ട് മാസം മുമ്പാണ് ഇവരുടെ പിതാവ് മരിച്ചത്.

ജമ്മു ശ്രീനഗര്‍ ദേശീയ പാതയില്‍ അവന്തിപോരയില്‍ സിആര്‍പിഎഫ് സംഘത്തിന്റെ വാഹനവ്യൂഹത്തിന് നേരെയാണ് ജയ്‌ഷെ മുഹമ്മദ് അംഗം ആദില്‍ അഹമ്മദ് ചാവേര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വസന്ത് കുമാര്‍ ഉള്‍പ്പെടെ 44 ജവാന്‍മാരാണു കൊല്ലപ്പെട്ടത്. ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസുകള്‍ക്കു നേര്‍ക്ക് ഭീകരന്‍ 200 കിലോ സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ വാഹനം ഇടിച്ചുകയറ്റുകയായിരുന്നു.

കാഷ്മീര്‍ താഴ്വരയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ പോയ ജവാന്‍മാരാണ് ആക്രമണത്തിനിരയായത്. ഇവരിലേറെയും അവധി കഴിഞ്ഞ് എത്തിയവരായിരുന്നു. സിആര്‍പിഎഫിന്റെ 54ാം ബറ്റാലിയന്‍ ബസാണ് ആക്രമിക്കപ്പെട്ടത്. 78 ബസുകളാണ് ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോയ വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. 2500ല്‍ അധികം ജവാന്മാര്‍ വാഹനങ്ങളിലുണ്ടായിരുന്നു.

അതേസമയം പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ കശ്മീരില്‍ നടന്ന ഭീകരാക്രമണം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. നിന്ദ്യമായ ആക്രമണമാണ് നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായും പ്രധാനമന്ത്രി സംസാരിച്ചു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വെള്ളിയാഴ്ചത്തെ ബീഹാര്‍ സന്ദര്‍ശനം റദ്ദാക്കി. അദ്ദേഹം ഇന്ന് കശ്മീരില്‍ എത്തും.

സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് നേരെ പുല്‍വാമയില്‍ നടന്ന ആക്രമണം നിന്ദ്യമാണ്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. നമ്മുടെ സുരക്ഷാ സേനയുടെ ജീവത്യാഗം പാഴാകില്ല. ധീരരക്തസാക്ഷികളുടെ കുടുംബങ്ങളോടൊപ്പം രാജ്യം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുകയാണ്. പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും കശ്മീര്‍ ഭീകരാക്രമണത്തെ അപലപിച്ചു. ആക്രമണത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. ഈ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും യോജിച്ച് മുന്നോട്ട് വരണമെന്നും മെഹബൂബ പറഞ്ഞു. ആക്രമണം ഞെട്ടിക്കുന്നതാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, രണ്‍ദീപ് സിംഗ് സുര്‍ജേവാല തുടങ്ങിയവരും ആക്രമണത്തെ അപലപിച്ചു.

About Intensive Promo

Leave a Reply

Your email address will not be published.