നീ സേഫ് ആണല്ലോ…”
സഹതാപം ആണ് എനിക്ക് ഈ ചോദ്യത്തോട്. ഒരു ഏറ്റുമുട്ടൽ വാർത്ത അറിയുമ്പോൾ എന്നെപോലെ എല്ലാ പട്ടാളക്കാരന്റെയും ഫോണിലേക്കു വരുന്ന ചോദ്യമാണിത്.
അല്ല. ഞാൻ സേഫ് അല്ല. എന്റെ മാതൃരാജ്യത്തിന്റെ മുകളിൽ വട്ടമിട്ടു പറക്കുന്നു തീവ്രവാദത്തിന്റെ അവസാനത്തെ കഴുകന്റേയും ചിറകരിഞ്ഞു വീഴ്ത്തുന്നതുവരെയും എന്റെ ജീവൻ സേഫ് അല്ല. അങ്ങനെ സേഫ് ആകാൻ ഞാൻ ആഗ്രഹിക്കിന്നുമില്ല. എനിക്ക് പേടിയില്ല. അല്ലെങ്കിലും ഒരു പട്ടാളക്കാരനോട് പേടിയുണ്ടോ എന്ന് ചോദിക്കുന്നത് അവനെ കൊല്ലുന്നതിനു തുല്യമല്ലെ?
ഇന്ന് ഞാൻ കണ്ടു എന്റെ സുഹൃത്തിനെ. ട്രെയിനിങ് ക്യാമ്പ് മുതൽ ഇവിടെ ഈ എല്ലു മുറിയുന്ന തണുപ്പിലും എന്റെ നിഴലായി, കൂടെ പിറക്കാതെ പോയ സഹോദരനായി, ഇന്നലെ രാത്രി വരെ ഒരേ മുറിയിൽ കൂടെ കിടന്നു ഉറങ്ങിയവൻ. അമരീന്ദർ സിംഗ്. അവന്റെ പൗരുഷം തുളുമ്പുന്ന പഞ്ചാബി മുഖം പൊള്ളി കരിഞ്ഞു വികൃതമായിരുന്നു.
ഞാൻ ആയിരുന്നു ആ വണ്ടിയിൽ കയറേണ്ടിയിരുന്നത്. എന്നെ തള്ളിമാറ്റി നീ അടുത്ത വണ്ടിയിൽ വാ എന്ന് പറഞ്ഞു പിരിച്ചുവച്ച കോലൻ മീശയുടെ താഴെ തെളിയുന്ന നുണക്കുഴി കാട്ടിയുള്ള അവന്റെ ആ ചിരി എന്റെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.
എനിക്ക് അവനോട് അസൂയ ആണ് തോന്നുന്നത്. രാജ്യത്തിൻറെ വീരപുത്രൻ ആവാനുള്ള അവസരത്തിൽ നിന്നുമാണ് അവൻ എന്നെ തള്ളി മാറ്റിയത്. മുന്നിൽ പോകുന്ന വണ്ടിയുടെ അവസാനത്തെ സീറ്റിൽ നിന്നും അവൻ എന്നെ കൈവീശി കാണിച്ചു. പിന്നെ അതൊരു തീഗോളമായി മാറുന്നതാണ് ഞാൻ കണ്ടത്. രാജ്യത്തിന് വേണ്ടി ആയുധം എടുത്ത 29 സഹോദരന്മാരോടൊപ്പം അവനും യാത്രയായി.
ഗുർദാസ്പുരിലെ അവന്റെ വീട്ടിൽ ഞാൻ പോയിട്ടില്ല. എന്നാലും അവന്റെ കുഞ്ഞനുജത്തി ഗ്യാൻപ്രീത് ഏട്ടനെ വിളിച്ചു കരയുന്നത് എനിക്ക് കാണാം. അച്ഛനെയും അമ്മയെയും ചെറുപ്പത്തിലേ നഷ്ടപെട്ട അവൾക്കു ഏട്ടനായിരുന്നു എല്ലാം.
അവനു പകരം ആയിരം ഏട്ടന്മാർ അവൾക്കൊപ്പം ഉണ്ടാവും. അതിൽ പഞ്ചാബിയും മലയാളിയും തമിഴനും ബംഗാളിയും ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഉണ്ടാവും. അവൾ സേഫ് ആണ്. അതെ ഓരോ ഇന്ത്യക്കാരനും സേഫ് ആണ്. ഇത് തലയിൽ അശോകചക്രവും കയ്യിൽ തോക്കും അണിഞ്ഞ ഓരോ സൈനികന്റെയും ഉറപ്പാണ്.
ഞാൻ സേഫ് അല്ല. എന്റെ ജീവൻ സേഫ് അല്ല. സർക്കാർ അനുവദിച്ച പ്രായപരിധിക്കപ്പുറം ഒരു രണ്ടാം ചർമം പോലെ എന്റെ ദേഹത്തൊട്ടിയ ഈ യൂണിഫോം ചങ്കു പറിയുന്ന വേദനയുടെയും ഉള്ളിൽ നിറഞ്ഞ അഭിമാനത്തോടെയും അഴിച്ചു വെക്കുന്നത് വരെ ഞാൻ സേഫ് അല്ല. ഇനി അതിനു മുമ്പ് ഞാൻ സേഫ് ആവുമെങ്കിൽ എന്റെ സഹപ്രവർത്തകരുടെ തോളിൽ ഏറി ഞാൻ എന്റെ വീട്ടിലേക്കു വരും. ജീവിതകാലം അത്രയും നെഞ്ചോട് ചേർത്തുപിടിച്ച ത്രിവർണ്ണപതാകയും പുതച്ചുകൊണ്ട്, സേഫ് ആയി.
(പേരുകളും സന്ദർഭവും സങ്കല്പികമാണ്.)