മോഹന്‍ലാലിന് 50 കോടി പോയിട്ട് 50 രൂപ പോലും നല്‍കില്ലെന്ന് ഖാദി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ്. ലാലിന്റെ വക്കീല്‍ നോട്ടിസിനെ നിയമപരമായി നേരിടുമെന്നും അവര്‍ പറഞ്ഞു. ഒരു പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയുമായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടതിനെ ശോഭനാ ജോര്‍ജ് വിമര്‍ശിച്ചിരുന്നു. ഇതിനെതിരായാണ് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചത്.
പ്രളയത്തിന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബോര്‍ഡിന് 50 കോടിരൂപ പോയിട്ട് 50 രൂപ പോലും നല്‍കാന്‍ കഴിയില്ല. മുഴുവന്‍ നൂലും ഉല്‍പ്പന്നങ്ങളും വില്‍പ്പന നടത്തിയാലും 50 കോടിരൂപ ലഭിക്കില്ലെന്നും ശോഭന ജോര്‍ജ് പറഞ്ഞു. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും മോഹന്‍ലാലിന് അഭ്യര്‍ഥനയുടെ പേരിലാണ് നോട്ടീസ് അയച്ചത്. പരസ്യത്തില്‍ നിന്ന് പിന്‍മാറണമെന്ന് അഭ്യര്‍ഥിക്കുകയാണ് ചെയ്തത്.
കഴിഞ്ഞ മാസമാണ് മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടീസ് ലഭിക്കുന്നത്. എന്ത് ചെയ്യണമെന്ന് ആലോചിക്കുകയാണെന്നും ശോഭനാ ജോര്‍ജ് പ്രതികരിച്ചു. വിഷയത്തില്‍ ലാലിനോട് മാപ്പു പറയേണ്ട ആവശ്യമില്ല. ചര്‍ക്ക ആരെങ്കിലും ദുരുപയോഗിക്കുന്നത് ചോദ്യം ചെയ്യേണ്ട ബാധ്യത ഖാദി ബോര്‍ഡിനുണ്ട്. ഖാദിയും ‘രഘുപതി രാഘവ’ കീര്‍ത്തനവും സ്വകാര്യ സ്ഥാപനം ഉപയോഗിച്ചതാണ് ചോദ്യം ചെയ്തതെന്നും ശോഭന ജോര്‍ജ് പറഞ്ഞു.