Breaking News
Home / Lifestyle / വിശക്കുന്ന നൂറുകണക്കിന് ആളുകള്‍ക്ക് റൊട്ടിയുമായി ഓടിയെത്തും ഈ പത്താംക്ലാസുകാരി

വിശക്കുന്ന നൂറുകണക്കിന് ആളുകള്‍ക്ക് റൊട്ടിയുമായി ഓടിയെത്തും ഈ പത്താംക്ലാസുകാരി

വിവാഹ സത്കാരത്തില്‍ പങ്കെടുക്കവെ, അവിടെ ഉണ്ടായ ഒരു സംഭവം ആപെണ്‍കുട്ടിയുടെ ഉള്ളുലച്ചു. നൂറുണക്കിന് പേര്‍ക്കുണ്ടാക്കിയ ഭക്ഷണങ്ങള്‍ ആവശ്യക്കാരില്ലാതെ വേസ്റ്റ് ബിന്നില്‍ കുമിഞ്ഞുകൂടുന്നു. എത്രയോ ആളുകള്‍ ഭക്ഷണമില്ലാതെ പട്ടിണിക്ക് അടിമപ്പെട്ട നാട്ടിലെ ഈ ഭക്ഷണ ധൂര്‍ത്ത് അവളെ മാറ്റി ചിന്തിപ്പിച്ചു.

രാജ്യത്ത് ഭക്ഷണമില്ലാതെ ആയിരങ്ങള്‍ പട്ടിണിയിലാകാന്‍ കാരണം ഭക്ഷ്യവസ്തുക്കളുടെ ക്ഷാമമല്ല, ആവശ്യക്കാര്‍ക്ക് വേണ്ടത്ര ഭക്ഷണമെത്താത് ആണെന്ന തിരിച്ചറിവാണ് തൈറ ഭാര്‍ഗവ എന്ന പെണ്‍കുട്ടിക്ക് അന്നുണ്ടായത്. ഒരു വര്‍ഷം മുമ്പാണ് ഈ സംഭവം. പിന്നീട് ഓരോരുത്തരും പാഴാക്കുന്ന റൊട്ടി കണ്ടെത്തി വൃത്തിയായി പായ്ക്ക് ചെയ്ത് ഈ പതിനാറുകാരിയും സഹായികളും വിശന്ന വയറുമായി കഴിയുന്ന ആഹാരത്തിനു പോലും വകയില്ലാത്ത ആവശ്യക്കാരിലെത്തിക്കുന്ന ഒരു പദ്ധതിയും ആരംഭിച്ചു. പ്രതിഫലമല്ല, പട്ടിണിയകറ്റലാണ് ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ ഈ പെണ്‍കുട്ടിയുടെ ഉദ്യമത്തിന് പിന്നില്‍.

പാഴാകുന്ന റൊട്ടി വിശക്കുന്നവര്‍ക്ക് എത്തിക്കാന്‍ പത്താംക്ലാസുകാരിയായ ഈ പെണ്‍കുട്ടി ആരംഭിച്ച പ്രസ്ഥാനമാണ് ഡബിള്‍ റൊട്ടി പ്രൊജക്ട്. കഴിഞ്ഞ വര്‍ഷം പങ്കെടുത്ത ഒരു വിവാഹ സല്‍ക്കാരമാണ് തൈറയുടെ ജീവിതത്തില്‍ പുതിയ വഴിത്തിരിവായത്.

ബേക്കറികളില്‍ അധികമായി വരുന്ന ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചാല്‍ കുറഞ്ഞത് രണ്ടുപേരുടെയെങ്കിലും വിശപ്പകറ്റാന്‍ അത് മതിയാകുമെന്ന് തൈറ പറയുന്നു. 50,000 കോടിരൂപ മൂല്യം വരുന്ന ഭക്ഷ്യവസ്തുക്കള്‍ ഇന്ത്യയില്‍ ഓരോ വര്‍ഷവും പാഴാക്കപ്പെടുന്നുണ്ടൊണ് കൃഷി മന്ത്രാലയത്തിന്റെ കണക്ക്. ഏതാണ്ട് 19.4 കോടി ജനങ്ങള്‍ ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യമാണിതെന്ന് ഓര്‍ക്കണം.

നിരവധി സന്നദ്ധസംഘടനകള്‍ പാവങ്ങള്‍ക്ക് സഹാമെത്തിക്കാനായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒഴിവാക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ ശുചിത്വം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തി സംശയത്തോടെ മാത്രമേ അവര്‍ കാണാറുള്ളൂ. എന്നാല്‍ തന്റെ ഉദ്ദേശശുദ്ധി മനസിലാക്കിയ ചില ഏജന്‍സികള്‍ സഹായിക്കാനെത്തിയെന്ന് തൈറ പറയുന്നു.

ഇന്ത്യയിലെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റായ മോഡേണ്‍ ബസാറും മറ്റ് ചില ബേക്കറികളും അധികമായി വരുന്ന ബ്രഡ് തൈറയ്ക്ക് നല്‍കുന്നുണ്ട്. മദര്‍തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി, ചിഷൈര്‍ ഹോം (Cheshire home) എന്നീ സംഘടനകള്‍ക്ക് ആഴ്ചയില്‍ മൂന്ന് തവണ തൈറ ബ്രഡ് എത്തിച്ചുനല്‍കും. 300 മുതല്‍ 400വരെ ആളുകളുടെ വിശപ്പകറ്റാന്‍ ഇത് ധാരാളം മതിയാകും.

കേടുവരാത്തതാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ബ്രഡ് വിതരണത്തിന് അയക്കുന്നത്. മറ്റിടങ്ങളിലേക്ക് എത്തിക്കുമ്പോള്‍ കേടുവരാതിരിക്കാന്‍ എയര്‍ കണ്ടീഷന്‍ ചെയ്ത വാനിലാണ് ഇവ കയറ്റിവിടുന്നത്. ഇതിനായി ടിഎല്‍സി സ്‌പോണ്‍സര്‍ ചെയ്യുന്ന ലോജിസ്റ്റിക്‌സ് ടീമിന്റെ സഹായവും തൈറയ്ക്ക് ലഭിക്കുന്നുണ്ട്. കൂടുതല്‍ ഫണ്ട് ലഭിച്ചാല്‍ കൂടുതല്‍ വാനുകള്‍ വാങ്ങി ഭക്ഷണവിതരണം വിപുലപ്പെടുത്തണമെന്നാണ് ഈ പെണ്‍കുട്ടിയുടെ ആഗ്രഹം.

ഡബിള്‍ റൊട്ടി പ്രൊജക്ടില്‍ തൈറ ഒറ്റയ്ക്കല്ല. മാതാപിതാക്കളേയും സഹോദരനേയും കൂടാതെ സുഹൃത്തുക്കളും തൈറയ്‌ക്കൊപ്പമുണ്ട്.

ഗുരുഗ്രാമിലെ ശ്രീറാം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് തൈറ ഭാര്‍ഗവ. കഥക് നര്‍ത്തകിയായ തൈറ കഴിഞ്ഞ ഏഴ് വര്‍ഷമായി പിയാനോയും പഠിക്കുന്നുണ്ട്. നിലവില്‍ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിനുള്ള പരിശീലനത്തിലാണ് ഈ പതിനാറുകാരി.

About Intensive Promo

Leave a Reply

Your email address will not be published.