ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ കുറ്റകരമായ മൌനം പാലിക്കുന്ന ഒരു പേരുണ്ട്. നരേന്ദ്ര മോദി എന്നും ഭയത്തോടെ മാത്രം ഓര്‍ത്തിരുന്ന ആ പേര് നിര്‍ഭയനായ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് എന്നാണ്. ഇന്നദ്ദേഹം എവിടെയാണ് എന്നതിന് ആര്‍ക്കും ഉത്തരമില്ല. നൂറ്റ് അറുപതിലേറെ ദിവസം മുമ്പാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്ത് ജയിലടച്ചത്.
അതില്‍, മോദിയുടെ അമിത് ഷായുടെയും ഇടപെടല്‍ ഏവര്‍ക്കുമറിയാം. സഞ്ജയുടെ ജാമ്യത്തിനായി അദ്ദേഹത്തിന്റെ ഭാര്യയും സുഹൃത്തുക്കളും ഇന്നും അലയുകയാണ്, ജനാധിപത്യ ഇന്ത്യയില്‍ വിമര്‍ശക ശബ്ദം ഉയര്‍ത്തിയതുകൊണ്ടു മാത്രം രാജ്യത്തെ സ്തുത്യര്‍ഹമായി സേവിച്ച ഒരു മനുഷ്യനെ പൊലീസിനെ ഉപയോഗിച്ച് ജയിലിലാക്കി എന്നു മാത്രമല്ല മനുഷ്യരെ കാണാന്‍പോലും അനുവദിക്കാത്ത സ്ഥിതി എത്ര വലിയ അപകടാവസ്ഥയാണെന്ന് ചര്‍ച്ച ചെയ്യാന്‍ ഭരണകൂടത്തെ സേവിച്ചുനില്‍ക്കുന്ന മാധ്യമങ്ങള്‍ക്കു നേരമില്ലാതായിരിക്കുന്നു.
താലിബാന്‍ ഭരിക്കുന്ന രാജ്യത്തു പോലും നീതി ഇതല്ല എന്നോര്‍ക്കണം.അറസ്റ്റിനു ശേഷം സഞ്ജീവ് ഭട്ടിനെ പുറംലോകം കണ്ടിട്ടില്ല. അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനായിരുന്നു കീഴ്കോടതിയുടെ ഉത്തരവ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും ചേർന്ന് ഹൈക്കോടതിയെ സമീപിക്കുകയും സഞ്ജീവിനെ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുകയുമാണ് ചെയ്തത്. ഭര്‍ത്താവിനെക്കുറിച്ച് വിവരമൊന്നുമില്ലെന്നു കാണിച്ച് ഭട്ടിന്റെ ഭാര്യ ശ്വേത പ്രസ്താവന നടത്തിയത് പലയിടത്തും വാര്‍ത്തയായെങ്കിലും പ്രയോജനമുണ്ടായിട്ടില്ല.
2002ലെ കുപ്രസിദ്ധമായ ഗുജറാത്ത് കലാപത്തിൽ ആയിരക്കണക്കിനു മുസ്ലീം നിരപരാധികളെ കൊലചെയ്ത സംഭവത്തില്‍ മോദിക്ക് പങ്കുണ്ടെന്നുകാട്ടി സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയതോടെയാണ് സഞ്ജീവ് ഭട്ട് മോദിയുടെ കണ്ണിലെ കരടാകുന്നത്. ഗോധ്ര സംഭവത്തോടു പ്രതികരിക്കാന്‍ മോദി ഹിന്ദുക്കളോട് ഉത്തരവ് നല്‍കുന്നതിന് സഞ്ജയ് സാക്ഷിയാണ്. മോദിയുടെ ആജ്ഞ അനുസരിച്ച പൊലീസുകാര്‍ക്ക് പ്രതിഫലവും പ്രൊമോഷനും കിട്ടി.
അനുസരിക്കാത്തവരെ പിന്തുര്‍ന്ന് ഉപദ്രവിച്ചു. സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ സഞ്ജീവ് ഭട്ട് സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ മോദിയുടെ ഏതു ഭീഷണിക്കും വഴങ്ങില്ല എന്ന സന്ദേശം കൂടിയാണ് സഞ്ജയ് നല്‍കിയത്. അന്നുമുതല്‍ ഗുജറാത്ത് ഭരണകൂടം അദ്ദേഹത്തെ കുറ്റവാളിയായി ചിത്രീകരിക്കാന്‍ തുടങ്ങി. 2015ല്‍ അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കി.
അന്നുമുതല്‍ തൊഴില്‍രഹിതനായ സഞ്ജയ്ക്ക് യാതൊരു ആനുകൂല്യവും നല്‍കാനും അധികൃതര്‍ തയ്യാറായില്ല. സഞ്ജയയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ പലതു നടന്നു.ഗുജറാത്ത് പൊലീസ് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പോലും ഈയടുത്ത സമയം നിര്‍ത്തലാക്കുകയും ചെയ്തു. അതിനുശേഷം അക്രമികള്‍ അദ്ദേഹത്തിന്റെ വീട് തകര്‍ത്തു. പിന്നീട് 22 വര്‍ഷം മുമ്പുള്ള ഒരു കേസില്‍ അറസ്റ്റ് ചെയ്തു.
ജോലി സംബന്ധമായ ഡ്യൂട്ടി നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് അഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്നു കൊണ്ടുവെച്ചത് എന്ന നിലപാടായിരുന്നു മുമ്പ് ഭരണകൂടത്തിന്. ഇപ്പോള്‍ അത് മനുപൂര്‍വ്വം സഞ്ജയ് ചെയ്തതാക്കി.
അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ജയിക്കുമെന്ന് മോദിക്ക് ഒരു ഉറപ്പുമില്ല. അതിനുമുമ്പ് ഗുജറാത്ത കൂട്ടക്കൊലയിലെ പ്രധാന സാക്ഷിയായ സഞ്ജീവ് ഭട്ടിനെ ഏത് തരത്തിലും നിശ്ശബ്ദനാക്കാന്‍ വേണ്ടിയാണ് അദ്ദേഹത്തെ ജയിലിലടച്ചിരിക്കുന്നത് എന്ന ആരോപണം ശക്തമായുണ്ട്.
അഭിഭാഷകരും സഞ്ജീവ് ഭട്ടിന്റെ കുടുംബവും സഞ്ജീവ് ഭട്ടില്‍ നിന്നും പൂര്‍ണമായും മാറ്റിനിര്‍ത്തപ്പെട്ടിരിക്കുകയാണ്. മുഴുവന്‍ മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും സഞ്ജീവ് ഭട്ടിന്റെ കാര്യത്തില്‍ നിശ്ശബ്ദമാണ്. മാധ്യമങ്ങള്‍ അസാധാരണമാം വിധം നിശ്ശബ്ദത പാലിക്കുകയാണ്. ഒരു മാധ്യമ സ്ഥാപനം പോലും സഞ്ജീവ് ഭട്ട് എന്ന സത്യസന്ധനായ ഓഫീസറുടെ അവസ്ഥയെപ്പറ്റി എഴുതാനോ പറയാനോ തയ്യാറാവുന്നില്ല.
തന്റെ ഫേസ് ബുക്ക് ട്വിറ്റര്‍ അക്കൌണ്ടുകളില്‍ മുന കൂര്‍ത്ത പരിഹാസം കൊണ്ടാണ് മോദിയുടെ പ്രവൃത്തികളെ സഞ്ജയ് വിമര്‍ശിച്ചുകൊണ്ടിരുന്നത്. അവ ഇന്നു നിശബ്ദമാണ്. വാക്കുകളുടെ വാ മൂടിക്കെട്ടി എഴുത്തുകാരനെ ഇരുട്ടുമുറിയിലടച്ചിട്ട ഭരണകൂട ഭീകരതയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു പകരം അവര്‍ ഹിമക്കരടികളുടെ ഉറങ്ങുകയും മുതലകളുടെ വാ പിളര്‍ത്തി പല്ലെണ്ണുകയും ചെയ്ത അവതാരപുരുഷനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ്.