Breaking News
Home / Lifestyle / മൂന്നാര്‍ കയ്യേറ്റത്തിൽ മണിക്കൂറുകള്‍ക്കകം നിലപാട് മാറ്റി എ ജി ഓഫീസ്

മൂന്നാര്‍ കയ്യേറ്റത്തിൽ മണിക്കൂറുകള്‍ക്കകം നിലപാട് മാറ്റി എ ജി ഓഫീസ്

മൂന്നാറിലെ അനധികൃത നിർമ്മാണത്തിനെതിരെയുള്ള നടപടികൾ നിരുത്സാഹപ്പെടുത്താനുള്ള ശ്രമിക്കുകയാണെന്ന വിമർശനങ്ങൾക്കിടയിൽ നിലപാട് മാറ്റി അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്. അനധികൃത നിര്‍മ്മാണത്തിനെതിരെ കോടതിയലക്ഷ്യം ഫയല്‍ ചെയ്യണമെന്ന സബ് കളക്ടര്‍ രേണു രാജിന്റെ ശുപാര്‍ശ അംഗീകരിച്ചു.

കളക്ടർ ആവശ്യപ്പെട്ട പ്രകാരം സിപിഐഎം എംഎല്‍എ രാജേന്ദ്രന്‍ അടക്കം അഞ്ച് പേരെ എതിര്‍കക്ഷികളാക്കി എജി ഓഫീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. കോടതി ഉത്തരവ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാകും ഹര്‍ജി.

നേരത്തെ, കോടതിയലക്ഷ്യം ഫയല്‍ ചെയ്യണമെന്ന് രേണുരാജ് നൽകിയ ശുപാർശ തളളിയിരുന്നു . തുടർന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് എജി ഓഫീസിന്റെ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തിയത്.

കോടതിയലക്ഷ്യ നടപടി വേണോയെന്ന് കോടതി തീരുമാനിക്കട്ടെ എന്ന നിലപാടാണ് എ.ജി സ്വീകരിച്ചിരുന്നതെന്നും നിയമലംഘനം ഹൈക്കോടതിയെ അറിയിക്കാന്‍ ധാരണയായെന്നും ധാരണയായെന്നും എജിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം രേണു രാജ് വ്യക്തമാക്കിയിരുന്നത്.

മൂന്നാര്‍ പഞ്ചായത്തിലെ അനധികൃതനിര്‍മ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ്, മെമ്പര്‍മാര്‍, സെക്രട്ടറി എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെടണം, സ്റ്റോപ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം തുടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടണം എന്നീ കാര്യങ്ങളായിരുന്നു സബ് കളക്ടര്‍ അഡ്വക്കേറ്റ് ജനറലിന്റെ മുന്നില്‍ വെച്ചത്.

മൂന്നാറിലെ അനധികൃത കയ്യേറ്റത്തേക്കുറിച്ചും നടപടിയെടുത്തപ്പോള്‍ നേരിടേണ്ടിവന്ന അനുഭവങ്ങളും ചൂണ്ടിക്കാട്ടി ദേവികുളം സബ്കളക്ടര്‍ രേണു രാജ് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. ദേവികളും എംഎല്‍എ എസ് രാജേന്ദ്രന്റെ അധിക്ഷേപവും റിപ്പോര്‍ട്ടിലുണ്ട്. എംഎല്‍എ പൊതുജനമധ്യത്തില്‍ അധിക്ഷേപിച്ചു, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി എന്നീ കാര്യങ്ങള്‍ രേണു രാജ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ദേവികുളം സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി.

മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യുണലിന്റെ കീഴില്‍ വരുന്ന എട്ട് വില്ലേജുകളില്‍ നിര്‍മ്മാണങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ അനുമതി വേണമെന്ന് 2010 ജനുവരി 21ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. തുടര്‍ന്ന് മൂന്നാര്‍, പള്ളിവാസല്‍, ചിന്നക്കനാല്‍, ദേവികുളം പഞ്ചായത്തുകള്‍ക്ക് ഇടുക്കി പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ 2010 ഫെബ്രുവരി 15ന് കത്ത് മുഖേന നിര്‍ദ്ദേശം നല്‍കിയിരുന്നു.

ടാറ്റ ടീ മൂന്നാര്‍ പഞ്ചായത്തില്‍ നിന്ന് സൗജന്യമായി നല്‍കിയ ഭൂമിയില്‍ റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ നിര്‍മ്മാണം നടക്കുന്നതായി പരാതി കിട്ടി. ജില്ലാ കലക്ടറുടെ അനുമതിയില്ലെന്ന് ബോധ്യപ്പെട്ടതോടെ സ്‌റ്റോപ്പ് മെമ്മോ നല്‍കി. സബ് കലക്ടറുടെ നിര്‍ദ്ദേശവും മറികടന്ന് പണി തുടര്‍ന്നത് നിര്‍ത്താന്‍ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഉത്തരവും സബ് കലക്ടറുടെ നിര്‍ദ്ദേശവും മറികടന്ന് പണി തുടര്‍ന്നുവെന്നാണ് സബ് കലക്ടറുടെ റിപ്പോര്‍ട്ട്.

എന്നാല്‍ നടപടിയെ എതിര്‍ത്ത് രാജേന്ദ്രന്‍ എംഎല്‍എ രംഗത്തെത്തിയതോടെ എംഎല്‍എയും ദേവികുളം സബ്കളക്ടറും തമ്മില്‍ തര്‍ക്കം രൂക്ഷമാകുകയായിരുന്നു. തുടര്‍ന്ന് സബ് സബ്കളക്ടറെ ബുദ്ധിയില്ലാത്തവളെന്ന് വിളിച്ച് എംഎല്‍എ അധിക്ഷേപിച്ചിരുന്നു.

ഇതിനെതിരെ റവന്യൂവകുപ്പും, സിപിഐയും രംഗത്തെത്തിയിരുന്നു. സിപിഐഎം എംഎല്‍എയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. സംഭവത്തില്‍ പിന്നീട് എംഎല്‍എ ഖേദപ്രകടനം നടത്തിയിരുന്നു. പരാമര്‍ശങ്ങള്‍ സബ്കളക്ടറെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എന്നാല്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നുമാണ് രാജേന്ദ്രന്‍ പറഞ്ഞത്. കെട്ടിട നിര്‍മ്മാം തടയാന്‍ ഉദ്യോഗസ്ഥരെത്തിയാല്‍ ഇനിയും തടയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published.