Breaking News
Home / Lifestyle / ദേവി കുളം സബ് കളക്ടര്‍ രേണു രാജ് ഇനിയും തുടര്‍ന്നാല്‍ ശക്തമായ നടപടി വരും

ദേവി കുളം സബ് കളക്ടര്‍ രേണു രാജ് ഇനിയും തുടര്‍ന്നാല്‍ ശക്തമായ നടപടി വരും

ദേവികുളം സബ്കളക്ടര്‍ ഡോ. രേണു രാജിനെ മറ്റേതെങ്കിലും തസ്തികയില്‍ മാറ്റി നിയമിച്ചേക്കും. അതിനുള്ള നിര്‍ദ്ദേശം സി പി എം റവന്യുമന്ത്രിക്ക് നല്‍കിയതായാണ് വിവരം. എം എല്‍ എ എസ്. രാജേന്ദ്രനെതിരെ സി പിഎം ജില്ലാ കമ്മീറ്റിയും ഇടതു മുന്നണി കണ്‍വീനറും രംഗത്തെത്തിയെങ്കിലും അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ല. വര്‍ഷങ്ങളായി അദ്ദേഹം തുടര്‍ന്നു വരുന്ന തെറിയുദ്ധം നിലയ്ക്കാതെ തുടരാന്‍ തന്നെയാണ് സാധ്യത. ചിലപ്പോള്‍ ഒരു നിയന്ത്രണം ഉണ്ടാകുമെന്ന് മാത്രം.

എസ്. രാജേന്ദ്രനെതിരെ നടപടി വരുന്നത് പാര്‍ട്ടി നേതാക്കളുടെ യശസ് ഇല്ലാതാക്കുമെന്ന അനുമാനത്തിലാണ് സി പി എം സംസ്ഥാന കമ്മിറ്റി. ചൈത്ര തെരേസ ജോണി നെതിരെ സി പി എം നേതാവ് ആനാവൂര്‍ നാഗപ്പനും രംഗത്തെത്തിയിരുന്നു. രാജേന്ദ്രനെതിരെ നടപടി വന്നാല്‍ ആനാവൂരിനെതിരെയും നടപടിയെടുക്കേണ്ടി വരും.

അതേ സമയം സി പി എമ്മിന്റെ ജില്ലാ നേതാക്കളോട് രാജേന്ദ്രനെ അനുകൂലിക്കേണ്ടതില്ലെന്ന സന്ദേശം പാര്‍ട്ടി നല്‍കിയിട്ടുണ്ട്. വനിതാകമ്മീഷന്‍ രാജേന്ദ്രനെതിരെ സ്വമേധയാ കേസെടുത്തു. അത് പി.സി. ജോര്‍ജിനെതിരെ കേസെടുത്തത് പോലിരിക്കും. ജനങ്ങളുടെ കണ്ണില്‍ മണ്ണിടാന്‍ വേണ്ടി മാത്രമാണ് ഇത്തരം നടപടികള്‍ . മന്ത്രി മണിയും രാജേന്ദ്രനെതിരെ രംഗത്തെത്തിയെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിക്കില്ല.

എം എല്‍ എ പൊതുജനമധ്യത്തില്‍ തന്നെ മോശക്കാരിയാക്കിയെന്ന് ആരോപിച്ച് സബ് കളക്ടര്‍ ഇതിനകം പരാതി നല്‍കിയിട്ടുണ്ട്. പരാതി നല്‍കിയിരിക്കുന്നത് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ്. അദ്ദേഹത്തിന് രാജേന്ദ്രനെതീരെ നടപടിയെടുക്കാന്‍ അധികാരമില്ല. രാജേന്ദ്രന്‍ വാദിച്ചത് പഞ്ചായത്തിന് വേണ്ടിയാണെന്നാണ് സി പി എം വൃത്തങ്ങള്‍ പറയുന്നത്. അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ നേരത്തെയും വൈകല്യങ്ങളുണ്ട് .അത് അദ്ദേഹം തന്നെ തിരുത്തേണ്ടതാണെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളത്.

രാജേന്ദ്രന്‍ വലിയ ജനപിന്തുണയുള്ള നേതാവാണ്. അദ്ദേഹത്തിനെതിരെ നടപടി എടുക്കാനുള്ള ധൈര്യം പാര്‍ട്ടിക്കില്ല. മുമ്പും രാജേന്ദ്രന്‍ ഇത്തരം വിവാദങ്ങളില്‍ ഭാഗമായിട്ടുണ്ട്. അന്നൊന്നും പാര്‍ട്ടി രാജേന്ദ്രനെതിരെ തിരിഞ്ഞിട്ടില്ല. രാജേന്ദ്രനെതിരെ സംസാരിച്ചിട്ട് ഒരു കാര്യവുമില്ലെന്നാണ് ഇടുക്കിയിലെ സി പിഎം നേതാക്കള്‍ പറയുന്നത്. സംസ്ഥാനതലത്തിലും പാര്‍ട്ടിക്ക് മറ്റൊരു അഭിപ്രായമില്ല. മൂന്നാറിലെ വിവാദ നിര്‍മ്മാണത്തിനെതിരെ ഹൈകോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കണമെന്ന രേണുരാജിന്റെ ആവശ്യം കഴിഞ്ഞ ദിവസം അഡ്വക്കേറ്റ് ജനറല്‍ അംഗീകരിച്ചില്ല.

ഇടുക്കിയിലെ ഭൂമി സംബന്ധിച്ച് ഒരു പാട് താത്പര്യങ്ങളുള്ള പാര്‍ട്ടിയാണ് സി പി എം. മുമ്പ് ശ്രീറാം വെങ്കിട്ടരാമനും പ്രേംകുമാറും സബ്കളക്ടര്‍മാര്‍ ആയിരുന്നപ്പോള്‍ സി പി എമ്മുമായി കൊമ്പുകോര്‍ത്ത പശ്ചാത്തലം കേരളം മറന്നിട്ടില്ല. അനധികൃത കൈയേറ്റത്തിലെ കുരിശ് പൊളിച്ചപ്പോള്‍ ശ്രീറാമിനെതിരെ സാക്ഷാല്‍ മുഖ്യമന്ത്രിയാണ് അതിനെതിരെ രംഗത്തെത്തിയത്.

മൂന്നാറില്‍ സിപിഎം അധികാരത്തില്‍ വരുമ്പോഴൊന്നും സബ് കളക്ടര്‍ വാഴാറില്ല. പാര്‍ട്ടിക്ക് മൂന്നാറിലെ ഭൂമിയിലുള്ള താത്പര്യം തന്നെയാണ് ഇതിനു പിന്നിലെ പ്രധാന കാരണം. അച്ചുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഓപ്പറേഷന്‍ മൂന്നാറിന്റെ പേരില്‍ വി എസും പാര്‍ട്ടിയും തമ്മില്‍ തെറ്റിയതും സംസ്ഥാനം മറന്നിട്ടില്ല. ഓപ്പറേഷന്‍ അട്ടിമറിച്ചത് പാര്‍ട്ടി തന്നെയായിരുന്നു.

ശ്രീറാം വെങ്കിട്ടരാമനും പ്രേംകുമാറിനും ഇതു വരെ നല്ല തസ്തിക നല്‍കിയിട്ടില്ല. സിപി എമ്മുമായി തെറ്റിയതാണ് കാരണം. പ്രേംകുമാറിനെ ശബരി മലയില്‍ മജിസ്ടീരിയന്‍ പദവിയില്‍ നിയമിച്ചെങ്കിലും ഒരു അധികാരവും അദ്ദേഹത്തിന് നല്‍കിയില്ല. വേണുരാജിനും ഇതേ വിധി വരാനാണ് സാധ്യത. മൂന്നാറില്‍ നിയമനം കിട്ടുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ . അങ്ങനെ സംഭവിക്കുമ്പോള്‍ റവന്യുമന്ത്രി ചന്ദ്രശേഖരനെ മഷിയിട്ട് നോക്കിയാല്‍ പോലും കാണില്ല.

About Intensive Promo

Leave a Reply

Your email address will not be published.