ഇടുക്കി ജില്ലയില്‍ തോട്ടം ആദിവാസി മേഖലകളിലാണ് അധികമായും നടക്കുന്നത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റാണ് ബാലവിവാഹകേസുകള്‍ വര്‍ദ്ധിച്ചതായി കാണ്ടെത്തിയിരിക്കുന്നത്. മൂന്നു മാസത്തിനിടെ എട്ട് കേസുകളാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജനുവരിക്ക് ശേഷം വിവാഹിതരായ രണ്ടു കുട്ടികള്‍ ഗര്‍ഭിണികളാണ്. വിവാഹം കഴിഞ്ഞ മൂന്നു പേരും തമിഴ്‌തോട്ടം തൊഴിലാളികളുടെ മക്കളാണ്. സംഭവം വിവാദമായതോടെ ഇവരെ മൂന്നുപേരെയും തമിഴ്‌നാട്ടിലേക്ക് കടത്തുകയും ചെയ്തു. പ്രായപൂര്‍ത്തിയാകും മുമ്പേ ഗര്‍ഭിണികളായ ശേഷം വിവാഹിതരായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ ജനിയ്ക്കുന്ന കുട്ടികളിൽ പലരും മാസം തികയാതെ ഈ ലോകത്തേയ്ക്ക് വന്നവരാണ്. തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ അവർ ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്നതും മറ്റൊരു പ്രശ്നം ആണ്. പ്രായം തികയാതെ അമ്മമാരാകാൻ വിധിക്കപ്പെട്ട ആ പെൺകുട്ടികളെയും ആരോഗ്യപ്രശ്നങ്ങൾ പിന്തുടരുന്നുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.
ദേവികുളം, ഇടുക്കി താലൂക്കുകളിലാണ് വിവാഹങ്ങള്‍ നടന്നത്. 2016 ല്‍ 1 ബാലവിവാഹമാണ് നടന്നത്. 2017 ല്‍ ഇത് നാലായി ഉയര്‍ന്നു. തോട്ടം, ആദിവാസി മേഖലകളില്‍ ബാലവിവാഹത്തിന് പ്രാദേശിക സഹായമുള്ളതിനാല്‍, പുറത്തറിയാറില്ല. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് റിപ്പോര്‍ട്ട് ചെയ്ത ഈ വര്‍ഷത്തെ 8 സംഭവങ്ങളില്‍ ഒന്നില്‍ മാത്രമാണ് പോലീസ് കേസെടുത്തത്. പോലീസ് കേസെടുക്കാതിരുന്നത് ബാലവിവാഹങ്ങള്‍ ആവര്‍ത്തിക്കുന്നതായും ആക്ഷേപമുണ്ട്.
കുട്ടികളുടെ പഠിയ്ക്കാനുള്ള അവകാശം ലംഘിയ്ക്കപ്പെടുമ്പോഴും അവരിൽ പലർക്കും മുന്നിലെ സമസ്യ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതല്ല എന്നതാണ്. സമപ്രായത്തിലുള്ള മറ്റു കുട്ടികൾക്ക് ലഭിക്കുന്നത് പോലെയുള്ള ജീവിത സൗകര്യങ്ങൾ ഇത്തരം തോട്ടം മേഖലയിലുള്ള കുട്ടികളിലും എത്തിയ്ക്കേണ്ടതും അവരുടെ സ്വപ്നങ്ങൾക്ക് ചിറക് വയ്ക്കാൻ ഉത്തേജകം നൽകേണ്ടതും മാറി വരുന്ന ഭരണകർത്താക്കളുടെ കടമകളിൽ ഒന്നുതന്നെയാണ്.