കണ്ണൂരിൽ ബോംബേറിൽ കാല് നഷ്ടപ്പെട്ട അസ്‌നയെ ഓർമ്മയുണ്ടോ ?? അതിജീവനത്തിന്റെ പാതയിൽ അവൾ ഇന്ന് ഡോക്ടർ ആണ് സല്യൂട്ട്
കണ്ണൂർ ജില്ലയുടെ ഇരുണ്ട മൂലകളിൽ ഇപ്പോഴും ബോംബുകൾ കെട്ടുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്! പൂവത്തൂരിൽ 18 വർഷം മുൻപ് നിങ്ങൾ വലിച്ചെറിഞ്ഞ ബോംബ് തോറ്റു. അന്നത്തെ ബോംബേറിൽ വലതുകാൽ നഷ്ടപ്പെട്ട ആറു വയസ്സുകാരി അസ്ന, ഡോ. അസ്നയായി. ആറാം വയസ്സിൽ കൃത്രിമക്കാലിൽ നടക്കേണ്ടിവന്നിട്ടും വിജയത്തിന്റെ പടവുകൾ ഒന്നൊന്നായി ചവിട്ടിക്കയറിയ അസ്ന കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസിനു നേടിയതു തിളക്കമാർന്ന ജയം.
അസ്നയ്ക്ക് ഇനി ഒരു വർഷത്തെ ഹൗസ് സർജൻസി ബാക്കിയുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനിടെ 2000 സെപ്റ്റംബർ 27നു ബിജെപിക്കാരുടെ ബോംബേറിലാണ് അസ്നയ്ക്കു കാൽ നഷ്ടപ്പെട്ടത്. പൂവത്തൂർ എൽപി സ്കൂൾ ബൂത്തിനു സമീപത്തെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു അസ്ന. അമ്മ ശാന്തയ്‌ക്കും അനിയൻ ആനന്ദിനും അന്നു സാരമായി പരുക്കേറ്റു. അസ്നയ്ക്കു തലശ്ശേരിയിലും പിന്നീടു കൊച്ചിയിലും മൂന്നു മാസത്തിലധികം വിദഗ്ധ ചികിത്സ നൽകി.
വലതുകാൽ മുട്ടിനു കീഴെ വച്ച് മുറിച്ചു മാറ്റേണ്ടിവന്നു. എസ്‌എസ്‌എൽസിക്കും ഹയർസെക്കൻഡറിക്കും മികച്ച വിജയം നേടി. കോഴിക്കോട് മെഡിക്കൽ കോളജിൽ 2013 ൽ എംബിബിഎസിനു ചേർന്നു. ക്ലാസ് മുറിയിലേക്കു പടികൾ കയറാനുള്ള ബുദ്ധിമുട്ടു പരിഗണിച്ച്, സംസ്ഥാന സർക്കാർ ലിഫ്റ്റ് നിർമിച്ചു നൽകി.
അസ്നയുടെ കുടുംബത്തിനു ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമിച്ചു നൽകുകയും നാട്ടുകാർ 15 ലക്ഷത്തോളം രൂപ സമാഹരിച്ചു നൽകുകയും ചെയ്‌തിരുന്നു.
നാടിന്റെ പിന്തുണ മറക്കാത്ത അസ്ന, ജീവിതത്തിലൂടെ ആ കടപ്പാടു വീട്ടാൻ ശ്രമിക്കുമെന്നു പറഞ്ഞു. പടക്കം പൊട്ടിച്ചും മധുരപലഹാരം വിതരണം ചെയ്തുമാണു നാട്ടുകാർ അസ്നയുടെ വിജയത്തെ വരവേറ്റത്. മുല്ലപ്പള്ളി രാമചന്ദ്രൻ എംപിയും കെ. സുധാകരനും ഉൾപ്പെടെയുള്ള നേതാക്കൾ അസ്നയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.
ബോംബേറ് കേസിൽ അന്നത്തെ ബിജെപി നേതാവും ഇപ്പോൾ സിപിഎമ്മുകാരനുമായ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അശോകൻ ഉൾപ്പെടെയുള്ള 14 പ്രതികളെയും കോടതി ശിക്ഷിച്ചിരുന്നു. വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.