ബാങ്ക് ഇടപാട്കാർക്ക് ഇനി സുരക്ഷിതമായി ഉറങ്ങാം. ബാങ്കിൽ കിടക്കുന്ന പണം എടി.എം. തട്ടിപ്പ് വഴിയോ, മോഷണത്തിലൂടെയോ, ഹാക്കർ മാർ വഴിയോ ഇന്റർനെറ്റ് തട്ടിപ്പിലൂടെയോ പണം പോയാൽ ഭയക്കാനില്ല. ഈ പണം മുഴുവൻ ഇടപാടുകാരനു ബാങ്ക് തിരികെ നല്കണം എന്ന് കോടതി വിധിച്ചു.
പ്രവാസി മലയാളിയായ മീനച്ചിൽ ളാലം സ്വദേശി പി.ടി. ജോർജിന്റെ അക്കൗണ്ടിൽനിന്നു നഷ്ടപ്പെട്ട 2.41 ലക്ഷം തിരികെ നൽകണമെന്ന പാലാ സബ് കോടതിയുടെ ഉത്തരവിനെതിരേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ അപ്പീലിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.ജനങ്ങൾ ബാങ്കിനേ വിശ്വസിച്ചാണ് പണം അക്കൗണ്ടിൽ ഇടുന്നത്. അത് സൂക്ഷിക്കാനുള്ള ബാധ്യത ബാങ്കിനാണ്. നഷ്ടപെട്ടാലും ബാങ്ക് മറുപടി പറയണം.
എസ്എംഎസ് സന്ദേശം നൽകിയതുകൊണ്ടോ ഇടപാടുകാരൻ കൃത്യസമയത്ത് പ്രതികരിച്ചില്ല എന്നതുകൊണ്ടോ ബാങ്കിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു. ദിവസങ്ങളോളം ഫോണ് ലഭിക്കാത്ത സാഹചര്യങ്ങളിലും എല്ലായ്പോഴും എസ്എംഎസുകൾ നോക്കുന്ന സ്വഭാവം ഇല്ലെങ്കിലും ഇത്തരത്തിലുള്ള മുന്നറിയിപ്പ് ശ്രദ്ധയിൽപെടാതെ പോകുമെന്ന് കോടതി പറഞ്ഞു. ഇടപാടുകാർക്ക് നഷ്ടമുണ്ടാക്കുന്ന തട്ടിപ്പുകൾ ബാധിക്കാത്ത തരത്തിൽ സുരക്ഷിതമായി വേ ണം ഡിജിറ്റൽ സംവിധാനം ഒരുക്കേണ്ടതെന്നും കോടതി പറഞ്ഞു.
ബ്രസീലിൽ ജോലി ചെയ്യുന്ന ജോർജ് 2012 മാർച്ചിൽ അവധിക്ക് നാട്ടിൽ വന്നപ്പോൾ ബ്രസീലിലെ വിവിധ എടിഎമ്മുകളിലൂടെ ആരോ 14 തവണകളായി പണം പിൻവലിച്ചു. പ്രത്യേക ഉപാധികളടങ്ങുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ബാങ്കും അക്കൗണ്ട് ഉടമയും തമ്മിലുള്ള ബന്ധം തുടങ്ങുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇടപാടുകാരന്റെ നിക്ഷേപത്തിന് ബാങ്കു നൽകുന്ന സുരക്ഷയും കരാറിന്റെ ഭാഗമാണ്.
അനധികൃതമായി പണം പിൻവലിക്കാൻ കഴിയുന്ന സാഹചര്യം ഒഴിവാക്കി അടിയന്തര നടപടിയെടുക്കേണ്ടത് ബാങ്ക് അധികൃതരാണ്. ഇടപാടുകാരന്റെ വീഴ്ചയില്ലാതെ പണം നഷ്ടമായാൽ അതിന്റെ ബാധ്യത അയാൾക്കുമേൽ ചുമത്താനാവില്ലെന്നും കോടതി പറഞ്ഞു