Breaking News
Home / Lifestyle / സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങിയാല്‍ ആകാശം ഇടിഞ്ഞു വീഴുന്ന വിധം; അമീറ ഐഷാബീഗം എഴുതുന്നു..!!

സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങിയാല്‍ ആകാശം ഇടിഞ്ഞു വീഴുന്ന വിധം; അമീറ ഐഷാബീഗം എഴുതുന്നു..!!

‘പുരുഷന്മാരെ പോലെ രംഗത്തിറങ്ങാന്‍ ഇസ്ലാം അനുവദിച്ചിട്ടില്ല. അതിന് ഒരു പാട് കാരണങ്ങളുണ്ട്. പുരുഷന്മാരെ പോലെ സ്ത്രീകള്‍ രംഗത്ത് ഇറങ്ങിയാല്‍ നാശവും ബുദ്ധിമുട്ടും ആക്രമവും ഉണ്ടാവും. ‘

ഇത് പറയുന്നത് കേരളത്തിലെ മുതിര്‍ന്ന ഒരു മുസ്ലിം പണ്ഡിതനാണ്. ഇതിനു മുമ്പും അദ്ദേഹം ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ അടങ്ങിയൊതുങ്ങി, കുട്ടികളെയും പ്രസവിച്ച്, വീട്ടു ജോലികള്‍ ചെയ്ത്, ഭര്‍ത്താവിന്റെ ആഗ്രഹങ്ങള്‍ നടപ്പാക്കി വീട്ടില്‍ ഇരുന്നാല്‍ മതി എന്ന ആ നിലപാടുകളുടെ തുടര്‍ച്ചയാണ് ഈ പ്രസംഗവും. സത്യത്തില്‍ ഇത് ഒരാളുടെ മാത്രം അഭിപ്രായമല്ല. നമ്മുടെ സമുദായ സംഘടനകളുടെയും രാഷ്ട്രീയ, സാംസ്‌കാരിക, നേതൃതലങ്ങളിലുള്ള പല പുരുഷന്മാരുടെയും ഉള്ളിലിരിപ്പും നിലപാടും തന്നെയാണ്. അത് ഇദ്ദേഹം തുറന്നു പറയുന്നു എന്നു മാത്രം.

എങ്കിലും ഈ പറയുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. കാരണം ഇതൊക്കെയാണ് പിന്നീട് തൊണ്ട തൊടാതെ സ്വീകരിക്കപ്പെടാറുള്ളത്. പൊതുബോധമായി വാഴ്ത്തപ്പെടാറുള്ളത്. മതത്തിലും ചരിത്രത്തിലും പൊതു രംഗത്തിറങ്ങിയ സ്ത്രീകള്‍ സൃഷ്ടിച്ച അക്രമം എന്തെന്ന് വസ്തുതാപരമായി പരിശോധിച്ച് തന്നെയാണ് ഈ പ്രസംഗത്തെ കൈകാര്യം ചെയ്യേണ്ടത്.

സത്യത്തില്‍ ഇക്കാര്യത്തില്‍ ഇസ്ലാമിക ചരിത്രം എന്താണ് പറയുന്നത് എന്ന് നോക്കാം. ഇസ്ലാമിക ചരിത്രത്തിലെ സ്ത്രീകളുടെ പൊതുജീവിതം എങ്ങനെ യായിരുന്നു?

നിശ്ചിത മേഖലകളില്ലാതെ സ്ത്രീകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്നത് സാംസ്‌കാരികമായി മാത്രം നിര്‍ണ്ണയിക്കപ്പെട്ട പരികല്‍പനയാണ്.ഖദീജ ബീവി ആയിരുന്നു ആദ്യമായി ഇസ്ലാം പുല്കിയത്.പ്രവാചക പത്‌നി ആയിരുന്ന ഹഫ്‌സ ബീവി ഖുറാന്‍ സൂക്ഷിക്കാന്‍ ഏല്പിക്കെട്ടവര്‍ ആയിരുന്നു.ഉമ്മു വറഖ എന്നിവരെ പ്രവാചകന്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഇമാം ആയി നിശ്ചയിച്ചിരുന്നു.

പ്രവാചകകാലത്ത് യുദ്ധം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സ്ത്രീകള്‍ പങ്കെടുത്തിരുന്നു. ഉഹദ് യുദ്ധവേളയില്‍ ശത്രുക്കളുടെ ആക്രമണത്തില്‍ നിന്ന് നബിയെ സംരക്ഷിച്ചവരില്‍ ഉമ്മു ഉമാറയുണ്ടായിരുന്നു. അതിനാലാണ് അവര്‍ ഉഹ്ദിന്റെ വനിത എന്നറിയപ്പെട്ടത്. ഹസ്രത് ഉമറിന്റെ കാലത്ത് വാണിജ്യകേന്ദ്രങ്ങളുടെ ചീഫ് ഇന്‍സ്പെക്ടറായി ‘ഷിഫ’ എന്ന സ്ത്രീയെ നിയോഗിച്ചിരുന്നു.

അബ്ബാസി ഖലീഫ ഹാറൂണ്‍ അല്‍ റഷീദിന്റെ പത്നി സുബൈദ ഭരണകാര്യങ്ങളില്‍ കഴിവുറ്റ സ്ത്രീയായിരുന്നു നയതന്ത്രപരമായ കാര്യങ്ങളില്‍ പോലും അവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയിരുന്നു. ഏറെ പ്രസിദ്ധമായ കനാല്‍ ശൃംഖല സംവിധാനം വഴിപൊതു ജനങ്ങള്‍ക്ക് പ്രയോജനം ചെയ്ത പദ്ധതിക്ക് പിന്നില്‍ അവരായിരുന്നു. മഹര്‍തുക നിശ്ചയിക്കാന്‍ ഉണ്ടായ തീരുമാനത്തെ ഖുര്‍ആന്‍ സൂക്തം ഉദ്ധരിച്ച് ഖലീഫഉമറിനെ എതിര്‍ക്കാന്‍ ഫാത്തിമ എന്ന സ്ത്രീക്ക് കഴിഞ്ഞിരുന്നു.

ആദ്യത്തെ ഇസ്ലാമിക രാഷ്ട്രത്തിന്റെ പിറവിക്ക് വേണ്ടിയുള്ള രാഷ്ട്രീയകരുനീക്കങ്ങളുടെ ഭാഗമായി കരാറില്‍ പുരുഷന്‍മാരോടൊപ്പം ഒപ്പ് വെച്ചത് അസിന്റെ മകള്‍ നസീബ് ആയിരുന്നു. ഹുദൈബിയ സന്ധിയില്‍ ഒപ്പ് വെക്കാന്‍ തിരുനബിക്ക് ധൈര്യം പകര്‍ന്നത് ഉമ്മുസല്‍മ(റ ) ആയിരുന്നു.
പലപ്രമുഖ ഹദീസുകളും പ്രവാചകപത്നിമയുടെ വാക്കുകള്‍ ആധികാരികമാക്കിയുള്ളതാണെന്നതിന് അനേകം ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും.
പണ്ഡിത ലോകത്തെ കുലപതി എന്നറിയപ്പെടുന്ന ഇമാം ശാഫിക്ക് ക്ലാസെടുത്തത്തില്‍ റാബിയത്തുല്‍ മിസ് രിയ എന്ന സ്ത്രീയും ഉണ്ടായിരുന്നു.

(ഇനി ഇപ്പോ ഈ ഉദാഹരണങ്ങളൊക്കെ ഇവിടത്തെ ഇസ്ലാം നാമധാരികള്‍ചരിത്രത്തില്‍ വെട്ടി ഒട്ടിച്ചു ചേര്‍ത്തതാണോ എന്തോ? )

സ്ത്രീ ഭരിച്ചിടം നന്നാകില്ല, സ്ത്രീയ്ക്ക് പല മേഖലകളിലും തിളങ്ങാന്‍ കഴിയില്ല എന്ന് പറയുന്നവര്‍ ഇന്ദിരഗാന്ധി, മാര്‍ഗരറ്റ് താച്ചര്‍, കല്പനാചൗള ,മദര്‍ തെരേസ , കാര്‍ഡിയാക് സര്‍ജറി വിദഗ്ധ ഡോ കാതി മാഗ്ലയാടോ, സുനിത വില്യംസ് , ബില്ലി ജീണ്‍ കിംഗ് , തുടങ്ങിയവരെയൊക്കെ മറന്ന് പോകേണ്ടതുണ്ടോ ? അതോ മുസ്ലിം സ്ത്രീകള്‍ക്ക് മാത്രമായി കര്‍മശേഷിക്കുറവുണ്ടോ ?

മധ്യകാല നൂറ്റാണ്ടിലേക്കു തിരിച്ചുനടന്നാല്‍ പോലും ഒരുപാട് സ്ത്രീരത്നങ്ങളുടെ, അതും മുസ്ലിം സ്ത്രീരത്നങ്ങളുടെ നാമങ്ങള്‍ നമുക്ക് പെറുക്കിയെടുക്കാന്‍ കഴിയും.

ഇന്ത്യയിലെ ആദ്യ വനിതാഭരണാധികാരിയായ റസിയ സുല്‍ത്താന, മുഗള്‍ രാജ്ഞി നൂര്‍ജഹാന്‍, അഹമ്മദ് നഗറിലെ ചാന്ദ് ബീവി ഇവരെയൊക്കെ വിസ്മരിച്ച്കൊണ്ട് ഒരു പുതിയ ചരിത്രമാണോ നാം എഴുതേണ്ടത്. 1962ല്‍ കോണ്‍ഗ്രസ് ആദ്യമായി മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ നഫീസത്ത് ബീവിയെ മന്ത്രിയാക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് പ്രസിഡണ്ടും പില്‍കാലത്ത് രാഷ്ട്രപതിയുമായ സഞ്ജീവ്റെഡ്ഡി ശക്തമായി ആവശ്യപ്പെട്ടിരുന്നു. 1977 ആസ്സാമില്‍ നിന്നുള്ള ആബിദാ അഹമ്മദിനെ രാഷ്ട്രപതിസ്ഥാനത്തേക്ക് വാജ്പേയിയും ഫെര്‍ണാണ്ടസും നിര്‍ദ്ദേശിച്ചിരുന്നു. ആസ്സാമില്‍ ഒരു മുസ്ലിം സ്ത്രീ അന്‍വാറാ തൈമൂര്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. ഫാത്തിമ ബീവി സുപ്രിംകോടതി ജഡ്ജിന്റെ പദം അലങ്കരിച്ചിട്ടുണ്ട്.(
ലിസ്റ്റ് ഇവിടം കൊണ്ട് തീരില്ല )

ഇസ്ലാമിക രാഷ്ട്രങ്ങള്‍ പോലും സ്ത്രീകളുടെ സാമൂഹിക പദവിയുടെ കാര്യത്തില്‍ കുറെ കൂടെ ഉദാരപരമായ സമീപനം പുലര്‍ത്തിയിട്ടുണ്ട്.

1957 ഇല്‍ അറബ് ലോകത്തിലെ തന്നെ ആദ്യ വനിതാ പാര്‍ലിമെന്റരിയന്‍ ആയ രവ്യ അതേയ, പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ, വിദേശ കാര്യമന്ത്രിയായിരുന്ന ഹിനാറബ്ബാനി, ബംഗ്ലാദേശ് പ്രധാനമന്ത്രിമാരായിരുന്ന ബീഗം ഖാലിദാ സിയ, ഷെയ്ക്ക് ഹസീന,ഇന്തോനേഷ്യന്‍ പ്രസിഡന്റ് ആയിരുന്ന മേഘാവതി സുക്കാര്‍ണോപുത്രി,

തുര്‍കി പ്രധാന മന്ത്രി ആയിരുന്ന ടാന്‌സ് സില്ലെര്‍, സെനഗല്‍ പ്രസിഡന്റ് ആയിരുന്ന മമെ മദിഒര്‍ ബൊയെ,മാലി പ്രസിഡന്റ് സിസ്സെ മരിയം കൈദമ സിദിബേ, കൊസോവോ പ്രസിഡന്റ് ആയ അതിഫെറ്റ് ജഹ്ജഗ, മൌറിഷ്യസ് പ്രസിഡന്റ് ആയ ബീബി അമീന ഫിര്‍ദൌസ് ഗുരിബ് ഫകിം തുടങ്ങി എത്ര ഉദാഹരണങ്ങള്‍ നമുക്ക് നിരത്താന്‍ കഴിയും. സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പ് വരുത്തി ജോര്‍ദാനില്‍ നിയമ ഭേദഗതി വരുത്തി രാജ്ഞി റാനി യ പ്രഖ്യാപനം നടത്തുകയുണ്ടായി. 2011 ഇല്‍ ഫോര്‍ബ്‌സ് മാഗസിന്‍ ലോകത്തിലേ ഏറ്റവും ശക്തരായ നൂറു വനിതകളെ തിരഞ്ഞെടുത്തപ്പോള്‍ അതിലൊന്ന് അവരായിരുന്നു.

യാഥാസ്ഥിതികതയുടെ ചതുപ്പ് നിലം എന്ന് വിശേഷിപ്പിക്കാവുന്ന സൗദിഅറേബ്യയില്‍ പോലും ഷൂറാ കൗണ്‍സിലില്‍ മുപ്പത് ശതമാനം സ്ത്രീകളായി കഴിഞ്ഞു.ഐക്യരാഷ്ട്ര പൊതുസഭയുടെ അണ്ടര്‍ സെക്രട്ടറിയായിരുന്ന തൊറായ ഉബൈദ് സൗദി പൗരയായിരുന്നു. എവറസ്റ്റ് കീഴടക്കിയ സൗദി വനിത റഹ മുഹര്‍ഖ, വളരെ യാഥാസ്ഥികമെന്ന് കരുതപ്പെടുന്ന ഇറാനില്‍ പോലും വൈസ്പ്രസിഡണ്ടുമാരായ ഇല്‍ഹം അരിന്‍സാദ, മസൂമഹ് ഇബ്തികാര്‍, ഇനിയും എത്ര ഉദാഹരണങ്ങള്‍ വേണം പുരോഹിതവര്‍ഗത്തിന് സ്ത്രീയുടെ കഴിവ് അംഗീകരിക്കാന്‍.ഓള്‍ ഇന്ത്യ മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡില്‍ സ്ത്രീകള് അംഗമാണെന്ന് നമുക്ക് കാണാന്‍ കഴിയാം.

ഫാത്തിമ അല്‍ ഫിഹ്രി എന്ന അറബ് മുസ്ലിം സ്ത്രീയാണ് ഇന്ന് നിലനില്കുന്നതില്‍ ഏറ്റവും പുരാതനമായ, ലോകത്തില്‍ വെച്ച് തന്നെ ഏറ്റവും ആദ്യം ബിരുദ ദാനം നടത്തിയ ദി യൂണിവേഴ്‌സിറ്റി ഓഫ് അല്‍ ഖറവിയ്യീന്‍ സ്ഥാപിച്ചത്. ഈജിപ്തിലെ നിയമ മന്ത്രാലയത്തിന്റെ ഉപദേശകരായ ഇസ്ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ട് ദാറുല്‍ ഇഫ്റ്റ അല്‍ മിസ്രിയ്യ സ്ത്രീ ഭരണാധികാരികള്‍ ഇസ്ലാമില്‍ അനുവദനീയമാണെന്ന് പറഞ്ഞ് ഫതവ ഇറക്കിയിരുന്നു. ( ഗൂഗിള്‍നു തെറ്റ് പറ്റിയതാണോ എന്നറിയില്ല..ആ രാജ്യങ്ങളൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നാണു കാണുന്നത്)

അറബ് വസന്തത്തിന്റെ ഭാഗമായി ട്യുണിഷ്യന്‍, യമന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെല്ലാം അറബ് സ്ത്രീകള്‍ വഹിച്ച പങ്കു നിസ്സാരവത്കരിക്കാനാകില്ല. തഹരീര്‍ സ്‌ക്വയര്‍ വിപ്ലവത്തിന്റെ പ്രധാന ആകര്‍ഷണകേന്ദ്രം തന്നെ ഒരു പെണ്‍കുട്ടിയായിരുന്നു. ഇന്ത്യയിലെ തന്നെ വര്‍ഗീയകലാപങ്ങളെടുത്ത് നോക്കിയാല്‍ പലപ്പോഴും മനസ്ഥൈര്യത്തോടെയും ആക്രമികളെ നേരിട്ടതും അനേകരുടെ ജീവന്‍ രക്ഷിച്ചതും സ്ത്രീകളാണെന്ന് കാണാം.

സ്ത്രീകള്‍ ബുദ്ധിശേഷി കുറഞ്ഞവരെന്നും (നാകിസുല്‍അഖല്‍) ഉത്തരവാദിത്ത്വങ്ങള്‍ ഭാരമേല്‍പിക്കുവാന്‍ പറ്റിയവര്‍ അല്ലെന്നുള്ള ധാരണകള്‍ തിരുത്തികുറിക്കേണ്ടിയിരിക്കുന്നു. എല്ലാ മനുഷ്യരേയും ‘ഉലുല്‍ അല്‍ബാബ്’ എന്നാണ് ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത് പിന്നെ എന്ത് അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെടേണ്ടത്?

മാറ്റങ്ങള്‍ സ്വീകാര്യമല്ല എന്ന് ഘോഷിക്കുന്ന, യാഥാസ്തികത അലങ്കാരമാക്കിയ ഉലമാക്കള്‍ വരെ സ്ത്രീ പുരുഷ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കികൊണ്ട് വിദ്യാലയങ്ങള്‍ നടത്തിവരുന്നുണ്ട്. ഖുര്‍ആനില്‍ ഊന്നി നിന്ന് കൊണ്ട് തന്നെ തങ്ങളുടെ സമുദായത്തില്‍ പാതിക്കും കൂടെ പ്രാമുഖ്യം കിട്ടുന്ന തരത്തില്‍ അനിസ്ലാമികമല്ലാത്ത മാറ്റങ്ങള്‍ വരുത്താം എന്ന അവസ്ഥ രൂപപ്പെടുത്തുന്നതിന് പകരം എന്തിനാണീ ഒരു വിഭാഗത്തില്‍നിന്ന് കൈയടി നേടാനും ഇസ്ലാമിനെ മറ്റു സമുദായങ്ങളുടെ രൂക്ഷവിമര്‍ശനത്തിനും പരിഹാസത്തിനും പാത്രമാക്കാനായി ഈ സ്ത്രീവിരുദ്ധ ജല്പനങ്ങള്‍?

ഖുര്‍ആന്‍, വിവാഹത്തിനും വിവാഹമോചനത്തിലും ഉള്‍പ്പെടെ വ്യക്തമായ അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നിരിക്കെ വിവാഹം പുരുഷ മേല്‍ക്കോയ്മ ബന്ധമായും സ്ത്രീയെ ഗര്‍ഭധാരണയന്ത്രമായും കാണുന്നതിന് പകരം ഖുര്‍ആന്‍ അനുവദിച്ച അവകാശങ്ങളെങ്കിലും സ്ത്രീകള്‍ക്ക് നേടികൊടുക്കാനുള്ള കടമ നമ്മുടെ പണ്ഡിത ശ്രേഷ്ഠര്‍ക്കുണ്ട്.

സ്ത്രീകളുടെ അവകാശത്തെ അനുകൂലിക്കുന്ന അനേകം വചനങ്ങള്‍ ഖുര്‍ആനിലുണ്ട്. എന്നാല്‍ ഇവ സ്ത്രീകള്‍ക്ക് എതിരായി വ്യാഖ്യാനിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ, ആണ് ചെയ്യുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന ഫ്യൂഡല്‍ സാംസ്‌കാരിക ശീലങ്ങളില്‍ നിന്ന് കൊണ്ടല്ല ഖുര്‍ആനിക പ്രമാണങ്ങളെ വായിക്കേണ്ടത്.

ഖുര്‍ആനിനോട് സദാ വൈകാരികമായൊരുബന്ധം മുസ്ലിംകള്‍ കാണിക്കാറുണ്ട്. എന്നാല്‍ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ പ്രായോഗികവത്കരിക്കുന്ന കാര്യത്തില്‍ വിശിഷ്യാ സ്ത്രീകളുടെ വിഷയമായിത്തീരുമ്പോള്‍ അവര്‍ അത്ര സത്യസന്ധത പുലര്‍ത്താറില്ലെന്നതാണ് വാസ്തവം.ഇസ്ലാമിന്റെ ചട്ടകൂടുകളില്‍ ഒതുങ്ങി നിന്ന് കൊണ്ട് തന്നെ സ്ത്രീക്ക് സമുദായത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിയില്‍ തന്റേതായ പങ്കു വഹിക്കാന്‍ ആകില്ലേ?തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് നല്ല ജനപ്ര തിനിധികള്‍ക്കുള്ള അവാര്‍ഡ് നേടിയെടുത്തവര്‍, കുടുംബ ശ്രീ പ്രവര്‍ത്തകര്‍ അവരുടെയെല്ലാം നേട്ടം നിഷേധിക്കാനാകുമോ?

ജീവിതോപാധി കണ്ടെത്താനായി അനേകായിരം മുസ്ലിം ഗൃഹ നാഥന്മാര് അന്യ നാട്ടിലേക്ക് പോയപ്പോള്‍ ആ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അവയെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ട് പോയ സ്ത്രീകള് .അവര്‍ വീട്ടില് നിന്ന് പുറത്തിറങ്ങാതിരുന്നെങ്കില്‍ ആ കുടുംബങ്ങള്‍ സാമൂഹികമായും വൈജ്ഞാനികമായും മുന്നേറുമായിരുന്നോ?

ഇനി, ഭാര്യയേയും മക്കളെയും സംരക്ഷിക്കാതെ കള്ള് കുടിച്ചും വ്യഭിചരിച്ചും നടക്കുന്ന മുസ്ലിം നാമധാരികള്‍,അവരുടെ പലരുടേയും കുടുംബത്തെ പിടിച്ചു നിര്ത്തിയത് അവരുടെ ഭാര്യമാര്‍ തന്നെയാണ്.മുസ്ലീം സ്ത്രീ പുറത്തിറങ്ങാന്‍ പാടില്ലെന്ന് ഏതെന്‍കിലും പുരോഹിതന്‍ പറഞ്ഞിരുന്നെന്‍കില്‍ ആ കുടുംബങ്ങള്‍ എന്താകുമായിരുന്നു

സ്ത്രീകളുടെ രാഷ്ട്രീയാവകാശങ്ങളും സമൂഹനിര്‍മ്മിതിയിലെ അവളുടെ പങ്കാളിത്തവും ഇല്ലാതാക്കാന്‍ അവള്‍ പ്രകൃത്യാ ദുര്‍ബലയാണെന്ന പൊള്ളയായ വാദം ഉന്നയിച്ചും സാമൂഹിക സുരക്ഷയുടെ കവചം അവളെ ധരിപ്പിക്കാനെന്ന വ്യാജേന ദൈവവചനങ്ങളെയും മതപരമായ യുക്തികളെയും നബിചര്യകളെയും ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ സഹാബി എന്ന പദത്തിന് സഹാബിയത്ത് എന്ന സ്ത്രീലിംഗ ശബ്ദം ഉണ്ട് എന്ന് അറിയേണ്ടതുണ്ട്.

പ്രവാചകനുമായി പോലും തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാനും സൈനിക രാഷ്ട്രീയ നീക്കങ്ങളില്‍ പോലും പങ്കാളികളാകാനും മുസ്ലിംസമുദായത്തിന്റെ നിര്‍മിതിയില്‍ തങ്ങളുടേതായ പങ്ക് അഭിമാനപൂര്‍വം നിര്‍വഹിക്കാനും ഏഴാംനൂറ്റാണ്ടിലെ സ്ത്രികള്‍ക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ ഈ ഇരുപത്തൊന്നും നൂറ്റാണ്ടില്‍ സ്ത്രീകള്‍ക്ക് അത് നിഷേധിക്കുന്നതിന്റെ പിന്നിലെ യുക്തിയെന്താണ്?

ഇസ്ലാമികപൌര സമൂഹത്തിലെ ദശലക്ഷകണക്കിനു സ്ത്രീകളുടെ രാഷ്ട്രീയാകാശങ്ങളെ ഇല്ലായ്മചെയ്യാന്‍, സ്ത്രീകളെ പൊതുജീവിതത്തില്‍ നിന്നൊഴിവാക്കാന്‍, കുടുംബത്തിന്റെ ഉള്ളറകളില്‍ മാത്രം ജീവിതം ഹോമിക്കാന്‍, നിശബ്ദരാക്കപ്പെട്ട അടിമകള്‍ എന്ന നിലയിലേക്ക് അവരെ തരം താഴ്ത്താന്‍ പണ്ഡിത വര്‍ഗം വല്ലാതെ യത്‌നിക്കുന്നുണ്ട് .

ഇസ്ലാമിന്റെ മുഖമുദ്ര തന്നെ സ്ത്രീ വിരുധ്ധതയാണെന്നു ഘോഷിക്കാന്‍, ഇസ്ലാം മതം സ്ത്രീയുടെ ധൈഷണിക, സാംസ്‌കാരിക, സാമ്പത്തിക,ശാരീരിക, മാനസിക സ്വാതന്ത്ര്യങ്ങള്‍ക്ക് കൂച്ച് വിലങ്ങിടുന്നു എന്ന്‌സമര്‍ത്ഥിക്കാന്‍ , അങ്ങിനെ ഏറ്റവും സ്ത്രീ വിരുദ്ധമായ മതം എന്നാ വികലമായ പ്രതിച്ഛായ ഇസ്ലാമിനു ചാര്‍ത്തി കൊടുക്കാന്‍, ജനാധിപത്യത്തിന്റെ എതിര് പക്ഷത്താണ് ഇസ്ലാം എന്ന് സ്ഥാപിക്കാന്‍ പുരുഷാധിപത്യ പുരോഹിത സമൂഹം മത്സരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

തുല്യതയില്‍ അധിഷ്ഠിതമായ ഇസ്ലാമികപാഠങ്ങള്‍ വളച്ചൊടിച്ച് കൊണ്ട് സ്ത്രീയെ വീണ്ടും ഇരുണ്ട അകത്തളങ്ങളിലേക്ക് തുരുത്തുവാനും തദ്വാരാ തങ്ങളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കുവാനും ഈ കപടവരേണ്യ പുരോഹിതന്‍മാര്‍ കാട്ടിക്കൂട്ടുന്ന ബദ്ധപ്പാടുകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ടതുണ്ട്.

സ്ത്രീകള്‍ക്കെതിരെയുള്ള അനീതികളേയും അടിച്ചമര്‍ത്തലുകളെയും ന്യായീകരിക്കാന്‍ മതത്തെ ദയവ് ചെയ്ത് നിങ്ങള്‍ കൂട്ടുപിടിക്കാതിരിക്കുക. പുരുഷാധിപത്യ ലോകത്ത് സ്വന്തമായൊരു വിളക്കുമാടം നിര്‍മിക്കാനുള്ള ശ്രമവുമായി സ്ത്രീകള്‍ മുന്നേറുമ്പോള്‍ അതിന് തടയിടുന്നത് ഇസ്ലാമിനോടും വിശ്വാസിനികളോടും ചെയ്യുന്ന നീതികേടാണ്.

About Intensive Promo

Leave a Reply

Your email address will not be published.