ആനയടിപ്പൂരത്തിനിടെ ആവേശത്തോടെ തുള്ളിച്ചാടുന്ന പെൺകുട്ടി– കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഏറ്റവുമധികം കണ്ടതും തിരഞ്ഞതും ഈ കൊച്ചുമിടുക്കിയെ ആയിരുന്നു. ഫെയ്സ്ബുക്കിൽ എനിക്ക് അക്കൗണ്ടില്ല, അമ്മക്കും ബന്ധുക്കൾക്കുമെല്ലാം അക്കൗണ്ടുണ്ട്. അവരാണ് വിഡിയോ പ്രചരിക്കുന്ന കാര്യം പറഞ്ഞത്, പൂരപ്രേമിയായ പാര്‍വതി പറഞ്ഞുതുടങ്ങി.
ആലപ്പുഴ ജില്ലയിലെ നൂറനാട് ശ്രീ ശബരി സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് പാർവതി. പത്തനംതിട്ടയിലെ പള്ളിക്കൽ ആണ് സ്വദേശം. വിഡിയോയെക്കുറിച്ച് പാർവതി പറയുന്നതിങ്ങനെ:
നാട്ടിൽ നിന്ന് ഞങ്ങളൊരു സംഘമായാണ് പൂരത്തിന് പോയത്. ഞാനൊരു പൂരപ്രേമിയാണ്, മേളവും നന്നായി ആസ്വദിക്കും. മേളം കൊഴുത്തപ്പോൾ എനിക്കും ആവേശമായി. വിഡിയോ എടുത്തതോ ആളുകൾ ശ്രദ്ധിക്കുന്നതോ ഒന്നും ഞാനറിഞ്ഞില്ല. അപ്പോഴത്തെ ആവേശം പ്രകടിപ്പിച്ചു എന്നല്ലാതെ ഇതിത്ര വലിയ സംഭവമാകുമെന്ന് കരുതിയില്ല.
വിഡിയോയിൽ എനിക്കൊപ്പമുണ്ടായിരുന്നത് ചിറ്റയും അമ്മായിയുമായിരുന്നു. ചിറ്റയാണ് കയ്യിൽ പിടിച്ചുകൊണ്ടിരുന്നത്. അവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, പക്ഷേ ഞാനൊന്നും കേട്ടില്ല. സത്യം പറഞ്ഞാ, മേളലഹരിയിൽ മതിമറന്നുപോയി. അവിടെയുണ്ടായിരുന്ന എല്ലാ ആളുകളും എന്നെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു എന്ന് ചിറ്റയും അമ്മായിയും പിന്നീട് പറഞ്ഞു.
ഒരു വർഷം പോലും ആനയടിപ്പൂരം മുടക്കാറില്ല. നമ്മുടെ സ്വന്തം പൂരമല്ലേ? ഇത്തവണത്തേത് മറക്കാനാകില്ല. ഇങ്ങനെ വേണം ഉത്സവം ആഘോഷിക്കാൻ എന്ന കമന്റാണ് ഏറ്റവും ഇഷ്ടപ്പെട്ടത്–പാർവതി പറഞ്ഞു.