ജീവകാരുണ്യപ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്താനായി കാറ്ററിങ് സര്‍വീസ് നടത്തി തിരുവള്ളൂര്‍ പറമ്പത്ത് താഴയിലെ ഒപ്പം എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി. ഒപ്പത്തിന്റെ അമ്പതോളം വൊളന്റിയര്‍മാരാണ് കാറ്ററിങ് സംഘത്തിലെ വിളമ്പുകാരായത്.
കാറ്ററിങ് സര്‍വീസിലൂടെ പണം കണ്ടെത്തുക എന്ന ആശയത്തിന് വലിയ ജനപിന്തുണയാണ് ഇവര്‍ക്ക ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ വൊളന്റിയര്‍മാരും സൗജന്യസേവനമാണ് നടത്തുന്നത്. തിരുവള്ളൂരില്‍ കഴിഞ്ഞദിവസം നടന്ന പുനത്തില്‍ റഷീദിന്റെ മകളുടെ വിവാഹത്തിനാണ് ഒപ്പത്തിന്റെ സംഘം ആദ്യമായി കാറ്ററിങ് നടത്തിയത്.
സംഘത്തില്‍ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും എന്‍ജിനീയര്‍മാരും വ്യാപാരികളും എല്ലാം ഉണ്ട്.
കാറ്ററിങിലൂടെ പണം കണ്ടെത്തുന്ന വഴി സ്ഥിരമാക്കി ഇതിലൂടെ ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് തീരുമാനമെന്ന് ഒപ്പത്തിന്റെ കണ്‍വീനര്‍ സിറാജ് മാണിക്കോത്ത് പറഞ്ഞു.
രണ്ടുമാസം മുമ്പാണ് പറമ്പത്ത് താഴ കേന്ദ്രീകരിച്ച് ഒപ്പം സൊസൈറ്റി പ്രവര്‍ത്തനം തുടങ്ങിയത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടി തിരുവള്ളൂരിന്റെ അഭിമാനമായ് മാറിയ ഷാഹിദ് ടി കോമത്താണ് പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മാര്‍ഗനിര്‍ദേശം നല്‍കുന്നത്.