കാൻസർ ദിനത്തോടനുബന്ധിച്ച് ഒരുപാട് ഫെയ്സ്ബുക്ക് പോസ്റ്റുകൾ കണ്ടിരുന്നു.അർബുദം എന്ന മഹാവ്യാധിയോട് മല്ലിട്ട് മരണം വരിച്ച ഒരു അമ്മയുടെ മകനാണ് ഞാൻ.പൊതുവെ തോറ്റുപോയവരുടെ കഥകൾ ആരും പറയാറില്ല.എങ്കിലും ഈ കഥ പറയണമെന്ന് തോന്നുന്നു.
എനിക്ക് പത്തുവയസ്സുള്ളപ്പോഴായിരുന്നു അമ്മയുടെ മരണം.13 വർങ്ങൾക്കുശേഷം അച്ഛനും എന്നെ വിട്ടുപോയി.അമ്മ പോയതിൻ്റെ ദുഃഖം സഹിക്കാൻ വയ്യാതെ കുടിച്ചു കുടിച്ചാണ് അച്ഛൻ മരിച്ചത്.ചുരുക്കിപ്പറഞ്ഞാൽ എൻ്റെ കുടുംബം തകർത്തുകളഞ്ഞത് കാൻസറാണ്.
ഭാര്യയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം അവൾ മരിച്ചാൽ ഈ ലോകം അവസാനിച്ചതുപോലെയാണ്.ഒരു സ്ത്രീ കുടുംബത്തിൽ ഉണ്ടാക്കുന്ന ഇംമ്പാക്റ്റ് അത്രത്തോളമാണ്.
കുഞ്ഞുനാളിൽത്തന്നെ അമ്മയെ നഷ്ടപ്പെട്ടുപോയ എനിക്ക് എല്ലാ സ്നേഹവും തന്ന് വളർത്തിവലുതാക്കിയത് അച്ഛനാണ്.പക്ഷേ ശരീരം വേദനിക്കുമ്പോൾ ‘അമ്മേ’ എന്നാണ് എപ്പോഴും വിളിക്കാറുള്ളത്.
മാസങ്ങളോളം ഉദരത്തിൽ ചുമക്കുന്നതും നൊന്തുപ്രസവിക്കുന്നതും മുലയൂട്ടിവളർത്തുന്നതും സ്ത്രീകളാണ്.അങ്ങനെ പുരുഷന് അസാദ്ധ്യമായ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്ന അവർക്ക് ലഭിക്കുന്ന പ്രതിഫലമാണ് ആ വിളി എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
സ്കൂൾപഠനകാലത്ത് ഒട്ടേറെ വേദനിപ്പിക്കുന്ന അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിപ്പിക്കുന്ന ദിവസം എന്നെ സംബന്ധിച്ചിടത്തോളം അതികഠിനമായിരുന്നു.കൂടുതലും അമ്മമാരാണ് അതുപോലുള്ള ചടങ്ങുകൾക്ക് വരിക.അങ്ങനെയൊരാൾ എൻ്റെ വീട്ടിൽ നിന്ന് വരാനില്ലല്ലോ !
അമ്മ മരിച്ച കുട്ടിയോട് നാട്ടുകാരും ബന്ധുക്കളും കാണിക്കുന്ന സഹതാപം അസഹനീയമാണ് ! ”അമ്മ ഇല്ലെങ്കിലെന്താ ; ഞങ്ങളൊക്കെയില്ലേ ” എന്ന ഡയലോഗാണ് എല്ലാവരും പുറത്തെടുക്കാറുള്ളത്.ആ പറയുന്നതിൽ ഒരു കാര്യവും ഇല്ലെന്ന് പറയുന്ന അവർക്കും അറിയാം കേൾക്കുന്ന നമ്മൾക്കും അറിയാം.കാര്യത്തോടടുക്കുമ്പോൾ ആരും കൂടെയുണ്ടാവാറില്ല.മറക്കാൻ ശ്രമിക്കുന്നതെല്ലാം വീണ്ടും ഒാർമ്മയിലെത്തും എന്നൊരു ഉപകാരം മാത്രമേ അത്തരം പൊള്ളയായ വാക്കുകൾ കൊണ്ട് ഉണ്ടാകാറുള്ളൂ.
അമ്മമാർ നിറച്ചുകൊടുക്കുന്ന കൂട്ടുകാരുടെ ചോറ്റുപാത്രങ്ങൾ ഒത്തിരി കരയിച്ചിട്ടുണ്ട്.അമ്മ വിളമ്പിക്കൊടുത്തില്ലെങ്കിൽ ഭക്ഷണം കഴിക്കാത്ത ആളുകളുണ്ട്.അസുഖം വന്ന് പുതച്ചുമൂടിക്കിടക്കുകയാണെങ്കിൽപ്പോലും അമ്മ തന്നെ അത് ചെയ്യണം.അതിനു യോഗമില്ലാത്ത കുട്ടികളുടെ കാര്യം ചിന്തിച്ചിട്ടുണ്ടോ?
പനിച്ചുവിറച്ചുകിടക്കുമ്പോൾ നെറ്റിയിൽ ഒരു കൈത്തലം അമരുന്നത് എത്ര വലിയ ആശ്വാസമാണ് ! അമ്മയില്ലാത്ത കുട്ടികൾക്ക് അതുപോലും നിഷേധിക്കപ്പെടാറുണ്ട്.
അമ്മയില്ലാത്ത ഒരു പെൺകുട്ടിയെ വളർത്തേണ്ടിവരുന്ന അച്ഛൻ്റെ ബുദ്ധിമുട്ടുകൾ എത്രയാണെന്നറിയാമോ? അവളുടെ സങ്കടങ്ങൾ മനസ്സിലാക്കുന്നതിൽ അച്ഛന് ഒരു പരിധിയുണ്ട്.അവളുടെ ശാരീരികബുദ്ധിമുട്ടുകൾ അയാൾക്ക് അറിയാനാവില്ല.രജസ്വലയാവുന്ന സമയത്ത് എന്തു പറയണമെന്നും നിശ്ചയമുണ്ടാവില്ല.
നമ്മുടെ വീടുകളിൽ ഇപ്പോഴും പുരോഗമനവാദം പ്രവേശിച്ചിട്ടില്ല.ബഹുഭൂരിപക്ഷം വീടുകളിലും സ്ത്രീ തന്നെയാണ് എല്ലാ ജോലികളും ചെയ്യുന്നത്.അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് സ്ത്രീകൾ എത്തിത്തുടങ്ങി എന്നത് ശരിയാണ്.പക്ഷേ ഇപ്പോൾ അടുക്കളയും അരങ്ങും ഒന്നിച്ച് പെണ്ണിൻ്റെ തലയിലായി എന്നതാണ് നേര് !
പണ്ട് വീട്ടുജോലി മാത്രമേ ഉണ്ടായിരുന്നുള്ളു.ഇപ്പോൾ വീട്ടിലെ ജോലികളും ഒാഫീസിലെ ജോലികളും സ്ത്രീ ചെയ്യണം എന്ന സ്ഥിതിയാണ് ! ഒാഫീസിൽ അധികനേരം ഇരുന്ന് ജോലി ചെയ്ത് പ്രശംസ നേടാൻ പുരുഷനു കഴിയും.സ്ത്രീയെ അതിന് അനുവദിക്കാത്തത് സാഹചര്യങ്ങളാണ്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയായതുകൊണ്ടുതന്നെ അമ്മ ഇല്ലാതായാൽ ഒരു വീട് ഉറങ്ങും.സോഷ്യൽ മീഡിയയിൽ അമ്മമാരുടെ കഠിനാദ്ധ്വാനത്തെ പുകഴ്ത്തുന്നതുപോലെ എളുപ്പമല്ല വീട്ടുജോലികൾ എന്ന് പുരുഷൻമാർ തിരിച്ചറിയും.ഒരു വീട്ടിലേക്ക് വാങ്ങേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്നുപോലും പലപ്പോഴും പുരുഷന് ധാരണയുണ്ടാവില്ല.
ഭാര്യ മണിക്കൂറുകൾ കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണത്തിൽ ഒരു മുടിനാര് കണ്ടാൽ തെറിയും പറഞ്ഞ് ഇറങ്ങിപ്പോവുന്ന ഭർത്താക്കൻമാർ ഒാർത്തുകൊള്ളുക.ഈ ആണഹങ്കാരം പെണ്ണിൻ്റെ ഒൗദാര്യമാണ്.വീട്ടുജോലികൾ പെണ്ണിൻ്റെ കടമയാണെന്ന് ഒരു പുസ്തകത്തിലും പറഞ്ഞിട്ടില്ല.എന്നിട്ടും അവർ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവുമ്പോൾ തലയിൽക്കയറി നിരങ്ങരുത്.
ജീവിച്ചിരിക്കുമ്പോൾ അമ്മയ്ക്ക് ഒരു വിലയും കല്പിക്കാത്ത മക്കൾ മനസ്സിലാക്കുക.നഷ്ടപ്പെടുമ്പോൾ മാത്രമേ കൈവശമുള്ളതിൻ്റെ മൂല്യം അറിയുകയുള്ളൂ !
കാൻസർ വരുന്നത് ആരുടെയും കുറ്റമല്ല.എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കാൻ നമുക്ക് സാധിക്കും.വിദഗ്ദരുടെ അഭിപ്രായമനുസരിച്ച് ജീവിതശൈലി തിട്ടപ്പെടുത്താം.ചെറിയ രോഗം വന്നാൽ പോലും സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറെ കാണാം.കൃത്യസമയത്ത് കണ്ടെത്തുക എന്നത് അർബുദ ചികിത്സയിൽ പ്രധാനമാണ്.
രോഗം സ്ഥിരീകരിച്ചാൽ എല്ലാം നഷ്ടപ്പെട്ടതുപോലെ തരിച്ചിരിക്കരുത്.പൊരുതിജയിച്ചവരുടെ കഥകൾ ഒാർക്കുക.മടികൂടാതെ ചികിത്സിക്കുക.തോറ്റാലും പൊരുതിയേ തോൽക്കൂ എന്നുറപ്പ് വരുത്തുക.
കാൻസർ ബാധ കുറഞ്ഞുവരട്ടെ.അച്ഛനമ്മമാരും മക്കളും തമ്മിൽ പിരിയാതിരിക്കട്ടെ…
Written by-Sandeep Das