പ്രണവ് മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തെക്കുറിച്ച് പ്രതികരണവുമായി മോഹന്‍ലാൽ. ദൈവാനുഗ്രഹവും അവന്‍റെ കഴിവുമാണ് എല്ലാം തീരുമാനിക്കുക. കഴിവുണ്ടെങ്കിൽ അഭിനയം തുടരും, അല്ലെങ്കില്‍ അവൻ വേറെ ജോലി കണ്ടെത്തുമെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു.
മരക്കാർ
മരക്കാർ അങ്ങനെ വലുതായി പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. ഇത്ര വലിയൊരു ചിത്രം ചെയ്യുമെന്നോ അതിൽ പ്രണവും കല്യാണിയുമൊക്കെ അഭിനയിക്കുമെന്നോ ഒന്നും കരുതിയിരുന്നില്ല, പക്ഷേ അത് സംഭവിച്ചു. ഇതുപോലെ മറ്റനേകം കാര്യങ്ങളും സംഭവിക്കുമെന്ന് വിശ്വസിക്കുന്നു.
ജീവിതത്തില്‍ നല്ല കാര്യങ്ങൾ സംഭവിച്ചപ്പോഴെല്ലാം പ്രിയൻ ഒപ്പമുണ്ടായിരുന്നു. ആദ്യത്തെ സംസ്കൃത നാടകം അവതരിപ്പിച്ചപ്പോൾ, പദ്മ പുരസ്കാരം ലഭിച്ചപ്പോൾ എല്ലാം കൂടെയുണ്ടായിരുന്നു. അവാര്‍ഡ് വാർത്ത അറിഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്ന എല്ലാവരുമായും ആ സന്തോഷം പങ്കുവെച്ചു.
ജീവിതം മാറിയോ?
ജീവിതത്തിലെ മുൻഗണനകളൊന്നും മാറിയിട്ടില്ല, പക്ഷേ ജീവിതശൈലി മാറി. തുടക്കകാലത്തൊക്കെ കാരവനിലൊന്നും ഇരിക്കില്ലായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനല്ല. ഇപ്പോള്‍ താമസിക്കുന്ന ഹോട്ടലുകൾ വ്യത്യാസപ്പെട്ടു. അതല്ലാതെയുള്ള മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.
8 മണിക്കാണ് ഷൂട്ടിങ്ങ് എന്ന് അറിയിച്ചാൽ ഞാൻ കൃത്യമയത്തു തന്നെ എത്തും. 8 മണി എന്നു പറഞ്ഞാൽ അവർ 10 മണിക്കേ തുടങ്ങൂ എന്നൊന്നും ചിന്തിക്കില്ല. ജോലിയോടുള്ള പ്രതിബദ്ധതയിൽ ഒരു മാറ്റവുമില്ല.
അവാർഡുകൾ
അവാർഡുകൾ ജീവിതത്തിനെ പരകോടിയിലെത്തിച്ചു എന്നു വിശ്വസിക്കുന്നില്ല. അവ ഹൃദയം കൊണ്ടു സ്വീകരിക്കുന്നു. പക്ഷേ, അടുത്ത ദിവസം എഴുന്നേൽക്കും, ലൊക്കേഷനിൽ പോകും, മേക്കപ്പിടും, അഭിനയിക്കും.
അഭിനേതാവും നിർമാതാവും
അഭിനേതാവെന്ന രീതിയിൽ അഭിയിക്കുക എന്നതാണ് ഉത്തരവാദിത്തം. പദ്മഭൂഷൻ ലഭിച്ചെന്നു കരുതി പുതിയ രീതിയിലുള്ള പ്രകടനമൊന്നും ഉണ്ടാകില്ല. അഭിനേതാവെന്ന രീതിയിൽ നമുക്കു സ്വീകരിക്കാവുന്ന റോളുകൾക്കും ചില പരിധികളുണ്ട്. പ്രൊഡക്ഷനിലേക്ക് കടക്കാനുള്ള കാരണങ്ങളിലൊന്ന് ഇതാണ്.
മരക്കാറും ലൂസിഫറുമൊക്കെ വലിയ ബജറ്റിലാണ് ഒരുക്കുന്നത്. സാധാരണ മലയാളിസിനിമകളേക്കാൾ ഉയർന്ന ബജറ്റാണത്. നമ്മുടെ സിനിമയെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കണം. മലയാളസിനിമക്ക് ദേശീയതലത്തിൽ ശ്രദ്ധ നേടിക്കൊടുക്കുക എന്നതാണ് എന്‍റെ ഉത്തരവാദിത്തം.