Breaking News
Home / Lifestyle / ഗൾഫ് യുദ്ധകാലത്ത് കുവൈത്തിൽനിന്ന് പത്തനംതിട്ടയിലേക്ക് നടത്തിയ കാർ യാത്ര

ഗൾഫ് യുദ്ധകാലത്ത് കുവൈത്തിൽനിന്ന് പത്തനംതിട്ടയിലേക്ക് നടത്തിയ കാർ യാത്ര

ഇനി നമ്മൾ കാണുമോ?’ ലഹോർ റെയിൽവേ സ്റ്റേഷനിൽ ഡിസംബറിലെ കൊടുംതണുപ്പിൽ യാത്ര പറയുമ്പോൾ പാക്കിസ്ഥാൻകാരനായ സഹയാത്രികന്റെ വാക്കുകളും മരവിച്ചിരുന്നു. തോമസും ബാബുവും ഒന്നും സംസാരിച്ചില്ല. പോകുംമുൻപു സ്റ്റേഷനടുത്തേക്ക് വിരൽ ചൂണ്ടി അദ്ദേഹം പറഞ്ഞു ‘ആ കാണുന്നതാണ് മുഹമ്മദ് റഫിയുടെ വീട്’. തോമസും ബാബുവും മുഖമുയർത്തി നോക്കി.

അരിച്ചു കയറുന്ന ഡിസംബറിലെ കൊടുംതണുപ്പിലും മനസ്സിലേക്ക് ഒഴുകിയെത്തിയത് ‘ദോസ്തി’യിലെ ‘കോയീ ജബ്‌ രാഹ് ന പായേ…’ എന്ന ഗാനം. ഇരുട്ടിനെയും തണുപ്പിനെയും കീറിമുറിച്ചുകൊണ്ട് മിത്‌സുബിഷി ഗാലന്റ് വീണ്ടും ലക്ഷ്യസ്ഥാനത്തേക്കു കുതിച്ചു.

പത്തനംതിട്ട ഇടയാറന്മുളയിലെ ആനിക്കാട് കളരിക്കോട്ട് വീട്ടിൽ ഇപ്പോൾ ‘വിശ്രമ ജീവിതം’ നയിക്കുന്ന ഒരതിഥിയുണ്ട്, മിത്‌സുബിഷി ഗാലന്റ് ഇറാഖി–കുവൈത്ത് റജിസ്ട്രേഷൻ കാർ. 1990ലെ ഗൾഫ് യുദ്ധത്തിൽ ആയിരക്കണക്കിനു മൈലുകളകലെ കുവൈത്തിൽനിന്ന് ഉടമയായ തോമസ് നാട്ടിലേക്കെത്തിയത് ഈ കാറോടിച്ചാണ്.

വാർധക്യത്തിൽ ഉപയോഗശൂന്യമായ കാറിനെ വിറ്റുകളയാതെ കുടുംബത്തിലെ അംഗമെന്നോണം സംരക്ഷിക്കുന്നതിനു പിന്നിലുള്ള കാരണവും ഇതുതന്നെ. കാൽനൂറ്റാണ്ട് പിന്നിട്ട വൈകാരിക ബന്ധത്തിന്റെ കഥ. നാളെ 28 വർഷം പിന്നിടുമ്പോഴും അന്നത്തെ രാജ്യാന്തര കാർയാത്രയുടെ ഓരോ നിമിഷവും തോമസിന്റെ മനസ്സിലുണ്ട്. കാറിനായി ഉ‍ടമസ്ഥൻ തോമസ് ജോസഫ് തയാറാക്കിയിരിക്കുന്നത് വീടിനോട് ചേർന്നു തന്നെയുള്ള അടച്ചുറപ്പുള്ള മുറിയാണ്.

കുവൈത്ത് അധിനിവേശം

1990ന്റെ തുടക്കത്തിൽ ഒരു കാർ, മിത്‌സുബിഷി ഗാലന്റ് വാങ്ങുമ്പോൾ ഇനി നാട്ടിലേക്കുള്ള മടക്കം കാറിലാകുമെന്നു തോമസ് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. പക്ഷേ, കുവൈത്ത് യുദ്ധം എല്ലാം മാറ്റിമറിച്ചു. 1990 ഓഗസ്റ്റിൽ സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശത്തോടെ പ്രവാസികളുടെ ജീവിതം പ്രതിസന്ധിയിലായി. യുദ്ധം കനത്തതോടെ എല്ലാവരും നാട്ടിലേക്കു മടങ്ങിത്തുടങ്ങി.

അന്നത്തെ രക്ഷാദൗത്യം ഏറ്റവുമധികം ഓർമിക്കപ്പെടുന്നത് എയർ ഇന്ത്യ ഇന്ത്യക്കാരെ വിമാനത്തിൽ രക്ഷിച്ച സംഭവമാണ്. അതിൽ മുഖ്യപങ്ക് വഹിച്ചത് മാത്തുണ്ണി മാത്യൂസ് അല്ലെങ്കിൽ ‘ടൊയോട്ട സണ്ണി’ എന്ന പത്തനംതിട്ട സ്വദേശിയാണ്. കത്തിയമരുന്ന എണ്ണപ്പാടങ്ങളും ഏതുനിമിഷവും സംഭവിക്കാവുന്ന സ്ഫോടനങ്ങളും പ്രവാസികളെ കനത്ത ഭീതിയിലാഴ്ത്തി.

ആശങ്കയുടെ നാളുകൾ

ജോലിയും സമ്പാദ്യവുമെല്ലാമുപേക്ഷിച്ച് മടങ്ങാൻ ആളുകൾ നിർബന്ധിതരായി. ഇന്ത്യ ഒരിക്കലും ഇറാഖിനെതിരെ നിലപാടുകൾ സ്വീകരിക്കാത്തതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് ഇറാഖ് പട്ടാളം തടസ്സം നിന്നില്ല. പക്ഷേ, യുദ്ധമാണ്. ഏതുനിമിഷവും എന്തും സംഭവിക്കാം. തൊട്ടടുത്ത വിമാനത്താവളം ജോർദാനിലെ അമ്മാനാണ്. ഇന്ത്യൻ സർക്കാർ ശക്തമായി ഇടപെട്ടു.

സമീപ രാജ്യങ്ങളിലേക്ക് കരമാർഗം തിരികെ പോകാൻ കർശന നിയന്ത്രണങ്ങളോടെ ഇറാഖി ഗവൺമെന്റ് അനുവാദം നൽകി. എങ്കിലും യുദ്ധഭൂമിയിലൂടെ അത്തരമൊരു യാത്ര അപകടം നിറഞ്ഞ ഒന്നായിരുന്നു. ഔദ്യോഗികമായ അനുമതി രേഖകൾ നേടിയെടുക്കുകയെന്നതും യുദ്ധകാലത്ത് ശ്രമകരമായിരുന്നു.

കുവൈത്തിലെ വാഹനങ്ങളുടെ റജിസ്ട്രേഷൻ ഇറാഖിലും നടത്തണം എന്ന നിബന്ധന അധികൃതർ കർശനമായി നടപ്പാക്കി. അതിനായി തോമസിന് നാലുതവണ ഇറാഖിലെ ഗതാഗത വകുപ്പിൽ പോകണ്ടി വന്നു. ‘ധൂഖ്’ എന്ന ഇറാഖി ഗതാഗത വകുപ്പിൽനിന്നു പുതിയ നമ്പർ പ്ലേറ്റ് ലഭിച്ചു.

മടക്കത്തിനായി ഒരുക്കം

വിവിധ രാജ്യങ്ങളിലെ അറുന്നൂറോളം വാഹനങ്ങൾക്കാണ് ഇത്തരത്തിൽ സ്പെഷൽ പെർമിറ്റ് നൽകിയത്. ഏറെയും പാക്കിസ്ഥാൻ സ്വദേശികൾക്കായിരുന്നു. ഇന്ത്യക്കാരെ കൂടാതെ ഇറാൻ, അഫ്ഗാൻ, ബംഗ്ലദേശ്, ശ്രീലങ്ക സ്വദേശികളും കരമാർഗം സ്വന്തം രാജ്യങ്ങളിലേക്കുള്ള മടക്കയാത്രയിലുണ്ടായിരുന്നു. കാറിൽ തോമസിനോടൊപ്പം വരാൻ ഒപ്പമുണ്ടായിരുന്നത് കാഞ്ഞിരപ്പള്ളി സ്വദേശിയായ ബാബുവായിരുന്നു.

ഒപ്പം തൃശൂർ, കോഴിക്കോട്, ഹരിപ്പാട് മേഖലകളിൽ നിന്നുള്ള ഏതാനും ആളുകളും വാഹനത്തിൽ വരാൻ തയാറായി. തോമസിന്റെ 1989 മോഡൽ മിത്‌സുബിഷി ഗാലന്റ് കാതങ്ങൾ താണ്ടാനുള്ള യാത്രയ്ക്കു തയാറായി. അതുവരെയുള്ള സമ്പാദ്യങ്ങളിൽ കയ്യിൽ കിട്ടിയതൊക്കെ വാരിയെടുത്ത് നടത്തുന്ന പലായനം.

രാജ്യാന്തര യാത്ര

കരമാർഗം പോകുന്നവർ കുവൈത്തിലെ അബ്ബാസിയയിൽ സംഗമിച്ചു. ഇറാഖ് സൈന്യത്തിന്റെ കനത്ത പരിശോധനകൾ. പതിനഞ്ചു വാഹനങ്ങൾ വീതം കോൺവോയ് അടിസ്ഥാനത്തിൽ യാത്ര ചെയ്യാൻ തീരുമാനിച്ചു. ഒക്ടോബർ 14ന് ആണ് യാത്ര തുടങ്ങിയത്. കരമാർഗം രണ്ടു പാതകളാണ് കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് വരാനുള്ളത്. ഒന്ന് ഇറാൻ – അഫ്ഗാൻ വഴി രണ്ടാമത്തേത് ഇറാഖ് – തുർക്കി – ഇറാൻ വഴി. ഇറാനിലേക്ക് നേരിട്ടു കടക്കാൻ അനുമതി ലഭിക്കാഞ്ഞതിനാൽ തുർക്കി വഴി നൂറുകണക്കിനു കിലോമീറ്റർ ദൂരം കൂടുതൽ യാത്ര ചെയ്യേണ്ടി വന്നു.

ഇറാഖിലെ കുർദ് മേഖലകൾ കടന്ന് തുർക്കി അതിർത്തിക്കടുത്തുള്ള സാക്കുവിലെത്തി. തുടർന്ന് തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലേക്ക്.അന്ന് ഇന്ത്യൻ എംബസിയിൽ ഉദ്യോഗസ്ഥനായിരുന്ന തലശേരി സ്വദേശി മാധവൻ ,നാട്ടിലേക്കു മടങ്ങുന്ന ഇന്ത്യക്കാരെ കാണാനെത്തി.

ഒക്ടോബർ അവസാനമായപ്പോഴേക്കും മഞ്ഞുകാലമായി. മഞ്ഞിൽ സഞ്ചരിക്കാൻ ചെയിൻ ഇട്ട ടയറുകൾ ഇല്ലാതിരുന്നതിനാൽ യാത്ര അതീവ ദുർഘടമായി. വാർത്തകൾ അറിയാൻ സൈനികരെ ആശ്രയിക്കുകയേ വഴിയുള്ളൂ. ഇറാനിലെത്തിയപ്പോൾ ഒപ്പമുള്ള ഒരു വാഹനം കേടായതിനെ തുടർന്ന് ടെഹ്റാനിലെ ഒരു സിഖ് ഗുരുദ്വാരയിലെത്തിയാണ് നന്നാക്കിയത്.

അഫ്ഗാനിലെത്തിയതോടെ സുരക്ഷാ കാരണങ്ങളാൽ യാത്ര വീണ്ടും കോൺവോയ് അടിസ്ഥാനത്തിലായി. ഇതിൽ നാനൂറോളം വാഹനങ്ങൾ ഉൾപ്പെട്ടിരുന്നു. മുഹമ്മദ് നജീബുല്ലയായിരുന്നു അന്ന് അഫ്ഗാൻ പ്രസിഡന്റ്. നാട്ടിലേക്കു മടങ്ങുന്നവരുടെ സുരക്ഷയ്ക്കായി അദ്ദേഹം യാത്രയിലുടനീളം സൈനികരെ നിയോഗിച്ചു.

സഹസ്രാബ്ദങ്ങൾക്കു‍ മുൻപു മഹാനായ അശോക ചക്രവർത്തിയുടെ സാമ്രാജ്യം വ്യാപിച്ചു കിടന്നിരുന്ന പ്രദേശങ്ങൾ കൺകുളിർ‌ക്കെ, ചിലപ്പോൾ അവിശ്വസനീയതയോടെ ഇരുവരും നോക്കിക്കണ്ടു. ഖൈബർചുരം കയറുമ്പോൾ പുറത്തിറങ്ങരുതെന്ന കർശന നിർദേശമുണ്ടായിരുന്നു. ഗോത്രവർഗക്കാർ ഭൂരിപക്ഷമുള്ള മേഖലകളിൽ വാഹനങ്ങൾക്കുനേരെ ആക്രമണമുണ്ടാകാനുള്ള സാധ്യത മൂലമായിരുന്നു ഇത്.

പാക്കിസ്ഥാനിൽവച്ചും സൈനിക സുരക്ഷ തുടർന്നു. ഇന്ത്യൻ എംബസി റാവൽപിണ്ടിയിലായതിനാൽ അവിടം സന്ദർശിക്കാനായില്ല. പാക്കിസ്ഥാൻ സ്വദേശികളായ സിഖ് വംശജർ വാഗാ അതിർത്തി വരെ ഇന്ത്യയിലേക്കു പോകുന്നവരെ അനുഗമിച്ചു. വാഗാ അതിർത്തിയിൽവച്ച് ഇന്ത്യയിലേക്ക് കടത്തിവിടില്ല എന്ന രീതിയിൽ പാക്കിസ്ഥാന്റെ വാദങ്ങളുണ്ടായി. ആ ഘട്ടത്തിൽ രാജീവ് ഗാന്ധിയുടെ സഹപാഠിയായിരുന്ന ഗോവ സ്വദേശി അലക്സാണ്ടർ ഇടപെടുകയും രാജീവ് വഴി സഹായമെത്തുകയും ചെയ്തു.

ജന്മനാട്ടിലേക്ക്

തുടർന്ന് അതിർത്തി കടന്ന് ഇന്ത്യയിലേക്ക്. അമൃത്‌സറിൽ ഏതാനും ദിവസങ്ങൾ. സിഖ് വംശജരായ സുഹൃത്തുക്കൾ വഴി പ്രത്യേക പരിഗണന. പിന്നീട് ഡൽഹിയിലെത്തി. എംബസി സംബന്ധമായ രേഖകൾ ശരിയാക്കി. രാജീവ്ഗാന്ധിയെ സന്ദർശിച്ചു. തുടർന്ന് കേരളത്തിലേക്ക്. 113 ദിവസങ്ങൾ നീണ്ട യാത്രയ്ക്കു ശേഷം 1991 ഫെബ്രുവരി നാലിന് അർധരാത്രി ഇടയാറൻമുളയിലെ വീട്ടിലേക്ക് കയറിച്ചെന്നപ്പോൾ അതിശയിച്ചവരിൽ ബന്ധുക്കളും നാട്ടുകാരുമുണ്ടായിരുന്നു.

അഞ്ചു രാജ്യങ്ങളിലൂടെ യുദ്ധകാലത്ത് കലുഷിതമായ യാത്ര. അവിശ്വസനീയമായ അനുഭവങ്ങൾ, മറക്കാനാവാത്ത നിമിഷങ്ങൾ. കാലത്തിന്റെ മഹാ പ്രവാഹത്തിൽ അതിർത്തികൾ ഭരണാധികാരികൾ പലതവണ മാറ്റിയെഴുതിയെങ്കിലും അതിരുകൾക്ക് മായ്ക്കാൻ കഴിയുന്നതിനുമപ്പുറമാണ് മനുഷ്യബന്ധങ്ങളിലെ ഊഷ്മളത എന്ന ബോധ്യം ഊട്ടിയുറപ്പിച്ച യാത്ര. ജീവിതത്തിൽ ഏറ്റവുമധികം പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ തനിക്കു തുണയായ വാഹനത്തെ വിറ്റു കളയാൻ തോമസിനു മനസ്സ് വന്നില്ല. ഏതാനും വർഷങ്ങൾ നാട്ടിൽ ഉപയോഗിച്ചു. ഇപ്പോൾ വിശ്രമജീവിതത്തിലാണ് മിത്‌സുബിഷി ഗാലന്റ്

About Intensive Promo

Leave a Reply

Your email address will not be published.