ഇന്ന് ലോക കാൻസർ ദിനം. ഈ ദിനത്തിൽ നടി മംമ്ത മോഹൻദാസ് ഇട്ട 10 ഇയർ ചലഞ്ച് ചിത്രം വൈറലാകുന്നു. കാൻസർ ബാധിച്ച് തലമുടി കൊഴിഞ്ഞ മംമ്തയുടെയും പത്തുവർഷങ്ങൾക്ക് ശേഷമുള്ള മംമ്തയുടെയും ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ശുഭാപ്തിവിശ്വാസം നിറഞ്ഞ കുറിപ്പും താരം പങ്കുവെയ്ക്കുന്നു
10 ഇയർ ചലഞ്ചിന്റെ ചിത്രം ഇടാനായി ഞാൻ ഈ ദിവസത്തിനായി കാത്തിരിക്കുകയാണ്. ഇന്ന് ലോക കാൻസർ ദിനം. ഈ ചലഞ്ചിന്റെ ചിത്രമിടാൻ ഇതിലും പറ്റിയ ദിവസം വേറെയില്ല. പത്തുവർഷങ്ങൾക്ക് മുമ്പ് എനിക്ക് കാൻസർ കിട്ടുന്നത്, എന്നാൽ പത്ത് വർഷങ്ങൾക്കിപ്പുറം കാൻസറിന് എന്നെ കിട്ടിയില്ല എന്ന യാഥാർഥ്യം തിരിച്ചറിയുന്നു.
എന്റെ ജീവിതം മാറ്റിമറിച്ച് വർഷമാണ് 2009. എനിക്കും എന്റെ കുടുംബത്തിനുമുണ്ടായിരുന്ന എല്ലാ പദ്ധതികളും മാറിമറിഞ്ഞ വർഷം. കഴിഞ്ഞ പത്തുവർഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഈ കാലമത്രയും ഞാൻ ശക്തമായി പോരാടുകയായിരുന്നുവെന്ന് മനസിലാകുന്നു. ധൈര്യപൂർവ്വം നേരിട്ട് അതിജീവിക്കുകയായിരുന്നു. ശുഭാപ്തി വിശ്വാസത്തോടെ ഇത്രയും വർഷം മുന്നോട്ട് പോകുന്നത് പ്രയാസമേറിയതായിരുന്നു. എന്നാൽ എനിക്കതിന് സാധിച്ചു. അതിന് കാരണം കുറച്ചുപേരാണ്.
ആദ്യമായി ഞാനെന്റെ അച്ഛനോടും അമ്മയോടും നന്ദിപറയുന്നു. സഹോദരസ്നേഹം തന്നെ എന്റെ ചില കസിൻസ്, ഞാൻ ശരിക്കും ആരോഗ്യവതിയാണോ അതോ അഭിനയിക്കുകയാണോ എന്ന് നിരന്തരം അന്വേഷിക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കൾ. എനിക്കൊപ്പം നിന്ന സഹപ്രവർത്തകർ. അവർ എനിക്ക് തന്നെ അവസരങ്ങൾ. എല്ലാം ഈ സമയം ഞാൻ ഓർക്കുന്നു- മംമ്ത കുറിച്ചു.