എല്ലാം ദൈവദാനമെന്ന് വിശ്വസിക്കുന്ന ഈ വൈദികന് തന്റെ മുന്നിലെത്തിയ അശരണനും രോഗിയുമായ യുവാവിന് പകുത്ത് നല്‍കാന്‍ തന്റെ തുടിക്കുന്ന ജീവന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തനിക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും വലിയ പുണ്യകര്‍മ്മമായി അതിനെകണ്ട് തന്റെ വൃക്കകളിലൊന്ന് ദാനമായി നല്‍കിയിരിക്കുകയാണ്. തലശ്ശേരി അതിരൂപയിലെ പടുപ്പ് സ്വദേശി ഫാ. സനില്‍ അച്ചാണ്ടിയില്‍.
രണ്ടു വൃക്കകളും പ്രവര്‍ത്തനരഹിതമായി ചികിത്സയില്‍ കഴിയുന്ന കോട്ടയം തലയോലപ്പറമ്പിലെ ആറാക്കല്‍ ഔസേപ്പ് ലൂക്ക എന്ന ബിനോയ്(39)ക്കാണ് ഫാ. സനില്‍ തന്റെ വലതുവൃക്ക നല്‍കിയത്. ഇറ്റലിയിലെ സിസിലിയില്‍ പാത്തി സിറോ മലബാര്‍ ഇടവകയില്‍ സേവനംചെയ്യുന്ന അദ്ദേഹം വൃക്കദാന ശസ്ത്രക്രിയയ്ക്കായാണ് ഏതാനും ദിവസം മുമ്പ് നാട്ടിലെത്തിയത്. വെള്ളിയാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടന്നു.
ഇരുവൃക്കകളും തകരാറിലായി വേദനിക്കുന്ന ബിനോയിയെക്കുറിച്ചറിഞ്ഞ ഫാ.സനില്‍ തന്റെ വൃക്ക നല്‍കാന്‍ മുന്നോട്ടുവരികയായിരുന്നു. ഒക്ടോബറില്‍ നാട്ടിലെത്തി പരിശോധനകളെല്ലാം കഴിഞ്ഞ് മടങ്ങി. സ്വന്തം ശരീരവും രക്തവും പങ്കിട്ടുകൊടുത്ത ദൈവപുത്രന്റെ പാത പിന്‍തുടരാനുള്ള തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ സഭാമേലധ്യക്ഷരും കുടുംബവും ഒപ്പം നിന്നു. തലശ്ശേരി രൂപതയില്‍ ആദ്യമായാണ് ഒരു വൈദികന്‍ വൃക്ക ദാനം ചെയ്യുന്നത്.
”പത്തുവയസ്സില്‍ താഴെയുള്ള രണ്ടു പെണ്‍കുട്ടികളാണ് എന്റെ ചേട്ടന്. രണ്ടു വൃക്കകളും തകരാറിലായതോടെ ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. അതിനിടെ ഒരു വൃക്ക എടുത്തുമാറ്റുകയും ചെയ്തു. ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയാണ് ചേട്ടന്‍. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് സനിലച്ചന്‍ ദൈവമായി ഞങ്ങള്‍ക്കു മുന്നിലെത്തിയത്” -ബിനോയിയുടെ സഹോദരന്‍ തോമസ് പറയുന്നു.
തലശ്ശേരി അതിരൂപതയിലെ ചട്ടമല, പരിയാരം ഇടവകകളില്‍ സേവനം ചെയ്ത ഫാ. സനില്‍(35) പടുപ്പിലെ ജോര്‍ജിന്റെയും തങ്കമ്മയുടെയും മൂന്നു മക്കളില്‍ രണ്ടാമനാണ്. സഹോദരങ്ങള്‍: നിനില്‍, ഡോ. ജിറ്റ്സി. പരിയാരം ഇടവകയുടെ കീഴില്‍, വൃക്കരോഗികളെ പരിചരിക്കുന്ന മദര്‍ തെരേസ മിഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞതാണ് ഈ യുവവൈദികനെ വൃക്കദാനത്തിന് പ്രേരിപ്പിച്ചത്.