തിരശ്ശീലയിലെ ‘നരകയറിയ നായകനെ’ ജനപ്രിയമാക്കിയതിന്റെ ക്രെഡിറ്റ് അജിത്ത്കുമാറിന് അവകാശപ്പെട്ടതാണ്. ആദ്യം കണ്ടപ്പോള്‍ ‘ഇതെന്താണെ’ന്ന് ശങ്കിച്ച പ്രേക്ഷകര്‍ പോലും അജിത്തിനെ തുടരെ അതേ ലുക്കില്‍ സിനിമകളില്‍ കണ്ടപ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. മലയാളത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ‘നേരിയ’ നര മുന്‍പ് പരീക്ഷിച്ചിരുന്നെങ്കിലും ‘അച്ചായന്‍സ്’ എന്ന ചിത്രത്തിലെ ജയറാം കഥാപാത്രത്തിനോളം നര ആ കഥാപാത്രങ്ങള്‍ക്കൊന്നുമില്ലായിരുന്നു.

അച്ചായന്‍സിലെ ജയറാമിന്റെ ലുക്ക് സാക്ഷാല്‍ ‘തല’ അജിത്ത് കണ്ടിരുന്നെങ്കില്‍ എന്ത് പറയുമായിരുന്നു? എന്നാല്‍ ജയറാമിന്റെ സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് അജിത്ത് കണ്ടിരുന്നു. അതേക്കുറിച്ച് അഭിപ്രായവും പറഞ്ഞു. ജയറാം തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് ജയറാം രസകരമായ ഇക്കാര്യം പറയുന്നത്.
ഇന്ത്യയില്‍ത്തന്നെ സിനിമയില്‍ സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് ആദ്യമായി പരീക്ഷിച്ചത് അജിത്ത് ആയിരിക്കും. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. മദ്രാസിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഇടയ്ക്ക് പോകാറുമുണ്ട്. ഞാനും ശാലിനിയും ബാഡ്മിന്റണ്‍ സുഹൃത്തുക്കളാണ്. ഒരേ ക്ലബ്ബിലാണ് കളിക്കുന്നത്. അജിത്തിനേക്കാള്‍ മുന്‍പേ അച്ചായന്‍സിലെ എന്റെ സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് കണ്ടത് ശാലിനിയാണ്.
ആരുടെ ലുക്കാണ് കൂടുതല്‍ നല്ലതെന്ന് ഞാന്‍ ശാലിനിയോട് ചോദിച്ചു. നന്നായിരിക്കുന്നുവെന്ന മറുപടി കിട്ടി. ഇത് ഭര്‍ത്താവിനെ ഒന്ന് കാണിക്കാന്‍ ഞാന്‍ പറഞ്ഞു. വൈകാതെ അജിത്ത് എനിക്ക് മെസേജ് അയച്ചു. ചേട്ടാ This is better than me.. അസ്സലായിരിക്കുന്നു. നന്നായിരിക്കുന്നു എന്ന് പറഞ്ഞു. അതാണ് ഇതിന് ആദ്യം കിട്ടിയ റിസല്‍ട്ട്.
‘ആടുപുലിയാട്ട’ത്തിന് ശേഷം ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ‘അച്ചായന്‍സി’ല്‍ പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, അനു സിത്താര, ശിവദ, അമല പോള്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സമുദ്രക്കനി മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആകാശമിഠായി’യാണ് ജയറാമിന്റെ ഇനി തീയേറ്ററുകളിലെത്തേണ്ട ചിത്രം.