Breaking News
Home / Lifestyle / ഒറ്റരാത്രിയില്‍ ചൈത്ര താരം സോഷ്യല്‍ മീഡിയയില്‍ കയ്യടി സിപിഎമ്മിന് ഡിസ്‌‌ലൈക്ക്

ഒറ്റരാത്രിയില്‍ ചൈത്ര താരം സോഷ്യല്‍ മീഡിയയില്‍ കയ്യടി സിപിഎമ്മിന് ഡിസ്‌‌ലൈക്ക്

സ്റ്റേഷന്‍ കല്ലെറിഞ്ഞ പ്രതികളെ പിടികൂടാന്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ എസ്.പി ചൈത്ര തെരേസ ജോണ്‍ റെയ്ഡു നടത്തിയെന്ന മനോരമ ന്യൂസ് പുറത്തുവിട്ട വാര്‍ത്ത ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പി.കെ.ഫിറോസും ഡീന്‍ കുര്യാക്കോസും ചൈത്രയുടെ നടപടി ധീരമെന്നു ഫെയ്സ്ബുക്കില്‍ കുറിച്ചു. അതേസമയം എസ്.പി യുടെ നടപടി തികച്ചും തെറ്റാണെന്നു സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ കല്ലെറിഞ്ഞ പ്രതികളെ പിടികൂടാന്‍ സിപിഎം ജില്ലാകമ്മിറ്റി ഓഫിസില്‍ റെയ്ഡു നടത്താന്‍ ധൈര്യം കാട്ടിയ എസ്.പി ചൈത്ര തെരേസ ജോണിന്റെ നടപടിക്ക് നിറഞ്ഞ കയ്യടിയാണ് സമൂഹ മാധ്യമങ്ങള്‍ നല്‍കുന്നത്. പോക്സോ കേസിലെ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചവരെ രക്ഷിക്കാന്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചവരെ തിരഞ്ഞാണ് തെരേസ ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് എത്തിയതെന്ന വാര്‍ത്ത കൂടി പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളുടെ രോഷം അണിപൊട്ടി.

ചൈത്രയുടെ പഠനകാലത്തെ മികവും മുതല്‍ ഔദ്യോഗിക കാലത്തെ മികച്ച സേവനങ്ങള്‍ വരെ സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. മാത്രമല്ല സ്്തീസുരക്ഷ,നവോത്ഥാനം, വനിതാ മതില്‍ എന്നിവയൊക്കെ നിരന്തരം ആവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മികച്ച ഉദ്യോഗസ്ഥയോട് കാട്ടിയത് നീതികേടാണെന്നും പോസ്റ്റുകളിലും കമന്റുകളിലും അഭിപ്രായം നിറയുകയാണ്. റിപബ്ലിക് ദിനത്തില്‍ ഒരു പക്ഷേ ഏറ്റവും സല്യൂട്ട് നേടിയ ഉദ്യോഗസ്ഥയായും ചൈത്ര മാറിയിരിക്കുകയാണ്.

കാക്കിയിട്ട ഒരാള്‍ നേരാം വണ്ണം നിയമം നടപ്പാക്കിയാല്‍ ഏതു കൊടികെട്ടിയ ഓഫിസിലും കയറാമെന്നു തെളിഞ്ഞതായി സമൂഹമാധ്യമങ്ങള്‍ പറഞ്ഞു വെയ്ക്കുന്നു. നാഴികയ്ക്ക് നാല്‍പ്പതു വട്ടം സ്ത്രീ സുരക്ഷ പറയുന്ന സര്‍ക്കാര്‍ തന്റെ ജോലി കൃത്യമായി ചെയ്ത പൊലീസ് ഉദ്യോഗസ്ഥയോടു മര്യാദകേട് കാട്ടിയെന്നാണ് രമേശ് ചെന്നിത്തല ഫെയ്സ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ നിയമസഭാ സമ്മേളനത്തിന്റെ തലേന്നു സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ കയറിയ ഉദ്യോഗസ്ഥയുടെ നടപടി തെറ്റാണെന്നും എന്നാല്‍ ഇതിന്റെ പേരില്‍ താന്‍ അവരെ വിരട്ടിയെന്ന വാര്‍ത്ത തെറ്റാണെന്നും ആനാവൂര്‍ നാഗപ്പന്‍ ഫെയ്സ്ബുക്കി്ല്‍ കുറിച്ചു.

About Intensive Promo

Leave a Reply

Your email address will not be published.