പാര്‍ട്ടി ഓഫീസ് റെയ്ഡ് നടത്തിയതിന്റെ പേരില്‍ യുവ ഐപിഎസ് ഓഫീസര്‍ ഡിസിപി ചൈത്ര തെരേസ ജോണിനെ തെറിപ്പിച്ചതോടെ വലിയ ആശങ്കയാണ് പൊതുജനങ്ങളുടെ ഇടയില്‍ ഉയരുന്നത്. നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ഇങ്ങനെ കൂച്ച് വിലങ്ങിടണമോ എന്ന ചോദ്യവും ഉയരുന്നു. ജനങ്ങള്‍ക്ക് ഒരു നിയമവും നേതാക്കള്‍ക്ക് ഒരു നിയമവുമോ എന്നാണ് ചോദിക്കുന്നത്. പ്രതികളെ മിക്ക പാര്‍ട്ടി ഓഫീസുകളിലും ഒളിപ്പിക്കുക പതിവാണ്. പാര്‍ട്ടി ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തില്ല എന്നതാണ് നാട്ടുനടപ്പ്. എന്നാല്‍ അതിന് വിപരീതമായാണ് ഡിസിപി ചൈത്ര പ്രവര്‍ത്തിച്ചത്.
മുമ്പ് യൂണിവേഴ്‌സിറ്റി കോളേജിന് മുമ്പില്‍ ട്രാഫിക്ക് പോലീസുകാരനെ മര്‍ദിച്ച എസ്എഫ്‌ഐകാരേയും ദേശീയ പണിമുടക്കിനോടനുബന്ധിച്ച് ബാങ്ക് ആക്രമിച്ച യൂണിയന്‍ നേതാക്കളേയും പാര്‍ട്ടി ഓഫീസില്‍ ഒളിപ്പിച്ചതായി എതിരാളികള്‍ ആരോപിച്ചിരുന്നു. എന്നാല്‍ അന്നേരം പോലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ധാരണയുണ്ടാക്കി അറസ്റ്റ് ചെയ്തതായും ആരോപണമുയര്‍ന്നു.
തുടര്‍ന്നാണ് ബുധനാഴ്ച രാത്രി മെഡിക്കല്‍കോളേജ് പോലീസ് സ്‌റ്റേഷന് നേരെ അമ്പതോളം ഡിവൈഎഫ്‌ഐ സംഘം കല്ലെറിഞ്ഞ സംഭവമുണ്ടായത്. തുടര്‍ന്ന് അക്രമി സംഘത്തിലെ പ്രധാന പ്രതികള്‍ മേട്ടുക്കടവിലെ സിപിഎം ജില്ല കമ്മറ്റി ഓഫീസില്‍ ഒളിവില്‍ കഴിയുന്നുവെന്ന് സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നായിരുന്നു വ്യാഴാഴ്ച രാത്രി പാര്‍ട്ടി ഓഫീസ് പോലീസ് സംഘം റെയ്ഡ് ചെയ്തത്.
പരമ രഹസ്യമായാണ് ചൈത്ര ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് പ്ലാന്‍ ചെയ്തത്. റെയ്ഡ് ഉണ്ടാക്കുന്ന പ്രത്യാഘാതം ചില പോലീസുകാര്‍ സൂചിപ്പിച്ചെങ്കിലും അതൊന്നും മൈന്റ് ചെയ്യാന്‍ ചൈത്ര തയ്യാറായില്ല. മതിയായ ഫോഴ്‌സ് ഒരുക്കാന്‍ മാത്രം ആവശ്യപ്പെട്ടു. എന്നാല്‍ സിപിഎം ഭക്തരായ പോലീസുകാര്‍ ഉടന്‍ എത്തേണ്ട സ്ഥലങ്ങളില്‍ എത്തിച്ചു. ഇതോടെ നേതാക്കന്‍മാര്‍ ആശങ്കയിലായി. റെയ്ഡ് തടയാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചൈത്രയെ വിളിച്ചെങ്കിലും ആര്‍ക്കും കിട്ടിയില്ല.
ചൈത്രയുടെ നേതൃത്വത്തില്‍ പോലീസ് എത്തിയപ്പോള്‍ ആദ്യം നേതാക്കളും അണികളും ചേര്‍ന്ന് തടഞ്ഞു. പരിശോധിക്കാതെ മടങ്ങില്ലെന്ന് ഡിസിപി ചൈത്ര നിലപാട് വ്യക്തമാക്കിയതോടെ നേതാക്കളുടെ ചങ്ക് കാളി. എങ്കിലും ഇനിയെന്ത് പേടിക്കാനെന്ന ഉറപ്പ് വന്നതോടെ ഉന്നത നിര്‍ദേശ പ്രകാരം നേതാക്കള്‍ വഴങ്ങി. റെയ്ഡില്‍ പ്രതികളെ ആരെയും പിടികൂടാന്‍ സാധിച്ചില്ല. പിന്നാലെ ഡിസിപിക്കെതിരെ നടപടിയാവശ്യപ്പെട്ട് സിപിഎം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാര്‍ട്ടി നേതൃത്വത്തെയും സമീപിച്ചിരുന്നു.
റെയ്ഡ് വിവരം പോലീസിനുള്ളിലെ ചിലര്‍ സിപിഎം നേതാക്കള്‍ക്ക് ചോര്‍ത്തി കൊടുത്തുവെന്നും വിവരമാണ് ചൈത്രയ്ക്ക് ലഭിച്ചത്. സൈബര്‍ സെല്‍ വഴി ഈ ഉദ്യോഗസ്ഥന്റെ വിവരം ശേഖരിച്ചിട്ടുണ്ട്. ഇങ്ങനെ നടപടികളുമായി മുന്നോട്ട് പോകുമ്പോഴാണ് ദേ വരുന്നു ചൈത്രയ്ക്ക് സ്ഥലം മാറ്റം.
ശബരിമല ഡ്യൂട്ടിയിലായിരുന്ന ആര്‍. ആദിത്യക്കു പകരമാണു ചൈത്ര തെരേസ ജോണിനു ഡിസിപിയുടെ അധിക ചുമതല നല്‍കിയത്. 21നു ശബരിമല ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ആദിത്യ നാലു ദിവസത്തെ മെഡിക്കല്‍ അവധിയിലായിരുന്നു. എന്നാല്‍ റെയ്ഡിനു പിന്നാലെ ഇന്നലെ അദ്ദേഹത്തെ വിളിച്ചുവരുത്തി ഡിസിപിയുടെ ചുമതല ഏറ്റെടുപ്പിക്കുകയായിരുന്നു.
ക്രമസമാധാനപാലന ഡിസിപിയുടെ താല്‍ക്കാലിക ചുമതലയിലുണ്ടായിരുന്ന ചൈത്രയെ വനിത സെല്‍ എസ്പിയായി മടക്കുകയായിരുന്നു. മാത്രമല്ല റെയ്ഡ് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഡിസിപി ചൈത്രയോട് വിശദീകരണവും തേടിയിട്ടുണ്ട്. ജില്ലാ പൊലീസിലെ ഡി.സി.പി. സ്ഥാനവും തെരേസ ജോണ്‍ വഹിക്കുന്നുണ്ട്. സി.പി.ഐ.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നല്‍കിയ പരാതിയിന്‍ മേലാണ് ഡി.ജി.പി. എസ്.പി ചൈത്രയോടു വിശദീകരണം തേടിയത്.
ഏതായാലും സിപിഎമ്മിന് തലവേദനയായിരിക്കുകയാണ് ചൈത്ര തെരേസ ജോണ്‍. കോഴിക്കോടുകാരിയായ ഈ ഓഫീസറെ തലസ്ഥാനത്തെ സിപിഎമ്മുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ പേടിക്കുകയാണ്. ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളെ അറസ്റ്റ് ചെയ്യുക, ആ പാര്‍ട്ടി ഓഫീസില്‍ കയറി റെയ്ഡ് നടത്തുക എന്നിവ കേരളത്തില്‍ കേട്ടുകേള്‍വിയില്ല. അതും സിപിഎമ്മിന്റെ ഓഫീസില്‍ സിപിഎം ഭരിക്കുമ്പോള്‍. ഈ സംഭവങ്ങള്‍ സിപിഎമ്മിനെ വല്ലാതെ ചൊടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരിക്കലും പോലീസ് കയറാന്‍ മടിച്ച സിപിഎം കമ്മിറ്റി ഓഫീസില്‍ രായ്ക്ക് രാമാനം റെയ്ഡ് നടത്തിയത്. ഇതോടെയാണ് കളി മാറിയതും ചൈത്രയെ പുറത്താക്കിയതും.