മരണാനന്തര അവയവദാനത്തിലൂടെ അഞ്ചുപേര്‍ക്ക് പുതുജീവനേകി എബി യാത്രയായി. തിരുവനന്തപുരം ചെമ്പഴന്തി പുതുവല്‍പുത്തന്‍വീട്ടില്‍ അശോകന്റെ മകന്‍ എബി കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ബൈക്കപകടേത്തുടര്‍ന്നാണ് ഇന്നലെ മരണത്തിനു കീഴടങ്ങിയത്. എന്‍ജിനീറിങ് ബിരുദധാരിയായ എബി മികച്ച ബൈക്ക്റൈഡര്‍ കൂടിയായിരുന്നു.
വേഗത്തെ പ്രണയിച്ച എബിയെത്തേടി മരണമെത്തിയതും ബൈക്കപകടത്തിന്റെ രൂപത്തിലായിരുന്നു. അതു പക്ഷേ അമിതവേഗംകൊണ്ടായിരുന്നില്ല. പാറോട്ടുകോണത്തുവച്ച് ബൈക്കിന്റെ പിന്നിലിരുന്ന് സഞ്ചരിക്കവേ പൊട്ടിക്കിടന്ന കേബിളില്‍ ബൈക്കോടിച്ചിരുന്ന കൂട്ടുകാരന്റെ ഹെല്‍മറ്റ് കുരുങ്ങിയാണ് അപകടം.മസ്തിഷ്ക മരണം സ്ഥിരീകരിച്ചയുടന്‍ മാതാപിതാക്കളായ അശോകനും ശ്രീദേവിയും അവയവദാനത്തിനുള്ള ആഗ്രഹം ആശുപത്രി അധികൃതരെ അങ്ങോട്ട് അറിയിക്കുകയായിരുന്നു.
ഏകമകന്റെ വിയോഗത്തില്‍ നുറുങ്ങുമ്പോഴാണ് ഈ മാതാപിതാക്കളുടെ മാതൃകാപരമായ തീരുമാനം.അവയവദാനത്തേക്കുറിച്ചുള്ള അബദ്ധധാരണകള്‍ പെരുകുമ്പോള്‍ ഈ ദാനം ഇനിയൊരുപാടുപേര്‍ക്ക് പ്രചോദനമാകമമെന്നാണ് ഇവരുടെ ആഗ്രഹം. വൃക്കകളിലൊന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയും കണ്ണുകള്‍ കണ്ണാശുപത്രിയിലേയും ബാക്കി അവയവങ്ങള്‍ സ്വകാര്യ ആശുപത്രികളിലേയും രോഗികള്‍ക്ക് പുതുജീവനേകും. സര്‍ക്കാര്‍ ഏജന്‍സിയായ മൃതസഞ്ജീവനി വഴി ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ അവയവദാനമാണിത്.