Breaking News
Home / Lifestyle / റിപ്പബ്ലിക്ദിന പരേഡില്‍ മലയാളികള്‍ക്ക് അഭിമാനമായി ഇടുക്കിയില്‍ നിന്ന് അച്ഛനും മകളും

റിപ്പബ്ലിക്ദിന പരേഡില്‍ മലയാളികള്‍ക്ക് അഭിമാനമായി ഇടുക്കിയില്‍ നിന്ന് അച്ഛനും മകളും

വരുന്ന റിപ്പബ്ലിക്ദിന പരേഡില്‍ മലയാളികള്‍ക്ക് അഭിമാനമായി ഇടുക്കിയില്‍ നിന്ന് അച്ഛനും മകളും. ജവഹര്‍ നവോദയ വിദ്യാലയത്തിലെ കേഡറ്റുകളാണ് ഇവര്‍. വിദ്യാലയത്തിലെ എന്‍സിസി ഓഫീസറായ ഡോ. സജീവ് കെ വാവച്ചനും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകള്‍ എവ്ലിന്‍ മേരി ജോസഫുമാണിവര്‍. ആദ്യമാണ് ഒരു റിപ്പബ്ലിക് ദിന പരേഡില്‍ അച്ഛനും മകളും ഒരുമിച്ചു പങ്കെടുക്കുന്നത്. ഗ്രൂപ്പ്, ഇന്റര്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ സ്വര്‍ണമെഡല്‍ നേടിയാണ് എവ്ലിന്‍ പരേഡിനെത്തുന്നത്.

സംസ്ഥാനത്ത് നിന്ന് ഏഴ് ജൂണിയര്‍ പെണ്‍കുട്ടികളെയാണ് പരേഡില്‍ തെരഞ്ഞെടുത്തത്. അവരിലൊരാളാണ് എവ്ലിന്‍. ഡല്‍ഹിയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട 20 കേഡറ്റുകള്‍ക്കായി ദൂരദര്‍ശന്‍ നടത്തിയ പരിപാടിയിലും എവ്ലിന് അവസരം ലഭിച്ചു. അതേസമയം കുട്ടി ചെറിയ സിനിമാ താരം കൂടിയാണ്. ടോവീനോ, പാര്‍വതി, ആസിഫ് അലി തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഉയരെ’ എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു.

കഴിഞ്ഞ എട്ടുവര്‍ഷമായി കുളമാവ് നവോദയ വിദ്യാലയത്തില്‍ നടത്തിവരുന്ന അഖിലേന്ത്യാ ട്രെക്കിംഗ് ക്യാമ്പിന്റെ സംഘാടനമികവിനുള്ള അംഗീകാരമായാണ് ഡോ. സജീവിന് പരേഡില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ഒരു ചാനലിലെ റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതരാണ് ഡോ. സജീവും ഭാര്യ ജീവയും.

അപൂര്‍വനേട്ടം കൈവരിച്ച അച്ഛനെയും മകളെയും ഇടുക്കി നവോദയ വിദ്യാലയം പ്രിന്‍സിപ്പല്‍ എസ്‌ജെ അന്നാശേരി, 18 കേരള ബറ്റാലിയന്‍ എന്‍സിസി കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ കിരിത് കെ നായര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ലഫ്. കേണല്‍ എപി രഞ്ജിത്ത്, കോട്ടയം ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എന്‍പി സുനില്‍കുമാര്‍ എന്നിവര്‍ അഭിനന്ദിച്ചു

About Intensive Promo

Leave a Reply

Your email address will not be published.