Breaking News
Home / Lifestyle / പ്രണവിനെ കുറ്റം പറയുന്നവര്‍ തിരുത്തേണ്ടിവരും അരുണ്‍ ഗോപി

പ്രണവിനെ കുറ്റം പറയുന്നവര്‍ തിരുത്തേണ്ടിവരും അരുണ്‍ ഗോപി

രാമലീലയ്ക്ക് ശേഷം അരുൺഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ആദിയ്ക്ക് ശേഷം പ്രണവ് മോഹൻലാൽ അഭിനയിക്കുന്ന ചിത്രവും. അരുൺഗോപി തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. പേരുകൊണ്ടുതന്നെ ശ്രദ്ധേയമായ ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഈയാഴ്ച പുറത്തിറങ്ങുന്ന സിനിമയെക്കുറിച്ചും പ്രണവിനെക്കുറിച്ചും സംവിധായകൻ മനോരമന്യൂസ് ഡോട്ട് കോമിനോട് മനസ് തുറന്നു.

രാമലീലയ്ക്ക് ശേഷം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. എന്തൊക്കയാണ് പ്രത്യേകതകൾ?

പ്രണവ് നായകനാകുന്ന രണ്ടാമത്തെ ചിത്രമെന്നുള്ളത് വലിയ പ്രത്യേകത. ഗോവയിലേക്ക് ഞാനും എന്റെ ഒരു സുഹൃത്തും നടത്തിയ യാത്രയിൽ ഉണ്ടായ ഒരു ചെറിയ സംഭവമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ആധാരം. അത് മറ്റൊരാളുടെ ജീവിതത്തിൽ സംഭവിച്ചാൽ എങ്ങനെയായിരിക്കുമെന്ന ചിന്തയിൽ പിറന്ന സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

എങ്ങനെയാണ് ഈ പേര് വന്നത്? ഇരുപതാം നൂറ്റാണ്ടുമായി കഥാപരമായ സാമ്യമുണ്ടോ?

തിരക്കഥയിൽ ഞാൻ തന്നെ എഴുതിയ ഒരു വരിയുണ്ട്, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന്? ആ വരി വീണ്ടും വായിച്ചപ്പോൾ ഇതുതന്നെ സിനിമയുടെ പേരായി സ്വീകരിച്ചാല്ലോ എന്ന് തീരുമാനിക്കുകയായിരുന്നു. അതല്ലാതെ സിനിമയ്ക്ക് ഇരുപതാം നൂറ്റാണ്ടുമായി യാതൊരു ബന്ധവുമില്ല. വൈകാരികമായ ചില സാമ്യങ്ങളുണ്ട്.

ഇരുപതാം നൂറ്റാണ്ടിൽ മോഹൻലാലും സുരേഷ് ഗോപിയുമായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അവരുടെ മക്കൾ ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. അതിനപ്പുറത്തേക്ക് ഇരുപതാംനൂറ്റാണ്ട് പോലെയൊരു ചിത്രമല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ഇരുപതാം നൂറ്റാണ്ട് സംവിധാനം ചെയ്തത് എന്റെ ഗുരു കെ.മധു സാറാണ് അങ്ങനെയൊരു ബന്ധം കൂടിയുണ്ട്.

അപ്പോൾ എന്താണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്?

രാമലീലയുടെ കാര്യത്തിലും ഞാൻ പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്, അത് ഇന്ന ഗണത്തിൽപ്പെട്ട ചിത്രമെന്ന് പറയാൻ സാധിക്കില്ല എന്ന്. എല്ലാതരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ചിത്രമായിരിക്കുമെന്ന്. അതുപോലെ തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കാര്യവും. സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ്.

ഒരു സാഹചര്യത്തിൽ നമ്മളെടുക്കുന്ന തീരുമാനങ്ങളാണല്ലോ നമ്മുടെ വിധി നിർണ്ണയിക്കുന്നത്. ആ തീരുമാനങ്ങൾ അയാളെ കൊണ്ടുചെന്ന് എത്തിക്കുന്ന സംഭവങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. വേണമെങ്കിൽ ഒരു ഇമോഷണൽ ത്രില്ലർ ഗണത്തിൽപ്പെടുതാവുന്ന ചിത്രമാണിത്.

പ്രണവിലേക്ക് എത്തുന്നത് എങ്ങനെയാണ്?

രാമലീല നേരിട്ട പ്രശ്നങ്ങളുമായി ഞാൻ ആകെ മാനസികമായി തളർന്നിരിക്കുന്ന സമയത്താണ് ആന്റണി ചേട്ടൻ (ആന്റണി പെരുമ്പാവൂർ) വിഷമിക്കേണ്ട, നമുക്ക് ഒരുമിച്ച് ഒരു ചിത്രം ചെയ്യാം. പ്രണവിന് പറ്റിയ കഥയുണ്ടെങ്കിൽ പറയൂ എന്ന് പറഞ്ഞത്.

അത് എനിക്ക് വലിയ ഊർജ്ജം തന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കഥ 2015 തൊട്ട് മനസിലുണ്ട്. ആന്റണി ചേട്ടന്റെ വാക്കുകളിൽ നിന്നുകിട്ടിയ പ്രചോദനമാണ് പ്രണവിനായി ഇരുപത്തിയൊന്നാം നൂറ്റാണ്ട് എഴുതാൻ കാരണമായത്. ടോമിച്ചായനും (ടോമിച്ചൻ മുളകുപാടം) പ്രണവിനെവെച്ച് ചിത്രമെടുക്കാൻ താൽപര്യമുണ്ടായിരുന്നു.

പ്രണവിന്റെ കഥാപാത്രത്തെക്കുറിച്ച്?

ഗോവിയിലൊക്കെ കാണുന്ന സാധാരണക്കാരനായ ചെറുപ്പക്കാരനാണ്. കഥാപാത്രത്തിന്റെ പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. അത് സിനിമ ഇറങ്ങുന്നത് വരെ സസ്പെൻസായി ഇരുന്നോട്ടെ. വരുന്നത് വരുന്നത് പോലെ വരട്ടെ എന്ന രീതിയിൽ ജീവിതത്തെക്കാണുന്ന ഒരു ചെറുപ്പക്കാരന്റെ വേഷമാണ് പ്രണവിന്റേത്.

പ്രണവിനൊപ്പമുള്ള അനുഭവം?

നല്ല ഒരു മനുഷ്യനാണ് പ്രണവ്. മോഹൻലാൽ എന്ന താരത്തിന്റെ മകനാണെന്ന യാതൊരു തലക്കനവും ഇല്ലാത്തയാളാണ്. ക്യാമറയ്ക്ക് മുമ്പിലും പിന്നിലും ജാഡകളൊന്നും കാണിക്കാത്ത ചെറുപ്പക്കാരനാണ്. നമ്മൾ എന്ത് ആഗ്രഹിക്കുന്നോ അത് തരാൻ എത്ര പരിശ്രമിക്കാനും തയാറാണ് പ്രണവ്.

ഡൗൺ ടു എർത്ത് എന്ന വിശേഷണം പോര പ്രണവിനെക്കുറിച്ച് പറയാൻ. ആരെക്കുറിച്ചും ഒരു മോശവും പറയില്ല. നെഗറ്റിവിറ്റി കേൾക്കുന്നതും പ്രണവിന് ഇഷ്ടമല്ല. പ്രകൃതിയെപ്പോലും നോവിക്കാതെ വളരെ സിംപിളായി ജീവിക്കുന്നയാളാണ്. ഒരുതരം ഗാന്ധിയൻ രീതിയിലുള്ള ജീവിതമാണ്. പ്രണവിനെപ്പോലെ ജീവിക്കുന്ന ഒരുപാട് പേരുണ്ടാകും, പക്ഷെ പുള്ളി അങ്ങനെ ജീവിക്കുന്നതിന് ഒരു പ്രത്യേകതയുണ്ട്.

സകലസൗഭാഗ്യങ്ങളും ഉള്ള വ്യക്തിയാണ് പ്രണവ്, എന്നിട്ടും ഇങ്ങനെയൊക്കെ ജീവിക്കുന്നത് അത്ഭുതമാണ്. സെറ്റിലൊന്നും അത് വേണം ഇത് വേണം തുടങ്ങിയ യാതൊരു നിബന്ധനയുമില്ല. എങ്ങനെയാണോ അങ്ങനെ എന്നൊരു രീതിയാണ്. അധികം സംസാരിക്കില്ല. എന്നാൽ വേണ്ട കാര്യങ്ങൾ കൃത്യമായി ആശയവിനിമയം നടത്തുകയും ചെയ്യും.

പ്രണവിന്റെയും മോഹൻലാലിന്റെയും അഭിനയത്തെ താരതമ്യം ചെയ്യുന്നവരോട് എന്താണ് പറയാനുള്ളത്?

അതുപോലെയൊരു മണ്ടത്തരം വേറെയില്ല എന്നാണ് പറയാനുള്ളത്. ഓരോ അഭിനേതാവിനും അവരുടേതായ രീതിയുണ്ട്. ലാലേട്ടൻ അഭിനയിക്കുന്നത് അപ്പു (പ്രണവ്) അഭിനയിച്ചാൽ അതിൽ എന്ത് വ്യത്യാസമാണുള്ളത്. ലാലേട്ടനെപ്പോലെ ലാലേട്ടന് മാത്രമേ അഭിനയിക്കാൻ സാധിക്കൂ, അപ്പുവിനെപ്പോലെ അപ്പുവിനും. രണ്ട് വ്യക്തികളുടെ അഭിനയത്തെ താരതമ്യം ചെയ്യുന്നത് ശരിയല്ല. ഓരോ അഭിനേതാവും ശ്രമിക്കുന്നത് അവരുടേതായ ശൈലിയുണ്ടാക്കി എടുക്കാനാണ്.

പ്രണവിന്റെ ഡയലോഗ് പറച്ചിലിനെ കുറ്റം പറയുന്നവരുണ്ട്. ഈ പറയുന്നവരെല്ലാം വളരെ ഭംഗിയായി മലയാളം സംസാരിക്കുന്നവരാണോ? വിമർശനം സ്വീകരിക്കാൻ മടിയുള്ള ആളല്ല ഞാൻ. എന്നാൽ കുറ്റം പറയാൻ വേണ്ടി കുറ്റം കണ്ടുപിടിക്കേണ്ട ആവശ്യമില്ല. പുറത്തൊക്കെ പഠിച്ചതുകൊണ്ട് പ്രണവിന്റെ മലയാളത്തിന് അത്ര ഒഴുക്കില്ല. എന്നാൽ അതൊന്നും എടുത്തുപറയാനും മാത്രമുള്ള പ്രശ്നമേയല്ല. അത് മെച്ചപ്പെടുത്താൻ പ്രണവ് അധ്വാനിക്കുന്നുമുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും ആ മാറ്റം പ്രേക്ഷകർക്ക് തന്നെ കാണാവുന്നതാണ്.

ടോമിച്ചൻ മുളകുപാടത്തിനൊപ്പമുള്ള രണ്ടാമത്തെ ചിത്രമാണ്. അതിനെക്കുറിച്ച്?

എന്റെ ജീവിതത്തിൽ ഏറ്റവും അധികം ‌കടപ്പെട്ടിരിക്കുന്ന ഒരാളാണ് ടോമിച്ചായൻ. രാമലീലയുടെ പ്രതിസന്ധി സമയത്ത് വേറെ ഏത് നിർമാതാവാണെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞ് വേദനിപ്പിക്കാം. പക്ഷെ ഒരു വാക്ക് കൊണ്ട് പോലും ടോമിച്ചായൻ വേദനിപ്പിച്ചിട്ടില്ല. ബജറ്റിനെക്കുറിച്ച് ചിന്തിക്കാത സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാൻ തയാറായ പ്രൊഡ്യൂസറാണ് അദ്ദേഹം.

സിനിമയിലെ നായികയെക്കുറിച്ച്?

സായ എന്ന പുതുമുഖമാണ് നായിക. ഓഡിഷനിലൂടെയാണ് സായയെ തിരഞ്ഞെടുക്കുന്നത്. ബെംഗളൂരിൽ സ്ഥിരതാമസമാക്കിയ മലയാളി പെൺകുട്ടിയാണ്. സായയുടെ അച്ഛൻ വിദേശത്താണ് ജോലി ചെയ്യുന്നത്. സായ പഠിച്ചതൊക്കെ വിദേശത്താണ്.

സായയ്ക്ക് ചെയ്യാൻ പറ്റുമോ, ശരിയാകുമോ എന്നൊക്കെയുള്ള സംവിധായകന്റെ ആകുലതകൾ എനിക്കുണ്ടായിരുന്നു. പക്ഷെ 100 ശതമാനം നീതിപുലർത്തിയാണ് സായ അഭിനയിച്ചത്. മലയാളസിനിമയ്ക്കൊരു മുതൽക്കൂട്ട് തന്നെയാണ് ഈ പെൺകുട്ടി.

അടുത്ത ചിത്രം മോഹൻലാലിനൊപ്പമാണെന്നുള്ള വാർത്തകൾ ശരിയാണോ?

ഇതുകഴിഞ്ഞ് ലാലേട്ടനൊപ്പമുള്ള ചിത്രമാണ്. ഈ വർഷം തന്നെ ചിത്രീകരണം തുടങ്ങും. കഥ ഞാൻ തന്നെയാണ് എഴുതുന്നത്. ടോമിച്ചായൻ തന്നെയാണ് ഇതിന്റെയും നിർമാതാവ്. ഏത് രീതിയിലുള്ള ചിത്രമാണെന്ന് പറയാറായിട്ടില്ല.

About Intensive Promo

Leave a Reply

Your email address will not be published.