ഫുട്ബോളിനോടുള്ള മലപ്പുറത്തിന്റെ പ്രണയം കടല്‍കടന്നും പ്രശസ്തമാണ്. മലപ്പുറത്തെ മണ്ണില്‍ ഫുട്‌ബോളിന്റെ വേരോട്ടത്തെ കുറിച്ച് ആര്‍ക്കും സംശയവും ഉണ്ടാകില്ല, രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ് മലപ്പുറംകാര്‍ക്ക് കാല്‍പ്പന്തിനോടുള്ള പ്രണയം. സെവന്‍സ് ടൂര്‍ണമെന്റുകള്‍ നടത്തുന്നത് മലപ്പുറത്തെ പതിവുമാണ്. ഈ ഫുട്‌ബോള്‍ പ്രണയത്തിന്റെ നേര്‍സാക്ഷ്യമായിരിക്കുകയാണ് ഫിഫ മഞ്ചേരിയുടെ താരം റിസ്വാന്‍.
ഉച്ചയ്ക്ക് തന്റെ കല്ല്യാണം കഴിഞ്ഞ് വധൂ ഗൃഹത്തില്‍ നിന്ന് റിസ്വാന്‍ നേരെയെത്തിയത് സെവന്‍സ് മൈതാനത്തേക്കാണ്. ഫിഫ മഞ്ചേരിയുടെ നിര്‍ണ്ണാക മത്സരത്തിനായാണ് വിവാഹദിനത്തില്‍ തന്നെ റിസ്വാന്‍ കളത്തിലിറങ്ങിയത്. തൃശൂര്‍ ഉഷാ എഫ്‌സിക്കെതിരെയായിരുന്നു മത്സരം.
വണ്ടൂര്‍ സെവന്‍സിലായിരുന്നു മത്സരം. ഉഷാ എഫ്‌സിക്കെതിരെ സെമിഫൈനല്‍ മാച്ച് കളിക്കാനാണ് കല്ല്യാണച്ചെക്കന്‍ ഓടിയെത്തിയത്. മത്സരം ഫിഫാ മഞ്ചേരി ഏകപക്ഷീയമായ ഒരു ഗോളിന് ജയിക്കുകയും ചെയ്തു. ടീമിന്റെ നിര്‍ണായക മത്സരത്തിലെ തന്റെ സാന്നിധ്യം അത്യാവശ്യമാണെന്ന തിരിച്ചറിവാണ് താരത്തിനെ വിവാഹദിനത്തില്‍ ഗ്രൗണ്ടിലേക്ക് എത്തിച്ചത്. മഞ്ചേരിയുടെ പ്രതിരോധ താരമായ റിസ്വാന്റെ മികവിലായിരുന്നു ടീമിന്റെ നിര്‍ണായക ജയം.
വൈകുന്നേരത്തെ വിവാഹസല്‍ക്കാരം ഉപേക്ഷിച്ച് ഗ്രൗണ്ടിലിറങ്ങിയ റിസ്വാനെ ഏതായാലും സോഷ്യല്‍മീഡിയ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്.