Breaking News
Home / Lifestyle / ദിനംപ്രതി ഒരു ഏത്തപ്പ‍ഴമെങ്കിലും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മിക്ക രോഗങ്ങളെയും അകറ്റി നിര്‍ത്താം

ദിനംപ്രതി ഒരു ഏത്തപ്പ‍ഴമെങ്കിലും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മിക്ക രോഗങ്ങളെയും അകറ്റി നിര്‍ത്താം

നിരവധി മൂലകങ്ങള്‍ അടങ്ങിയിട്ടുള്ള ഏത്തപ്പഴം ഹൃദയത്തിന്റെ സുഹൃത്താണ്. ഒപ്പം തന്നെ കുറഞ്ഞ സോഡിയവും കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയതിനാലും ഏത്തപ്പഴം ശരീരത്തിലെ ബിപി നിയന്ത്രിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തുന്നു.അതുകൊണ്ട് ഹൃദയാഘാതം, സ്‌ട്രോക്ക്, മറ്റു ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കും.

കൊളസ്‌ട്രോള്‍ നിയന്ത്രിക്കും

ഏത്തപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനെ സഹായിക്കും. ഒപ്പം നല്ല കൊളസ്‌ട്രോളിന്റെ തോതു നിലനിര്‍ത്തുന്നതിനു സഹായകമാവും.

വിളര്‍ച്ച തടയാം

ഏത്തപ്പഴത്തില്‍ ബി വിറ്റാമിനുകള്‍ ധാരാളംമുണ്ട്. ഇവ നാഡികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. അതിലുളള പൊട്ടാസ്യം ബുദ്ധിപരമായ കഴിവുകള്‍ ഊര്‍ജ്വസ്വലമാക്കി നിലനിര്‍ത്താന്‍ സഹായിക്കും. വിറ്റാമിനുകളായ ബി6, സി, എ, ഡയറ്ററി നാരുകള്‍, ബയോട്ടിന്‍, കാര്‍ബോഹൈഡ്രേറ്റ്, മഗ്‌നീഷ്യം, സിങ്ക്, റൈബോഫഌവിന്‍, മാംഗനീസ്, ഇരുമ്പ് തുടങ്ങി ധാരാളം പോഷകങ്ങളുണ്ട് ഏത്തപ്പഴത്തില്‍. വിളര്‍ച്ച മാറാന്‍ ഇരുമ്പ്, വിറ്റാമിന്‍ സി എന്നിവയൊക്കെ നല്ലതാണ്.

രക്തസമ്മര്‍ദ്ദം കുറയ്ക്കും

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിലൂടെ ഹൃദയാഘാതം, സ്‌ട്രോക് എന്നിവ വരാതെ സൂക്ഷിക്കാനും ഏത്തപ്പഴം സഹായിക്കും. ഏത്തപ്പഴത്തില്‍ സോഡിയത്തിന്റെ അളവു കുറവായതും പൊട്ടാസ്യത്തിന്റെ അളവു കൂടുതലായതും കൊണ്ടാണിത്. ഇത് ഹൃദയാരോഗ്യത്തെ കാക്കും.

ഊര്‍ജം വര്‍ധിപ്പിക്കുന്നു

100 ഗ്രാം ഏത്തപ്പഴത്തില്‍ ഏകദേശം 90 കലോറി ഊര്‍ജമുണ്ട്. കഴിച്ചയുടന്‍ തന്നെ ഏത്തപ്പഴത്തിലുളള സ്വാഭാവിക പഞ്ചസാരകളായ സൂക്രോസ്, ഫ്രക്‌റ്റോസ്, ഗ്ലൂക്കോസ് എന്നിവ ഊര്‍ജമായി മാറുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രഭാതത്തിലെ തിരക്കിനിടയിലും കഴിക്കാവുന്ന വിഭവമായി ഏത്തപ്പഴം ഉപയോഗപ്പെടുത്താം. കൂടാതെ ധാരാളം വിറ്റാമിനുകളും ധാതുക്കളും കാര്‍ബോഹൈഡ്രേറ്റുകളും ഏത്തപ്പഴത്തിലുണ്ട്.

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്

ചര്‍മത്തിന്റെ ഇലാസ്തിക നിലനിര്‍ത്തുന്നതിന് സഹായകമായ വിറ്റാമിന്‍ സി, ബി6 തുടങ്ങിയ പോഷകങ്ങള്‍ ഏത്തപ്പഴത്തില്‍ ധാരാളമുണ്ട്. ഏത്തപ്പഴത്തിലുളള ആന്റിഓക്‌സിഡന്റുകളും മാംഗനീസും ഫ്രീറാഡിക്കലുകളുടെ ആക്രമണത്തില്‍ നിന്നു ചര്‍മകോശങ്ങളെ സംരക്ഷിക്കുന്നു.

ചുരുക്കത്തില്‍ ചര്‍മത്തിന്റെ തിളക്കവും ചെറുപ്പവും നിലനിര്‍ത്തുന്നതിന് ഏത്തപ്പഴം പതിവായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഏത്തപ്പഴത്തില്‍ 75 ശതമാനം ജലാംശമുണ്ട്. ചര്‍മം വരണ്ട് പാളികളായി അടരാതെ ചര്‍മം ഈര്‍പ്പമുളളതാക്കി സൂക്ഷിക്കുന്നതിന് സഹായിക്കും.

കാന്‍സര്‍ സാധ്യത കുറയ്ക്കും

വൃക്കകള്‍, കുടലുകള്‍ എന്നിവയിലെ കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് ഏത്തപ്പഴം ഗുണപ്രദമാണെന്നാണ് പഠനനങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്. അതിലുളള ആന്റി ഓക്‌സിഡന്റ്് ഫീനോളിക് സംയുക്തങ്ങള്‍ കോശങ്ങളില്‍ അടിഞ്ഞുകൂടുന്ന ഫ്രീറാഡിക്കലുകളെ നിര്‍വീര്യമാക്കുന്നു.

സ്ട്രസ് കുറയ്ക്കും

സ്ട്രസ് അകറ്റി മാനസികാരോഗ്യം പകരാന്‍ ഏറ്റവും പറ്റിയ ഒന്നാണ് ഏത്തപ്പഴം. ദിവസം രണ്ട് ഏത്തപ്പഴം വരെ കഴിക്കുന്നത് സ്ട്രസ് അകറ്റും. ഇതിലെ ഉയര്‍ന്ന അളവിലുള്ള ട്രിപ്‌റ്റോഫനെ ശരീരം സെറോടോണിന്‍ ആക്കി മാറ്റുന്നു. ഇത് തലച്ചോറിലെ നാഡീവ്യൂഹത്തെ ആയാസരഹിതമാക്കി ആളുകളെ റിലാക്‌സ് ചെയ്യിക്കുകയും മനസ്സിനു ഏറെ സന്തോഷം പകരുകയും ചെയ്യുന്നു.

മലബന്ധം

നിരവധിയാളുകള്‍ അനുഭവിക്കുന്ന മലബന്ധം എന്ന പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം കാണാന്‍ ഏത്തപ്പഴത്തിന് സാധിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള നാരുകളുടെ സാന്നിധ്യം മലബന്ധത്തിനു പരിഹാരമാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *