മണികർണികയിലെ “മേ രഹൂ യാ നാ രഹൂ, ഭാരത് യെ രഹ്നാ ചാഹിയേ” എന്ന ഗാനം ഭാരതം മുഴുവൻ അലയടിക്കുന്നു. ക്ലൈമാക്സിൽ ഈ ഗാനം ഉണ്ടെങ്കിൽ ഓരോ ദേശസ്നേഹിയുടെയും കണ്ണുനിറയും എന്ന് ഉറപ്പാണ്. ഗാനം അന്വർത്ഥമാക്കുന്ന ധാരാളം കഥാപാത്രങ്ങൾ ചിത്രത്തിലുണ്ടാകും. ഉണ്ടാവണം. അതിലൊന്നാണ് അങ്കിതാ ലോഖംടേ അവതരിപ്പിക്കുന്ന ‘ജൽക്കാരി ബായ്’ എന്ന കഥാപാത്രം. ജൽക്കാരി ബായിയെക്കുറിച്ച് കഴിഞ്ഞ വർഷം എഴുതിയത്👇🏻
“ഇത് റാണി ലക്ഷ്മിബായി അല്ല,ജൽക്കാരി ബായി ആണ്! ”
ദുൽഹാ ജൂ എന്ന സിപാഹിയുടെ വാക്കുകൾ കേട്ട് ബ്രിട്ടീഷ് അധികാരികൾ ഞെട്ടലോടെ തൂങ്ങി നിൽക്കുന്ന ശവശരീരത്തിലേക്ക് നോക്കി! ഝാൻസി റാണി ആണെന്ന് കരുതി ഇന്നലെ തങ്ങൾ തൂക്കിലേറ്റിയത് മറ്റൊരാളെ. അത്ഭുതത്തോടെ അവർ സിപാഹിയോട് തിരക്കി, ‘ആരാണീ ജൽക്കാരി ബായി?’
ജൽക്കാരി ബായിയുടെ വീരചരിത്രം.
ഇന്ന് നവംബർ 19.ഝാൻസി റാണിയുടെ ജന്മദിനം.രണ്ട് ദിവസങ്ങൾ കഴിഞ്ഞാൽ ( നവംബർ 22ന് ) ജൽക്കാരി ഭായിയുടെ ജന്മദിനമാണ്. റാണിയുടെ സൈന്യത്തിലെ ഒരു സേനാവിഭാഗത്തിന്റെ മേധാവി ആയിരുന്നു ജൽക്കാരി ബായ്. ഝാൻസിയിലെ ഒരു ദരിദ്ര ദളിത് കുടുംബത്തിൽ(കോരി സമുദായം) ജനിച്ചു. ഏക മകൾ.
വിദ്യാഭ്യാസം ചെയ്യാൻ സാധിച്ചില്ലെങ്കിലും അച്ഛന്റെ ശിക്ഷണത്തിൽ വാളിന്റെ ഉപയോഗവും കുതിര സവാരിയും അഭ്യസിച്ചു. അമ്മ ചെറുപ്പത്തിൽ മരണപ്പെട്ടിരുന്നു. ആയോധനവിദ്യയിലെ പ്രാഗത്ഭ്യം ഝാൻസി റാണിയുടെ സൈന്യത്തിലെത്താൻ സഹായിച്ചു. താമസിയാതെ വനിതാ വിഭാഗത്തിന്റെ മേധാവി ആയി ഉയർന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം ഉച്ഛസ്ഥായിയിൽ എത്തിയ സമയമായിരുന്നു.
ഝാൻസി വിട്ടുകൊടുക്കാതിരിക്കാൻ ജീവൻ മരണ പോരാട്ടം നടക്കുന്ന സമയം.ഝാൻസി കീഴടക്കി ലക്ഷ്മിബായി യെ വധിച്ച് വിപ്ളവം അവസാനിപ്പിക്കാൻ ഫീൽഡ് മാർഷൽ ഹെന്രി റോസിന്റെ നേതൃത്വത്തിൽ കമ്പനി സൈന്യം ഝാൻസിയെ വളഞ്ഞു. താൻത്യ തോപ്പെയുടെ നേതൃത്വത്തിൽ കൽപിയിൽ നിന്നും നാനാസാഹിബ് പേഷ്വയുടെ സൈന്യം സഹായത്തിന് എത്തുന്നത് വരെ ഝാൻസിയുടെ കവാടങ്ങൾ തുറക്കരുതെന്ന് ലക്ഷ്മിബായി നിർദേശം കൊടുത്തിരുന്നു. എന്നാൽ ദുൽഹാ ജൂ എന്ന സൈനികൻ ഒറ്റുകാരനായി. താൻ കാവൽ നിന്ന ഓർഛാഗേറ്റ് ബ്രിട്ടീഷ് സൈന്യത്തിന് തുറന്നു കൊടുത്തു.
ഇരച്ച് കയറിയ ബ്രിട്ടീഷ് സൈന്യവും ഝാൻസിയുടെ സൈന്യവും തമ്മിൽ പോരാട്ടം തുടങ്ങി. വെറും 4000 സൈനികർ മാത്രമായിരുന്നു ഝാൻസിക്കുണ്ടായിരുന്നത്. റാണിയുടെ നേതൃത്വത്തിൽ മികച്ച പോരാട്ടം നടന്നെങ്കിലും വിജയിക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല. ഹെന്രിക് റോസിന്റെ കൂടാരത്തിനു മുൻപിൽ വച്ച് ഝാൻസി റാണി പിടിക്കപ്പെട്ടു. ഝാൻസി സൈന്യം കീഴടങ്ങി. എന്ത് ശിക്ഷയാണ് ഏറ്റ് വാങ്ങുന്നണ് എന്ന റോസിന്റെ ചോദ്യത്തിന് ‘തൂക്കി കൊല്ലൂ’ എന്ന് ഝാൻസി റാണി ഗർജിച്ചു. പരസ്യമായി ബ്രിട്ടീഷ് സൈന്യം ആ ശിക്ഷ നടപ്പാക്കി.
പുലർച്ചെ ഝാൻസി റാണിയുടെ ജഢം പരിശോധിക്കാൻ ബ്രിട്ടീഷ് സൈന്യം എത്തി. ശവശരീരത്തിലക്ക് നോക്കി കൂടെയുണ്ടായിരുന്ന ഒറ്റുകാരൻ ദുൽഹാ ജൂ ഭയന്ന് വിറച്ചുകൊണ്ട് പറഞ്ഞു.”ഇത് റാണി ലക്ഷ്മിബായി അല്ല,ജൽക്കാരി ബായി ആണ്! ” ബ്രിട്ടീഷ് അധികാരികൾ ഞെട്ടി. ആൾമാറാട്ടം നടന്നിരിക്കുന്നു! എന്താണ് സംഭവിച്ചത്?
ജീവനും ജീവിതവും നാടിന്റെ സ്വാതന്ത്ര്യത്തിനായി സമർപ്പിച്ച ആയിരക്കണക്കിന് ദേശാഭിമാനികളുടെ ത്യാഗത്തിൽ പടുത്തുയർത്തിയ പുണ്യഭൂമിയാണിത് . മരണം വരെ പോരാടിയവർ,മരിക്കുമെന്നറിഞ്ഞിട്ടും പോരാടി അനശ്വരരായാവരുടെ നാട്. അതിൽ നാം നന്ദിയോടെ സ്മരിക്കേണ്ട സ്ത്രീരത്നമാണ് ജൽക്കാരി ഭായ്. ഝാൻസി റാണിയുടെ വിധി സ്വയം ഏറ്റെടുക്കുകയായിരുന്നു ജൽക്കാരി ഭായ്.
യുദ്ധം നടക്കുമ്പോൾ സഹായം പ്രതീക്ഷിച്ചിരുന്ന നാനാ സാഹിബ് പേഷ്വയുടെ സൈന്യം പരാജയപ്പെട്ടതായും താൻത്യ തോപ്പേ ഗ്വാളിയോറിലേക്ക് കടന്നതായും വാർത്ത വന്നു. ഒറ്റക്ക് പിടിച്ചു നിൽക്കാൻ ആവില്ലെന്ന് ഝാൻസിക്ക് മനസ്സിലായി. ഝാൻസി റാണി പിടിക്കപ്പെട്ടാൽ മഹത്തായ ഈ വിപ്ളവം അവസാനിക്കും. പിൻവാങ്ങിയാൽ ഝാൻസി അനാഥമാകും. സൈന്യത്തിന്റെ മനോവീര്യം തകരും.
സൈനിക മേധാവികളുടെ ആലോചനയിൽ ജൽക്കാരി ഭായ് യുദ്ധം നയിക്കാൻ തീരുമാനിച്ചു. ഝാൻസി റാണി ആയിത്തന്നെ! ഝാൻസി വിട്ടുകൊടുക്കില്ലെന്ന് ഗർജിച്ചുകൊണ്ട് ജൽക്കാരി ഭായ് പട നയിച്ചു.റാണി ലക്ഷ്മിബായി ഗ്വാളിയോറിലേക്ക് രക്ഷപ്പെടുകയും ചെയ്തു. ഒരു ദിവസം നീണ്ട ജൽക്കാരി ഭായിയുടെ ചെറുത്ത് നിൽപ്പ് ഝാൻസി റാണിയെ സുരക്ഷിതയായി ഗ്വാളിയോറിൽ എത്തിച്ചു.
ഏത് അപമാനം ഭയന്നാണോ ഝാൻസി റാണി തന്റെ ശവശരീരം പോലും ബ്രിട്ടീഷ്കാർക്ക് വിട്ട് കൊടുക്കരുതെന്ന് ആഗ്രഹിച്ചത് അത് ജൽക്കാരി ഭായ് ഏറ്റു വാങ്ങി. മുറിവേറ്റ ജൽക്കാരി ഭായിയുടെ ശരീരം ബ്രിട്ടീഷ്കാർ പരസ്യമായി കെട്ടിത്തൂക്കി!
“മേ രഹൂ യാ നാ രഹൂ, ഭാരത് യെ രഹ്നാ ചാഹിയേ”