കാക്കിക്കുള്ളിലെ നന്മ പലപ്പോഴായി നമ്മള്‍ കേട്ടറിഞ്ഞതാണ്. കാക്കിയണിഞ്ഞ അമ്മ മനസിന്റെ വാത്സല്യവും ഇതിനിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അതുപോലെ, മനസിന് കുളിര്‍മ്മ നല്‍കുന്ന നന്മ വറ്റാത്ത മനസുകള്‍ ഇനിയും ഭൂമിയിലുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ബംഗളൂരുവില്‍ നിന്നും വീണ്ടും നമ്മെ തേടിയെത്തിയിരിക്കുന്നത്.
ബംഗളൂരുവില്‍ ജിവിവികെ കോളേജിന് സമീപം യെഹലങ്കയില്‍ വഴിയരികില്‍ നിന്ന് ലഭിച്ച ഒരു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒരമ്മ പോലീസ് പാലൂട്ടിയ വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.
തണുത്തുവിറച്ച് ഉറുമ്പുകള്‍ കടിച്ച നിലയിലാണ് കുഞ്ഞിനെ സിവില്‍ വാര്‍ഡന്മാര്‍ കണ്ടെടുത്ത് ആശുപത്രിയില്‍ എത്തിക്കുന്നത്. ആശുപത്രി അധികൃതര്‍ അറിയിച്ചതുപ്രകാരമാണ് സംഗീത എസ് ഹലിമാനി എന്ന വനിതാ കോണ്‍സ്റ്റബിള്‍ ആശുപത്രിയിലേക്ക് എത്തിയത്. വന്നയുടനെ കണ്ടതാകട്ടെ വിശന്നുകരയുന്ന കുഞ്ഞിനെയും, ഉടന്‍ മറ്റൊന്നും ആലോചിക്കാതെ ഡോക്ടറുടെ അനുമതിയോടെ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു ഈ അമ്മ പോലീസ്.
കുഞ്ഞിനെ കണ്ടപ്പോള്‍ പത്തുമാസം മാത്രം പ്രായമായ തന്റെ കുഞ്ഞുമകളെയാണ് ഓര്‍മ്മവന്നതെന്ന് സംഗീത പറയുന്നു. എങ്ങനെയാണ് ഇത്രയും പിഞ്ചുകുഞ്ഞിനെ വഴിയരികില്‍ കൊടുംതണുപ്പില്‍ ഉപേക്ഷിക്കാന്‍ മനസ് വന്നതെന്നും സംഗീത ചോദിക്കുന്നു. 2.7 കിലോ ഭാരമുള്ള കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയാണ്. തീവ്രമായ തണുപ്പേറ്റതിനാല്‍ ഹൈപ്പോതെര്‍മിയ കുഞ്ഞിന് ബാധിച്ചിരുന്നു. മുലപ്പാല്‍ കുടിച്ച് അമ്മയുടെ ചൂടേറ്റതോടെ ആ അവസ്ഥ മാറിയെന്ന് ഡോക്ടറുമാരും സാക്ഷ്യപ്പെടുത്തി.