ന്യൂഡല്‍ഹി: മോഡിയുടെ കുംഭമേള സ്‌നാനം എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്ന് തെളിയിച്ച് സോഷ്യല്‍ മീഡിയ. വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന അര്‍ധ കുംഭമേളയില്‍ പങ്കെടുത്ത് ഗംഗാ സ്‌നാനം നടത്തിയെന്ന രീതിയില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്.
ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് ‘വി സപ്പോര്‍ട്ട് നാഷണലിസം’ എന്ന ഫെയ്‌സ്ബുക്ക് പേജാണ്. നിരവധി ഫെയ്‌സ്ബുക്ക് പേജുകളും വ്യക്തികളും ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു.
എന്നാല്‍ അര്‍ധകുംഭമേളയില്‍ ഇതുവരെ പ്രധാനമന്ത്രി പങ്കെടുത്ത് ഗംഗാസ്‌നാനം നടത്തിയിട്ടില്ല. ആ ചിത്രങ്ങള്‍ വ്യാജമാണ്. ഇത് 2004ല്‍ എടുത്ത ചിത്രമാണ്. പക്ഷെ അത് കുംഭമേളയില്‍ പങ്കെടുത്തതല്ല, 2004 ല്‍ മധ്യപ്രദേശിലെ ഉജ്ജയ്‌നിയില്‍ നടന്ന ഉജ്ജയ്ന്‍ സിംഹസ്ഥ എന്ന ഹിന്ദു ആഘോഷത്തില്‍ പങ്കെടുത്ത മോഡിയുടെ ചിത്രങ്ങളാണ് പ്രയാഗ്‌രാജിലെ കുംഭമേളയില്‍ പങ്കെടുക്കുന്നതെന്ന തരത്തില്‍ പ്രചരിക്കുന്നത്.
ഈ ആഘോഷത്തില്‍ പങ്കെടുത്തത് മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ്. ഗൂഗിളിന്റെ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് എന്ന സംവിധാനം ഉപയോഗിച്ചാണ് മോഡിയുടെ കുംഭമേള സ്‌നാനം ടെക്കികള്‍ പൊളിച്ചടുക്കിയത്.