ഒരു കാലത്തു ഷാജി കൈലാസിനോളം ഹിറ്റുകൾ മലയാള സിനിമയിൽ തീർത്ത സംവിധായകർ കുറവാണു. മാസ്സ് സിനിമകൾ എന്നൊരു സംഗതി മലയാള സിനിമയിലേക്ക് കൊണ്ടുവന്നത് തന്നെ ഷാജി കൈലാസ് രഞ്ജിത് ടീം ആണ്. ആറാം തമ്പുരാൻ, നരസിംഹം, വല്യേട്ടൻ അങ്ങനെയുള്ള സിനിമകൾ മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളായി.
ഇതിൽ നരസിംഹം എന്നത് പ്രേക്ഷകര് അത്രമേൽ ഇഷ്ടപെട്ട, കൈയടിച്ച, ആർപ്പു വിളിച്ച സിനിമയാണ്.നരസിംഹത്തിൽ വളരെ കുറചു മിനിറ്റുകൾ മാത്രമേ ഉള്ളെങ്കിലും തന്റെ രംഗങ്ങൾ തകർത്തു വാരിയ ഒരു നടനുണ്ട്..മമ്മൂട്ടി. അഡ്വക്കേറ്റ് നന്ദഗോപാൽ മാരാർ ഒരുപക്ഷെ മലയാള സിനിമയിലെ തന്നെ ഏറ്റവും ശക്തമായ അഥിതി വേഷങ്ങളിൽ ഒന്നാണ്. മാരാരിരിക്കുന്ന തട്ട് പോലുള്ള കിണ്ണം കാച്ചിയ ഡയലോഗുകൾ തിയേറ്ററിൽ ഹർഷാരവം ആണ് സൃഷ്ടിച്ചത്.
ഈ ഗസ്റ്റ് റോളിലേക്ക് മമ്മൂട്ടി എങ്ങനെയാണു എത്തിയത് എന്ന് ഷാജി കൈലാസ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.“രണ്ടാം പകുതി എഴുതി കഴിഞ്ഞപ്പോൾ ആണ് നന്ദഗോപാൽ മാരാർ എന്ന അതി ശക്തനായ കഥാപാത്രത്തെ ആരു അവതരിപ്പിക്കും എന്ന ചിന്ത വന്നത്. സുരേഷ് ഗോപിയെ അടക്കം പല താരങ്ങളെ ആ വേഷത്തിൽ ചിന്തിച്ചു. ഒടുവിൽ മമ്മൂട്ടിയിൽ എത്തി. “ഞാൻ ഇത് ചെയ്തു തന്നാൽ നിങ്ങൾ എനിക്കെന്തു തരും? “എന്ന് അദ്ദേഹം ചോദിച്ചു. പകരം ഞങ്ങൾ മമ്മൂട്ടിക്ക് വേണ്ടി ഒരു സിനിമ ചെയ്തു തരാം എന്ന് പറഞ്ഞു. അങ്ങനെയാണ് നരസിംഹത്തിൽ അദ്ദേഹം എത്തുന്നത്. വല്യേട്ടൻ അതിനു ശേഷം ഉണ്ടായ പ്രൊജക്റ്റാണ്.”