നിരപരാധികളെ നിഷ്‌കരുണം കൊന്നുതള്ളിയ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ മൈക്കല്‍ ഒ ഡ്വയറിനെ ലണ്ടനിലെത്തി വെടിവെച്ചുകൊന്നുകൊണ്ട് ഇന്ത്യാ മഹാരാജ്യത്തിന്റെ ആതമാഭിമാനത്തിന് പകരക്കാരനായ വ്യക്തി. ധീരദേശാഭിമാനിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 78 വയസ്സ് തികയുന്നു.
പഞ്ചാബിലെ സംഗരുര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ 1899 ഡിസംബര്‍ 26 ന് ജനിച്ച ഉദ്ധം സിംഗിന് ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടമായി. ഇന്ത്യയുടെ സ്വാതന്ത്ര്യ ദാഹം കത്തിനില്‍ക്കുന്ന സമയത്ത് സഹോദരന്റെ സംരക്ഷണയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉദ്ധം സിംഗ് യുവജനപ്രസ്ഥാനങ്ങളിലേക്കിറങ്ങുകയായിരുന്നു. ലക്ഷ്യം ഇന്ത്യയുടെ സ്വാതന്ത്ര്യവും.
ഒരുപക്ഷേ ലോകത്തെ തന്നെ നടുക്കിയ പഞ്ചാബിലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്ന 1919 ഏപ്രില്‍ 13 നാണ് അതുവരെ മിതവാദത്വം മനസ്സില്‍ കൊണ്ടു നടന്ന ഉദ്ധം സിംഗെന്ന പത്തൊന്‍പതുകാരന്റെ മനസ്സില്‍ വെള്ളക്കാരോടുള്ള പകയുടെ നെരിപ്പോട് കത്തിത്തുടങ്ങിയത്.
ലക്ഷ്യത്തിന് വേണ്ടി 21 വര്‍ഷം കാത്തിരുന്ന ഉദ്ധം സിംഗ് ക്രൂരമായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ജനറല്‍ മൈക്കല്‍ ഒ ഡ്വയറിനെ 940 മാര്‍ച്ച് 13 ന് റോയല്‍ സൊസൈറ്റി ഓഫ് ഏഷ്യന്‍ അഫേഴ്‌സ് സംഘടിപ്പിച്ചിരിക്കുന്ന മീറ്റിംഗിനിടയില്‍ ലണ്ടനിലെ 10 ക്യാക്സ്റ്റണ്‍ ഹാളില്‍ വെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു.
കൊലപാതകത്തിനു ശേഷം സംഭവ സ്ഥലത്തു നിന്നും രക്ഷപെടാന്‍ ശ്രമിക്കാതിരുന്ന ഉദംസിംഗിനെ പോലീസ് അറസ്റ്റ് ചെയ്യുകയും 1940 ഏപ്രില്‍ 1 ന് ഡയറിനെ കൊന്ന കുറ്റം ചുമത്തി ഉദ്ധംസിംഗിനെ ബ്രിക്സ്റ്റണ്‍ ജയിലില്‍ അടച്ചു. വിചാരണകള്‍ക്കൊടുവില്‍ കോടതി മരണ ശിക്ഷയ്ക്ക് വിധിച്ച ഉദ്ധം സിംഗിനെ 1940 ജൂലൈ 31 ന് ഇംഗ്ലണ്ടിലെ പെന്റണ്‍ വില്ല ജയിലില്‍ വെച്ച് തൂക്കിലേറ്റി. മൃതദേഹം ജയിലിന്റെ മൈതാനത്ത് തന്നെ സംസ്‌കരിച്ചു.
ഓരോ ഭാരതീയൻ്റേയും അഭിമാനമായി മാറിയ ധീരദേശാഭിമാനിക്ക് ശതകോടി പ്രണാമങ്ങൾ