Breaking News
Home / Lifestyle / ആനവണ്ടിയും ആ യൂണിഫോമും തന്ന പോസിറ്റീവ് വൈബ്രേഷൻ ജീവിതത്തിലെ അവസാനത്തെ കണ്ടക്ടർ ഡ്യൂട്ടി

ആനവണ്ടിയും ആ യൂണിഫോമും തന്ന പോസിറ്റീവ് വൈബ്രേഷൻ ജീവിതത്തിലെ അവസാനത്തെ കണ്ടക്ടർ ഡ്യൂട്ടി

ചില യാത്രകളും സഹയാത്രികരും പങ്കുവയ്ക്കുന്ന നല്ലനിമിഷങ്ങൾ ജീവിതാന്ത്യം വരേയും നമുക്ക് കൂട്ടിനുണ്ടാകും. പുതിയ വ്യക്തികളെ പരിചയപ്പെട്ട് പുതിയ സ്ഥലങ്ങളെ പരിചയിച്ച് സാഹചര്യങ്ങളെ അടുത്തറിഞ്ഞുമൊക്കെയായിരിക്കും നമ്മുടെ ഓരോ യാത്രകളും

അത്തരം അനുഭവങ്ങൾ ആവോളം പങ്കുവയ്ക്കാനുണ്ടാകും ഒരു കെഎസ്ആർടിസി കണ്ടക്ടർക്ക്. അവരുടെ ദൈനം ദിന ജോലിയിൽ നിന്നും മാത്രം ഓർമ്മകളിലേക്ക് ചേർത്തു വയ്ക്കാവുന്ന ഒരായിരം സംഭവങ്ങളും വ്യക്തികളും ഒക്കെയുണ്ടാകും. പ്രിയ ജി വാര്യർ എന്ന കെഎസ്ആർടിസിയിലെ മുൻ കണ്ടക്ടർ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പും ഒരുപിടി ഓർമ്മകളിലേക്ക് വെളിച്ചം വീശുന്നവയാണ്. തന്റെ കണ്ടക്ടർ ജീവിതത്തിലെ അവസാന ഡ്യൂട്ടി ദിവസത്തെക്കുറിച്ചും യാത്രകൾ തനിക്കു നൽകിയ നിറമുള്ള ഓർമ്മകളെക്കുറിച്ചും പ്രിയ വാചാലയാകുന്നു. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ആനവണ്ടി ട്രാവൽ ബ്ലോഗാണ് സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തുന്നത്.

പ്രിയയുടെ കുറിപ്പിന്റെ പൂർണ രൂപം;

“ങ്ങടെ കയ്യിൽ ചില്ലറ ഇല്ലെങ്കിൽ അത് പറഞ്ഞാൽ പോരെ….. ഞാൻ തരില്ല്യേ….” കൈയ്യിൽ കൊടുത്ത മിഠായി തിരികെ നൽകാൻ ശ്രമിച്ച യാത്രക്കാരനോട് പറഞ്ഞു….. “മുത്തശ്ശാ…. ഇന്ന് KSRTC യിലെ ന്റെ അവസാനത്തെ പ്രവൃത്തി ദിവസാണ്… അതോണ്ടാ ല്ലാർക്കും മധുരം നൽകാം ന്ന് കരുത്യേ…” അന്ന് ആ ചോദ്യോത്തരങ്ങൾ പല ഭാവത്തിൽ പല രീതിയിൽ ബസിൽ ഓടിക്കളിച്ചു. അവസാനത്തെ പ്രവൃത്തി ദിവസം എല്ലാർക്കും മധുരം നൽകിയാണ് ബസിൽ നിന്നിറങ്ങിയത്…. അധികവും ആദ്യമായി കാണുന്നവർ. പലരും ന്നോട് യാത്ര പറഞ്ഞാണ് ബസിൽ നിന്ന് ഇറങ്ങിയത്.

KSRTC യിൽ ജോലി ചെയ്തിട്ട് ആ സ്ഥാപനത്തിനെന്ത് നൽകി എന്ന ചോദ്യത്തിന് മറുപടി….. ഇത് മാത്രമാണ് ചെയ്തത്…. ഇത് മാത്രം. ഡ്യൂട്ടി എടുത്തിട്ടുണ്ടെങ്കിൽ അതിന് തക്കതായ ശമ്പളം ഇത്തിരി വൈകിയാണെങ്കിലും കിട്ടാറുണ്ട്. അതെല്ലാം തൊഴിലിന്റെ ഭാഗം മാത്രം.

ഡ്യൂട്ടിക്കപ്പുറത്ത് യാത്രക്കാരെ KSRTC യോട് അടുപ്പിക്കുക എന്നതാണ് ഓരോ സഹപ്രവർത്തകന്റെയും ധർമ്മം. ന്റെ സുഹൃത്തുക്കൾ അങ്ങനെ തന്നാണ് ചെയ്യുന്നെ…. ഏറ്റവും വലിയ സമ്മാനമായ പുഞ്ചിരി അന്നെനിക്ക് എല്ലാവരിൽ നിന്നും കിട്ടി…. കാരണം അവരുടെ സങ്കൽപ്പത്തിൽ കൈയിലിരിക്കുന്ന മിഠായി KSRTC കൊടുത്തു വിട്ട സമ്മാനം പോലെയായിരുന്നു.

നിശ്ശബ്ദരായി യാത്ര ചെയ്യുന്നവർ പരസ്പരം സന്തോഷത്തിൽ സംസാരിക്കാൻ തുടങ്ങി…. സന്തോഷം അവർക്ക് വിട്ട് കൊടുത്ത് പുറത്തെ കാഴ്ചകൾ കണ്ടിരിക്കുമ്പോൾ മനസ്സിൽ തെളിഞ്ഞ മുഖം… ന്റെ ആത്മാർഥ സുഹൃത്തിന്റേതാണ്….. ന്റെ മനസ്സ് മനസ്സിലാക്കി കാണുന്നവർക്കെല്ലാം കൊടുക്കാൻ മിഠായി വാങ്ങിത്തന്ന ആത്മസുഹൃത്തിന്റെ മുഖം….. ങ്ങനെയാണ് അടുപ്പമുള്ള സൗഹൃദം, നമ്മുടെ ഓരോ ചലനവും കണ്ടറിഞ്ഞ് മനസ്സിലാക്കുന്നവർ.

ഊക്കൻ മഴ യക്ഷിമഴയാകുമ്പോ മരത്തിനിടയിൽ നിന്ന് പ്രാർത്ഥിക്കാറുണ്ട് “മഴയൊന്ന് മാറണേ”…ന്ന്. മഴ ശമിക്കുമ്പോൾ മാത്രമാണ് മഴ യാത്രയാകുന്നത്. പ്രാർത്ഥനയിലൂടെ ശാരീരികമായി മഴയിൽ നിന്ന് ലഭിക്കുന്ന തണുപ്പകലാറുണ്ട്…. പ്രാർത്ഥനകൾ ആത്മവിശ്വാസം കൂട്ടുമെന്നതിന് ന്റെ സഹപ്രവർത്തകർ കാണിച്ചുതന്ന പാത വർണ്ണനീയമാണ്. KSRTC ബസ് ഡിപ്പോയിൽ നിന്നിറങ്ങുമ്പോ പല ഡ്രൈവർമാരും ഖുറാനിലെ വചനങ്ങളോ, കുരിശുവരക്കുകയോ നാമം കൊല്ലുകയോ, മൗനമായിരിക്കുന്നതോ കാണാം. പ്രാർത്ഥനകൾ ആത്മവിശ്വാസം കൂട്ടുമെന്നതിന് വേറെന്തു ഉദാഹരണം വേണം.

സ്നേഹപാഠ്യം ഉള്ളിൽ ഒതുക്കി ബദ്ധപ്പാടിൽ വീണുപോകാത്ത മനസ്സോടെ മടുപ്പ് തോന്നാതിരിക്കുന്നു ഡ്രൈവർ എന്ന ജോലിയോടവർക്ക്. പല സ്ഥലങ്ങളിലും കണ്ടിട്ടുണ്ട്, ഇത്തിരിയെങ്ങാൻ ഡ്രൈവിങ് പഠിച്ചാൽ ഇരുചക്രവാഹനങ്ങളിൽ പിറകിൽ ആളെ ഇരുത്തി റോഡിലിറങ്ങുന്ന പലരേയും. ഇവരുടെ ശ്രദ്ധയില്ലാത്ത ഡ്രൈവിങ്ങിന്റെ പഴി കേൾക്കേണ്ടിവരുക അവസാനം KSRTC യിലെ ഡ്രൈവർമാർക്കായിരിക്കും.

ആ മുഖങ്ങളിൽ ഏറ്റവും കൂടുതൽ തെളിച്ചം മറ്റുള്ളവർക്ക് അനുഭവപ്പെടുന്നത് തിരിച്ച് ഡിപ്പോയിൽ യാത്ര അവസാനിപ്പിക്കാനായി പ്രവേശനകവാടത്തിൽ എത്തുമ്പോഴായിരിക്കും. എത്ര തിരക്കുണ്ടെങ്കിലും ആ സമയത്ത് ഞാനവരുടെ മുഖത്തേക്ക് നോക്കാറുണ്ട്. ആർക്കും കാണാത്ത സന്തോഷം ഒപ്പിയെടുക്കാൻ. ന്തൊക്കെ പ്രതിസന്ധിയുണ്ടേലും ഞങ്ങ കൂടെയുണ്ട്..

KSRTC യിലെ എന്റെ പ്രവൃത്തി ദിവസങ്ങൾ അവസാനിച്ചിരിക്കുന്നു. പല മേഖലകളിലേയും പോലെ സ്ത്രീകളെ ബഹുമാനിക്കുന്ന പുരുഷന്മാർക്കിടയിൽ ജോലി ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നു. നമ്മുടെ ബസും, യൂണിഫോമും എന്നിൽ ഉണ്ടാക്കിയ പോസിറ്റീവ് വൈബ്രേഷൻ ചെറുതല്ല. സ്വന്തം കൂടപ്പിറപ്പിനെ പോലെ എന്നെ ഡ്യൂട്ടിക്കിടയിൽ കരുതലോടെ നോക്കുന്ന ഡ്രൈവർമാരോടുള്ള നന്ദി വാക്കിൽ ഒതുങ്ങുന്നതല്ല…. സ്നേഹം മാത്രം.

വൈകിയ വേളകളിൽ ഡ്യൂട്ടി കഴിഞ്ഞു മടക്കത്തിൽ ശാരീരിക ക്ഷീണം അനുഭവപ്പെടുമ്പോൾ പാതയോരത്ത് ഇറങ്ങി ചായ കുടിക്കാൻ നിൽക്കുമ്പോൾ അവിടെ കൂടിയ ആൾകാർക്കിടയിൽ നിന്നു പഠിപ്പിച്ച കുട്ടികളുടെ രക്ഷിതാക്കളോ, നാട്ടുകാരോ, അയൽവാസികളോ കടന്നു വന്ന് ” ദ് മ്മടെ വാര്യത്തെ കുട്ട്യാ ” എന്ന് പറയുന്ന വാക്കിൽ ആ കുടിക്കുന്ന ചായയേക്കാൾ എനർജി കിട്ടും.

ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുമ്പോൾ ശ്രദ്ധിച്ചു പോണം എന്ന വാക്ക്‌ ഏതെങ്കിലും സുഹൃത്തുക്കളായ സഹപ്രവർത്തകരിൽ നിന്നു ഉണ്ടാകുമ്പോൾ ഒരു പുഞ്ചിരി മാത്രം മറുപടി നൽകും. അവർക്കറിയില്ലല്ലോ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ആനക്കര ഗവ :സ്കൂളിലേക്ക് പോകുമ്പോൾ കുന്നിൻ ചെരുവിലൂടെ മുക്കാൽ മണിക്കൂറോളം നടന്ന് സൗഹൃദത്തിന്റെ ദീപ്തമായ വർഷങ്ങൾ നിറഞ്ഞ സമയത്ത് ന്റെ പ്രിയ സുഹൃത്തുക്കൾ മുരളിയും സന്ദീപും എന്നിൽ ഉണ്ടാക്കിയ ധൈര്യത്തിന്റെ കണക്കു പാഠപുസ്തകങ്ങളിൽ നിന്നൊന്നും ലഭിക്കാത്ത അത്യപൂർവ സൗഹൃദത്തിന്റെ ആവേശം.

പുരുഷന്മാരെ അടച്ചാക്ഷേപിക്കുന്ന ഇന്നത്തെ കാലത്തു എനിക്ക് തോന്നിയിട്ടുള്ളത് ബസിൽ കയറുന്ന ഓരോ പാസ്സഞ്ചേഴ്സിന്റെ കണ്ണിലും നന്മ മാത്രമാണ് കണ്ടിട്ടുള്ളത്. KSRTC യിലെ എന്റെ സുഹൃത്തുക്കളായ എല്ലാ സഹപ്രവർത്തകർക്കും നന്ദിയോടൊപ്പം തുടർപ്രവത്തനത്തിനുള്ള ആശംസകളും നേരുന്നു. പ്രത്യേകിച്ച് കോഴിക്കോട് ഡിപ്പോക്കും പൊന്നാനി ഡിപ്പോക്കും. വളരട്ടെ ഈ പ്രസ്ഥാനം എന്നേക്കും എന്നന്നേക്കും. സ്നേഹപൂർവ്വം

പ്രിയ ജി വാരിയർ.

About Intensive Promo

Leave a Reply

Your email address will not be published.