വിറയ്ക്കുന്ന കാലുകളോടെ അയാൾ ആ കുന്നു കേറി.. കോരിച്ചൊരിയുന്ന ഇടവപ്പാതി മഴ. മിന്നലിന്റെ വെളിച്ചം, ഒരുപക്ഷെ ആദ്യമായിട്ടാകും അയാൾ അതിനെ ധൈര്യത്തോടെ നോക്കുന്നത്. കാലുകൾ നിലത്തുറക്കുന്നില്ല, ഒരുപക്ഷെ കുടിച്ച മദ്യത്തിന്റെ അളവ് കൂടിപോയിട്ടുണ്ടാകും അതുമല്ലെങ്കിൽ മരണം ഒരു കൈപ്പാടകലെ തയാറെടുത്തു നിൽക്കുന്നു എന്നുള്ള ബോധം കൊണ്ടുമാകാം. ഇടക്ക് പോക്കറ്റിൽ കൈയ്‌വച്ചു വിഷക്കുപ്പി അവിടെത്തന്നെ ഉണ്ടെന്നു അയാൾ ഉറപ്പുവരുത്തി. അരയിൽ പകുതി കുപ്പി മദ്യം ഇപ്പോളും ബാക്കിയുണ്ട്. മുകളിൽ എത്തുക, കുറെ നേരം കഴിഞ്ഞു പോയ നശിച്ച കാലം ഓർത്തെടുത്തു ഒന്നുറക്കെ കരഞ്ഞു അത് കുടിച്ച ഈ ലോകത്തോട് വിടപറയുക. അതുമാത്രമേ ഇനി അവശേഷിക്കുന്നോള്ളൂ…
ഒരു വലിയ മരത്തിന്റെ ചുവട്ടിൽ അയാൾ ഇരുപ്പുറപ്പിച്ചു… ആകാശത്തു മിന്നിമറയുന്ന മിന്നലിനെ നോക്കി അയാൾ നെടുവീർപ്പിട്ടു. എവിടെയാണ് തനിക്കു പിഴച്ചത്..! ഒരുപക്ഷെ ഭാര്യയോടുള്ള അമിതസ്നേഹമാകാം ഈ അവസ്ഥക്ക് കാരണം… അതുമല്ലേൽ അവൾ വഞ്ചിക്കില്ല എന്ന് ഉറപ്പിച്ചിരുന്നതിനാലാകാം… ഇനി എന്തായാലും പറഞ്ഞിട്ടു കാര്യമില്ല…. വിട പറയാൻ നേരമായി…. അരയിൽ നിന്നും മദ്യക്കുപ്പി എടുത്ത് വിഷം അതിൽ ചേർത്ത് കുടിക്കാൻ തയ്യാറായി…
ഒരു പെണ്ണിന്റെ കരച്ചിൽ…!!!!
തനിക്കു തോന്നിയതാണോ…!!! അതോ എല്ലാരും പറയാറുള്ളപോലെ മരണം അടുക്കുമ്പോ കേൾക്കുന്നതും കാണുന്നതുമായ ഒരു പ്രതിഭാസമോ…!! അല്ല….. അതൊരു പെണ്ണിന്റെ തേങ്ങൽ തന്നെ….!!
മദ്യക്കുപ്പി താഴെവെച് പതിയെ എഴുന്നേറ്റു അയാൾ ചുറ്റിനും നോക്കി, കരച്ചിൽ കേൾക്കുന്നത് തൊട്ടു മുന്നിൽ നിന്നുമാണ്.. കുറേക്കൂടി മുന്നിലേക്കു ചെന്ന് നോക്കിയപ്പോൾ മിന്നലിന്റെ വെളിച്ചത്തിൽ അയാളത് കണ്ടു…! ഒരു സ്ത്രീ രൂപം.. കുറേക്കൂടി അടുത്തേക് ചെന്ന് മിന്നലിന്റെ വെളിച്ചം തെളിഞ്ഞപ്പോൾ ആ മുഖത്തേക്കു സൂക്ഷിച്ചു നോക്കി… അതെ… പെണ്ണുതന്നെ… ഏറിയാൽ ഒരു 28 വയസ്സ് പ്രായം… ചുണ്ടിലും കവിളിലും അടിയേറ്റ പാടുകൾ… താഴെ കൊക്കയിലേക് നോക്കി നിന്ന് ഏങ്ങലടിച്ചു കരയുകയാണവൾ… മരിക്കാനാണ് താൻ വന്നതെങ്കിലും ആ കാഴ്ച അയാളെ ഒന്നു ഭയപ്പെടുത്തി… തന്റെ മരണത്തിനു മുൻപ് മറ്റൊരു മരണത്തിനു സാക്ഷി ആകേണ്ടി വരുമോ എന്നുള്ള ഒരു ഭയം അയാളെ കീഴ്പെടുത്തി.. നേരത്തെ കഴിച്ച മദ്യം മുഴുവനും ആവിയായ അവസ്ഥ.. എന്നാലും തന്റെ അവസ്ഥ വച്ച് നോക്കുമ്പോൾ അവൾക് നിസ്സാര പ്രശ്നമേ കാണു, എന്തായാലും തന്റെ കണ്മുൻപിൽ അവളെ മറിക്കാൻ വിട്ടുകൂടാ….
“ആരാ നീ..? എന്താ നിനക്ക് പറ്റിയത്…? നീയും ആത്‍മഹത്യ ചെയ്യാൻ വന്നതാണോ….?” അയാൾ ചോദിച്ചു.
മഴ ചെറുതായി ഒന്ന് ശമിച്ചുകഴിഞ്ഞിരുന്നു. അപ്പോളും മിന്നലിന്റെ വെളിച്ചം ഇടക്കിടക്ക് ചിതറുന്നുണ്ടാരുന്നു.
അയാൾ അവളെ കൂട്ടിക്കൊണ്ടുവന്നു മരത്തിന്റെ ചുവട്ടിൽ ഇരുത്തി.
“ഈ ലോകത്തു ഞാൻ അനുഭവിച്ച അത്ര പ്രശനം നിനക്കുണ്ടെന്നു തോന്നുന്നില്ല, നീ എന്തിനാ മരിക്കാൻ തയ്യാറായി വന്നത്…? എന്താ നിന്റെ പ്രശ്നം..? നിന്റെ മുഖത്തെ അടിയേറ്റ ഈ പാടുകൾ…! ആരാ നിന്നെ ഉപദ്രവിച്ചത്…?” അയാൾ ചോദിച്ചു.
“എന്റെ പേര് രേഷ്മ. ഈ കുന്നിന്റെ അപ്പുറത്തെ ഗ്രാമത്തിലാണ് വീട്. ഭർത്താവുണ്ട്. നാല് വയസ്സുള്ള ഒരു മകളും ഉണ്ട്. അയാളുടെ പീഡനം സഹിക്കാനാവാതെ ആത്‍മഹത്യ ചെയ്യാൻ വന്നതാണ്.” തേങ്ങിത്തേങ്ങി അവൾ പറഞ്ഞു.
അയാൾ ഒരു നിമിഷം അവളെത്തന്നെ നോക്കി ഇരുന്നു, എന്നിട്ടു ഭയപെടുത്തുമാറ് പൊട്ടിച്ചിരിച്ചു…
അവൾ കാരണം അന്വേഷിച്ചു. അയാൾ തന്റെ കഥ പറഞ്ഞുതുടങ്ങി…
വിവാഹം കഴിഞ്ഞു മൂന്നു വർഷമായി… കുട്ടികൾ ഇല്ല, പക്ഷെ അവളുടെ സ്നേഹത്തിലും സാമിപ്യത്തിലും ആ വിഷമം തന്നെ വലുതായി അലട്ടിയില്ല.. അവൾ… ശ്രീലക്ഷ്മി… പേരുപോലെ തന്നെ ഐശ്വര്യം ഉള്ളവൾ. തന്റെ ഒരു കാര്യത്തിനും അവൾ കുറവ് വരുത്തിയില്ല. അച്ഛന്റേം അമ്മയുടേം മരണശേഷം തനിക്കെല്ലാം അവളാരുന്നു. സിറ്റിയിൽ നിന്നും മാറി ഒരു സ്ഥലത്താരുന്നു ഞങ്ങൾ താമസിച്ചത്. ഒരുപാട് കടകളോ തിരക്കുകളോ ഇല്ലാത്ത ഒരു സ്ഥലം. താൻ രാവിലെ ജോലിക്കു പോയാൽ തിരിച്ചു വരുന്നതുവരെ അവൾ തന്നെയും കാത്തു രുചിയുള്ള ആഹാരങ്ങൾ ഒകെ തയ്യാറാക്കി വച്ച് നോക്കിയിരിക്കുമാരുന്നു. അങ്ങനെ ഒരു ദിവസം ഞങ്ങൾ താമസിക്കുന്ന വീടിന്റെ അപ്പുറത് ഒരു പുതിയ താമസക്കാരൻ വന്നു. ഒരു ഫാഷൻ ഡിസൈനർ എന്നാണവൻ പരിചയപ്പെടുത്തിയത്. ഒരു മാസംകൊണ്ട് ഞങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദം ഉണ്ടായി. ഇടയ്ക്കു കഴിക്കാൻ അവനെ വീട്ടിലേക്കു ക്ഷണിക്കുമാരുന്നു. ചില ദിവസങ്ങളിൽ അവൾ അവനുള്ള ഭക്ഷണം അവിടെ കൊണ്ട് കൊടുക്കുമാരുന്നു.
ഒരു ദിവസം ഉച്ചക്ക് ഞാൻ തലവേദന കാരണം നേരത്തെ വന്നു. അവനുള്ള ഭക്ഷണം എടുത്തു വച്ചിട്ട് അവൾ പുറത്തു ഉണക്കാനിട്ട തുണിയെടുക്കാൻ പോയപ്പോ വെറുതെ ആ പാത്രം തുറന്നു നോക്കി. അതിൽ എനിക്ക് പോലും താരത്തെ അവൾക്കു കഴിക്കാൻ ആണെന്നുംപറഞ്ഞ് അവൾ മാറ്റിവച്ച തീയൽ കണ്ടു. മറ്റു രണ്ടു പത്രത്തിലും നോക്കിയപ്പോൾ ഞാൻ കഴിക്കാത്ത വിഭവങ്ങളാരുന്നു പലതും. എല്ലാം അവൾ അവനു വേണ്ടി ഉണ്ടാക്കിയത്. വിശ്വസിക്കാൻ പ്രയാസം തോന്നി. അതടച്ചു വച്ചിട് ഒന്നും അറിയാത്തപോലെ ഞാനിരുന്നു.. അവൾ പോയി ഭക്ഷണം കൊടുത്തിട് വേഗം വന്നു.
“എന്നും നീയിപ്പോ അവനു ഇവിടുന്നാണോ കൊടുക്കുന്നത്”
“അല്ല ഇന്ന് അവൻ ഒന്നും ഉണ്ടാക്കിയില്ലെന്നു പറഞ്ഞപ്പോ കൊടുത്തതാ”
“ഓഹ് ശെരി..”
പക്ഷെ ഒരു സംശയം മനസ്സിനെ പിടിമുറുക്കിയിരുന്നു. പിറ്റേന്ന് പതിവുപോലെ ഞാൻ ജോലിക്കു പോയി. അവിടെച്ചെന്നു ലീവ് എഴുതികൊടുത്തിട്ടു ഞാൻ വീടിനടുത്തു വെറുതെ ചുറ്റിനിന്നു. ഒരു 12 മണി ഒക്കെയായപ്പോൾ അവൾ അവനുള്ള ഭക്ഷണവുമായി പോകന്നത് കണ്ടു. ഞാൻ നേരെ വീട്ടിൽ ചെന്ന് പൂമുഖത്തു അവളെ കത്ത് നിന്ന്.. നേരം കുറെ ആയിട്ടും കാണാഞ്ഞു ഞാൻ അവന്റെ വീട്ടിലേക്കു ചെന്ന് വാതിലിൽ മുട്ടി. കുറെ നേരത്തിനു ശേഷം അവൻ വാതിൽ തുറന്നു. ഞാൻ അവനെ തള്ളിമാറ്റി അകത്തേക്കു ചെന്നപ്പോൾ കണ്ട കാഴ്ച..!! ഒരു ബെഡ്ഷീറ് മാത്രം വാരിചുറ്റി എന്റെ ശ്രീ….!! ഞാൻ ഈ ലോകത്തുവച്ചു ഏറ്റവും കൂടുതൽ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത എന്റെ ഭാര്യ… അവൾ വേറൊരാളുമായി…!! ഛീ… ഭൂമി പിളർന്നു താഴോട്ട് പോയിരുന്നേൽ എന്ന് ആശിച്ചുപോയി.. എല്ലാം നഷ്ടപെട്ടവനെ പോലെ തിരിച്ചു ജീവച്ഛവം പോലെ ഞാൻ വീട്ടിൽ വന്നു കേറി. കുറച്ചു കഴിഞ്ഞു അവളും വന്നു.. ഒന്നും മിണ്ടിയില്ല, അവളുടെ ഡ്രസ്സ് ഒകെ ഒരു ബാഗിലാക്കി എന്നോട് യാത്ര പോലും പറയാതെ അവൾ അവനൊപ്പം ഇറങ്ങിപ്പോയി. എന്റെ ശ്രീ… ഞാൻ ജീവനെപോലെ സ്നേഹിച്ചവൾ…
ഇന്നലെ അവളുടെ ശവം മംഗലാപുരത്തിനു അടുത്തുന്നു കിട്ടി. ആരൊക്കെയോ ചേർന്നു കൂട്ടമാനഭംഗം ചെയ്ത നിലയിൽ ആരുന്നു. അവന്റെ ആവശ്യം കഴിഞ്ഞപ്പോൾ അവൻ കൂട്ടുകാർക്കു കാഴ്ച വച്ചിട്ടുണ്ടാകും. ഞാൻ കാണാൻ പോയില്ല. ഇന്നലെയാണ് ഞാൻ ആത്മഹത്യയെ കുറിച്ച ചിന്തിച്ചത്. ആർക്കും വേണ്ടാതെ എന്തിനിങ്ങനെ…
” അല്ല… നീയെന്തിനാ… നിനക്കൊരു മകളുണ്ടെന്നല്ലേ പറഞ്ഞത്..?!!
“അതെ… അവൾക്കു വേണ്ടിയാണ് ഞാൻ ഇതുവരെ എല്ലാം സഹിച്ചത്, ഇനി വയ്യ…”
“പക്ഷെ അപ്പൊ അവളുടെ കാര്യമോ…?”
അവൾക്കുത്തരം ഉണ്ടായില്ല…
കുറെ നേരത്തെ നിശബ്ദതയ്ക്കു ശേഷം അയാൾ സംസാരിച്ചു…
“ഞാൻ എല്ലാം നഷ്ടപ്പെട്ട് മരിക്കാൻ വന്നതാണ്. പക്ഷെ നിമിത്തംപോലെ നീ വന്നു, നീയും മരിക്കാൻ വന്നവൾ.. നിനക്കൊരു മകളും ഉണ്ട്. ജീവിക്കാൻ കുറച്ചു മോഹം എന്റെയുള്ളിൽ ബാക്കിയുണ്ട് ഇപ്പോളും, അത് മനസ്സിൽ വച്ച് ഞാൻ നിന്നോടൊരു കാര്യം ചോദിച്ചോട്ടെ..?”
“എന്താ..?”
“നിന്നേം മകളേം ഞാൻ നോക്കിക്കോളാം, നിനക്ക് സമ്മതമാണേൽ.. അവളെ എന്റെ സ്വന്തം മകളെപ്പോലെ വളർത്തിക്കോളാം.. നമുക്കൊരുമിച്ചു ജീവിച്ചൂടെ..??”
“എന്റെ മകളെ സ്വന്തം മകളെപ്പോലെ കാണാൻ നിങ്ങള്ക്ക് പറ്റുമോ?”
“തീർച്ചയായും”
തെല്ലുനേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു… “അങ്ങനെയെങ്കിൽ ഞാൻ മരിക്കുന്നില്ല, നിങ്ങളും മരിക്കണ്ട. നാളെ രാവിലെ വീട്ടിൽ വരൂ, നമുക്ക് എന്റെ അച്ഛനോടും അമ്മയോടും സംസാരിച് തീരുമാനിക്കാം…”
“ശെരി സമ്മതം…”
“എങ്കിൽ ഞാൻ പോകുന്നു, എന്റെ മകളെ ഇനി സ്വന്തം മകളെപ്പോലെ നിങ്ങൾ വളർത്തും എന്ന പ്രതീക്ഷയിൽ”.. അവൾ തിരിച്ചു പോയി…
എന്തെന്നില്ലാത്ത ഒരു സന്തോഷം അയാൾക് അനുഭവപെട്ടു.. വിധി.. അത് വളരെ വിചിത്രം തന്നെ.. മരിക്കാൻ തീരുമാനിച്ച താൻ നാളെമുതൽ ഒരു പാവം പെണ്ണിന്റെ ഭർത്താവാകുന്നു, അവളുടെ കുഞ്ഞിന്റെ അച്ഛനാകുന്നു… കയ്യിലിരുന്ന മദ്യക്കുപ്പി അയാൾ ദൂരെ കൊക്കയിലേക്ക് വലിച്ചെറിഞ്ഞു.. നിറകണ്ണുകളോടെ അയാൾ ആ കുന്നിറങ്ങി.. നാളെ പുതിയൊരു ജീവിതം തന്നെ കാത്തിരിക്കുന്നു…
*****************************************
അതിരാവിലെ തന്നെ അയാൾ കുളിച്ചു റെഡിയായി യാത്രയായി.. ആ കുന്നിനപ്പുറമുള്ള ഗ്രാമത്തിലേക്കു.. അയാൾക്കായി കാത്തിരിക്കുന്ന ആ പെൺകുട്ടിക് വേണ്ടി, അവളുടെ മക്കൾക്കുവേണ്ടി. ഒരു റിക്ഷ പിടിച് അയാൾ അവൾ പറഞ്ഞ അടയാളം വച്ച് ഒരു വീട്ടിലെത്തി.. റിക്ഷക്ക് കാശ് കൊടുത്ത് അയാൾ ആ വീട്ടിലേക്കുള്ള വഴിയേ നടന്നു.
ഓടിട്ട ഒരു പഴയ വീട്. മുറ്റം നിറയെ കരീലകൾ. വീടിന്റെ നിൽപ് കണ്ടാൽ ഏതു നിമിഷവും നിലം പൊത്താൻ തയ്യാറായപോലെ.. മുറ്റത്തു ഒരു കൊച്ചു പെൺകുട്ടി നിൽക്കുന്നുണ്ട്. ഒരു പ്രായം ചെന്ന സ്ത്രീയും കൂടെ ഉണ്ട്.. അവളുടെ അമ്മയും മകളും ആരിക്കണം അത്, അയാൾ ഊഹിച്ചു. വീടിനകത്തൂന്ന് ഒരു വൃദ്ധൻ വെളിയിലേക്കു വന്നു.
“ആരാ…? എന്തുവേണം…?” വൃദ്ധൻ ചോദിച്ചു..
“ഇത് രേഷ്മയുടെ വീടല്ലേ…?”
“അതെ…” “എന്താ കാര്യം…?”
“രേഷ്മേ ഒന്ന് കാണാൻ വന്നതാ, രേഷ്മ ഒന്നും പറഞ്ഞില്ലേ, ഇന്നലെ ഞങ്ങൾ തമ്മിൽ കണ്ടാരുന്നല്ലോ..!”
വൃദ്ധനും പ്രായം ചെന്ന സ്ത്രീയും പരസ്പരം നിർവികാരവും ഭയവും നിറഞ്ഞ ഒരു നോട്ടം നോക്കി.
“മോൻ ആരാ..? എവിടുന്നാ…? രേഷ്മേ എങ്ങനാ പരിചയം..!!??”
അയാൾ തലേന്ന് നടന്ന സംഭവങ്ങൾ എല്ലാം വിശദീകരിച്ചു… “എനിക്കവളെ വിവാഹം ചെയ്തു തരണം, ഞാൻ പൊന്നുപോലെ അവളേം അവളുടെ മകളേം നോക്കിക്കോളാം” ഇതുപറഞ്ഞ് അയാൾ മകളെ ചേർത്ത് നിർത്തി..
വൃദ്ധൻ ഒന്നും മിണ്ടാതെ അയാളുടെ കയ്യ് പിടിച്ചു ആ വീടിന്റെ അകത്തളത്തിലേക്കു കൊണ്ടുപോയി..
“ഇതാണോ മോൻ പറഞ്ഞ രേഷ്മ” ഭിത്തിയിലെ മാലയിട്ട ഫോട്ടോയിലേക്കു ചൂണ്ടി അയാൾ ചോദിച്ചു..
അയാൾക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല…. “എന്തായിത്…!!!!!!!! എനിക്കൊന്നും മനസ്സിലാകുന്നില്ല…!!!! രേഷ്മ.. രേഷ്മ… അവൾ….. എങ്ങനെ…..!!” ശ്യാമിന് വാക്കുകൾ കിട്ടിയില്ല…
“ഇതാണ് ഞങ്ങളുടെ മകൾ രേഷ്മ. ഒരു വര്ഷം മുൻപ് ഒരു രാത്രി ഭർത്താവിന്റെ ഉപദ്രവം സഹിക്കാനാവാതെ ഇറങ്ങി ഓടിയ അവൾ ആ കുന്നിൻപുറത്തൂന്നു ചാടി ആത്‍മഹത്യ ചെയ്തു. ഇന്നലെ അവൾ മരിച്ചിട്ട് ഒരു വര്ഷം തികഞ്ഞു മോനെ..”
അയാൾക് തലകറങ്ങുന്നപോലെ തോന്നി, ഭൂമി കീഴ്മേൽ മറിയുന്നു.. ആരൊക്കെയോ ചുറ്റും നിന്ന് പരിഹസിക്കുന്നു.. കരച്ചിലുകൾ… തേങ്ങലുകൾ…
മുഖത്ത് വെള്ളം വീണപ്പോളാണ് അയാൾ കണ്ണ് തുറന്നത്. മുന്നിൽ ആ വൃദ്ധനും സ്ത്രീയും മകളും. അയാൾ പതിയെ കഴിഞ്ഞതൊക്കെ ഓർമിച്ചു. കൂട്ടുകാർ പ്രേതകഥകൾ പറയുമ്പോ അതിനെ പരിഹസിച്ച താൻ ഇന്നലെ….. അത് ഓർക്കാൻ അയാൾ ഭയപ്പെട്ടു…. പക്ഷെ അവൾക്കു കൊടുത്ത വാക്ക്… അവളുടെ മകൾ… അതെ… അവൾ തന്നോട് അപേക്ഷിക്കുകയായിരുന്നു…. അവളുടെ മകൾക് ഇനി താൻ വേണം.. തനിക് അവളും….. അയാൾ മകളെ മാറോടു ചേർത്ത്…
ആരോ വന്നു തഴുകിയപോലെ ഒരു ഇളം കാറ്റ് അവരെ തഴുകി കടന്നുപോയി……