Breaking News
Home / Lifestyle / ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങില്ല എംഎല്‍എയോ എംപിയോ ആകില്ല

ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങില്ല എംഎല്‍എയോ എംപിയോ ആകില്ല

തിരുവനന്തപുരം: തന്റെ ജോലി താന്‍ ചെയ്തു കൊണ്ടിരിക്കുകയാണെന്നും തിരുവനന്തപുരത്തു ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാകുന്നതിനെക്കുറിച്ചു അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്നും സൂപ്പര്‍താരം മോഹന്‍ലാല്‍.
‘വളരെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണു പ്രധാനമന്ത്രിയുമായി നടത്തിയത്. വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്റ്റിനെക്കുറിച്ചു അറിയിക്കാന്‍ വേണ്ടിയായിരുന്നു അത്. മുന്‍പു മറ്റു പാര്‍ട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പല തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

അപ്പോഴെല്ലാം ഇതുപോലെ പലതും പുറത്തുവന്നിട്ടുണ്ടെന്നും താനിപ്പോള്‍ ജോലി ചെയ്യുകയാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. മോദിയുടെ കൂടിക്കാഴ്ചയും തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിത്വും ചര്‍ച്ചയായപ്പോള്‍ ലാലിനോട് സുഹൃത്തുക്കളും കാര്യങ്ങള്‍ തിരക്കി. ഒരിക്കലും താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങില്ലെന്നും എംഎല്‍എയോ എംപിയോ ആകില്ലെന്നുമായിരുന്നു ലാല്‍ അവര്‍ക്ക് നല്‍കിയ മറുപടി. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്താല്‍ പോലും പദവി സ്വീകരിക്കില്ലെന്ന നിലപാടിലാണ് ലാല്‍.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും നന്ദി പറഞ്ഞ് മോഹന്‍ലാല്‍ വീണ്ടും ട്വീറ്റ് എഴുതി. മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മോദി ട്വിറ്ററില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. മോഹന്‍ലാലിനെയും അദ്ദേഹത്തിന്റെ സമൂഹ്യസേവനങ്ങളെയും പ്രശംസിച്ചായിരുന്നു മോദിയുടെ ട്വീറ്റ്. മോഹന്‍ലാലിന്റെ വിനയഭാവം സ്‌നേഹം ജനിപ്പിക്കുന്നതാണെന്ന് പറഞ്ഞ മോദി അദ്ദേഹത്തിന്റെ നാനാമുഖമായ സേവന പ്രവര്‍ത്തനങ്ങളെയും പ്രകീര്‍ത്തിച്ചു.

തുടര്‍ന്ന് മോദിയോട് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍, ‘എന്നെ ശ്രദ്ധിച്ചതിനും സാമൂഹ്യപ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചതിനും നന്ദി. ഈ പരീക്ഷണകാലത്ത് കേരളത്തിനൊപ്പം നിന്നതിന് ഞങ്ങളുടെ നന്ദി. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഇനിയും സഹായിക്കുമെന്ന അങ്ങയുടെ ഉറപ്പിനും നന്ദി. പ്രണാമം, ബഹുമാനം.’- മോഹന്‍ലാല്‍ കുറിച്ചു.

മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് താരം പ്രധാനമന്ത്രിയെ കണ്ടത്. നവകേരള സൃഷ്ടിക്കായി എല്ലാ പിന്തുണയും മോദി അറിയിച്ചെന്ന് മോഹന്‍ലാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം കുറിച്ചു. ആര്‍എസ്എസ് നേതാക്കളുമായും ലാലിന് അടുത്ത ബന്ധമുണ്ട്. വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തില്‍ ലാലിനെ സഹായിക്കുന്നതും ആര്‍ എസ് എസ് നേതൃത്വമാണ്.

ഫൗണ്ടേഷന്‍ ചില ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി ഇടുന്നുണ്ട്. ഇതിന് പ്രധാനമന്ത്രിയുടെ പിന്തുണ അനിവാര്യമാണ്. ഇതിന് വേണ്ടിയായിരുന്നു ലാല്‍ മോദിയെ കണ്ടത്. മുമ്പ് പലവട്ടം മോദിയെ കാണാന്‍ സമയം ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേര്‍ക്കും സൗകര്യപ്രദമെന്ന നിലയില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയത്.

പ്രധാനമന്ത്രിയെ കാണുമ്പോഴേ ഇത്തരമൊരു രാഷ്ട്രീയ ചര്‍ച്ച സജീവമാകുമെന്ന് ലാല്‍ മനസ്സില്‍ കണ്ടിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ താരത്തെ അലോസരപ്പെടുത്തുന്നില്ല. ചില ദേശീയ മാധ്യമങ്ങളാണ് ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ബിജെപിയുടെ ആഗ്രഹം മാത്രമാകും അത്.

അല്ലാതെ ലാല്‍ രാഷ്ട്രീയത്തില്‍ സജീവമാകില്ല. സിനിമ തന്നെയാണ് ഇപ്പോഴും ലാലിന് പ്രിയം. നിരവധി മലയാള സിനിമകളിലും തമിഴ് സിനിമയിലും ലാല്‍ അഭിനയിക്കുന്നു. സൂര്യമായി ചേര്‍ന്ന് അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റേയും ലൂസിഫറിന്റേയും തിരക്കിലാണ് ലാല്‍. കോളേജ് കാലത്ത് തന്നെ ലാല്‍ രാഷ്ട്രീയം വിട്ടതാണെന്നും സുഹൃത്തുക്കള്‍ പറയുന്നു. വിശ്വശാന്തി ട്രസ്റ്റും അതുമായുള്ള ആര്‍ എസ് എസ് നേതാക്കളുടെ ഇടപെടലുകളേയും രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് ലാല്‍ സുഹൃത്തുക്കളുടെ വിശദീകരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ മോഹന്‍ലാലിനോട് ആവശ്യപ്പെടാന്‍ ബിജെപി തീരുമാനിച്ചതായാണ് സൂചന. സംസ്ഥാന ആര്‍ എസ് എസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മോഹന്‍ലാലിനോട് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. മോഹന്‍ലാലിന് താല്‍പ്പര്യമുണ്ടെങ്കില്‍ ബിജെപി ടിക്കറ്റ് നല്‍കാമെന്നും അറിയിക്കും.

അതിലെന്തെങ്കിലും തടസ്സം പറഞ്ഞാലോ എന്ന് കരുതിയാണ് ലാലിനോട് സ്വതന്ത്രനായി മത്സരിക്കാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെടാനൊരുങ്ങുന്നത്. കേരളത്തില്‍ പ്രമുഖര്‍ ബിജെപിക്കൊപ്പം അടുക്കുന്നുവെന്ന സന്ദേശം പുറംലോകത്ത് നല്‍കാന്‍ മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ കഴിയുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

വിശ്വശാന്തി ഫൗണ്ടേഷനെ നയിക്കുന്നതും കാര്യങ്ങള്‍ ചെയ്യുന്നതും ആര്‍എസ്എസ് നേതൃത്വത്തിലുള്ളവരാണ്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിയെയാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ പ്രധാനമായും സഹായിക്കുന്നത്. ആര്‍എസ്എസ് സംസ്ഥാന നേതൃത്വവുമായി മോഹന്‍ലാല്‍ ഏറെ അടുപ്പത്തിലുമാണ്.

അമൃതാന്ദമയീ മഠവുമായി ബന്ധമുള്ളവരാണ് ലാലിനെ ആര്‍എസ്എസുമായി അടുപ്പിച്ചത്. ഈ അടുപ്പം ബിജെപിക്ക് അനുകൂലമായി മാറുന്ന തരത്തിലെത്തിക്കാനാണ് നീക്കം. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി അമിത് ഷാ നിയമിക്കാന്‍ ആഗ്രഹിച്ചത് കെ സുരേന്ദ്രനെയാണ്. എന്നാല്‍ ആര്‍എസ്എസ് നിര്‍ബന്ധത്തിന് വഴങ്ങി പിഎസ് ശ്രീധരന്‍ പിള്ള അധ്യക്ഷനായി. ഈ സമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം ആര്‍എസ്എസിന് നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സാധ്യത ആര്‍എസ്എസ് തേടുന്നത്.

മോദിയോട് മോഹന്‍ലാലിന് എതിര്‍പ്പൊന്നുമില്ല. പ്രിയദര്‍ശനും സുരേഷ് കുമാറും അടക്കമുള്ള മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കള്‍ ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ആര്‍എസ്എസ് ചാനലായ ജനം ടിവിയുടെ ചെയര്‍മാനാണ് പ്രിയദര്‍ശന്‍. ഇതെല്ലാം മോഹന്‍ലാലിനെ ബിജെപി പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയാക്കി മാറ്റുമെന്നാണ് ആര്‍എസ്എസ് പ്രതീക്ഷ.

സംഘപരിവാറിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ലാല്‍ സന്നദ്ധനാകുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലാല്‍ മത്സരിച്ചില്ലെങ്കിലും അവര്‍ക്ക് പരിഭവം ഉണ്ടാകില്ല. ഈ സാഹചര്യത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ലാലിനെ ലോക്‌സഭയിലേക്ക് കലാകാരന്‍ എന്ന നിലയില്‍ നോമിനേറ്റ് ചെയ്യാനും ആവശ്യപ്പെട്ടേക്കും. സുരേഷ് ഗോപി എംപിയായത് ഇങ്ങനെയാണ്. സുരേഷ് ഗോപിയുടെ കാലാവധി കഴിയുമ്പേള്‍ മോഹന്‍ലാല്‍ എന്നതാണ് അവരുടെ നിലപാട്. എന്നാല്‍ ഇത്തരം വാര്‍ത്തകളെ അപ്രസക്തമാക്കിയാണ് തന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് മോഹന്‍ലാല്‍ വിശദീകരിക്കുന്നത്.

About Intensive Promo

Leave a Reply

Your email address will not be published.