വലിയ കൊട്ടി ഘോഷവും മേളവും ആരവങ്ങളുമൊന്നുമില്ലാതെ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ജോസഫ്. ആകെ പറയാൻ ഉള്ളത് സഹ നട വേഷത്തിൽ മാത്രം അഭിനയിച്ചു കണ്ടിട്ടുള്ള ജോജു എന്ന നടന്റെ ആദ്യ നായക വേഷവും വിജയങ്ങളേക്കാൾ പരാജയങ്ങൾ കൈമുതലായി ഉള്ള പദ്മകുമാറിന്റെ സംവിധാനവും. ആരും ഒരു അത്ഭുതവും പ്രതീക്ഷിച്ചില്ല.
ബോക്സ് ഓഫീസിനെ ഒന്നുരുത്തി നോക്കിയിട്ട് മിണ്ടാതെ പടിയകലുന്ന സ്ഥിരം കൊച്ചു ചിത്രങ്ങളിൽ ഒന്നായി ഇതിനെയും പലരും കരുതി.ജോസഫ് പക്ഷെ ബോക്സ് ഓഫീസിൽ കുറിച്ചത് ചരിത്രമായിരുന്നു. പതിയെ ഷോകൾ മുഴുവൻ ഹൌസ്ഫുൾ ആയി. ചിത്രം അക്ഷരാർഥത്തിൽ ഒരു സ്ലീപ്പർ ഹിറ്റായി മാറി. ജോസഫിന്റെ റീലിസിനു ശേഷം ചെറുതും വലുതുമായ ഒത്തിരി റീലീസുകൾ മലയാള സിനിമ കണ്ടു. പക്ഷെ എന്നിട്ടും ജോസഫ് വിജയകുതിപ്പ് തുടർന്നു.
വമ്പൻ റീലീസുകളെ തുടർന്ന് നിർബന്ധപൂർവം പല സെന്ററുകളിൽ നിന്ന് മാറ്റപ്പെട്ടിട്ടും ബാക്കിയുള്ള സെന്ററുകളിൽ ഹൌസ് ഫുൾ ഷോകളുമായി ജോസഫ് മികവ് തുടർന്നു.ഇപ്പോൾ ചിത്രത്തിന്റെ ഒഫീഷ്യൽ പേജിലൂടെ പ്രേക്ഷകരോട് ഒരു ചോദ്യവുമായി ജോസഫിന്റെ അണിയറ പ്രവർത്തകർ എത്തിയിരിക്കുകയാണ്. ചിത്രത്തിന് ഒരു റീ റീലീസ് വേണോ എന്നുള്ള ഒരു പോളുമായി ആണ് ഔദ്യോഗിക ഫൈസ്ബൂക് പേജിലൂടെ അവർ എത്തിയിരിക്കുന്നത്. വോട്ടിംഗ് അടിസ്ഥാനപ്പെടുത്തി ജോസഫ് റീ റീലീസ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കും.